ഗര്‍ഭിണിയായ ഭാര്യവീട്ടില്‍ തനിച്ചാണെന്നുള്ള കഴിയുന്നത്ര വേഗതയില്‍ ബൈക്കോടിച്ച്‌ പോകുകയായിരുന്നു

ചെറുകഥ
ഷൈനി.

ആദ്യ ഭാര്യ.

കാലം തെറ്റി പെയ്‌ത അതിഘോര മഴയില്‍ നനഞ്ഞു കുതിര്‍ന്ന്‌ വേഗത്തില്‍ നടന്നു പോകുന്ന പെണ്ണുടല്‍ അയാളില്‍ യാതൊരു വികാരവുമുണ്ടാക്കിയില്ല.

ഗര്‍ഭിണിയായ ഭാര്യ വീട്ടില്‍ തനിച്ചാണെന്നുള്ള ആധിയോടെ അയാള്‍ കഴിയുന്നത്ര വേഗതയില്‍ ബൈക്കോടിച്ച്‌ പോകുകയായിരുന്നു.

കഠിനമായ ഇടിമുഴക്കങ്ങളും വളഞ്ഞു പുളഞ്ഞ മിന്നലുകളും തന്റെ ഭാര്യയെ എത്രമാത്രം ഭയപ്പെടുത്തുമെന്ന്‌ അയാള്‍ ചിന്തിച്ചു.
പണ്ടേ പേടിത്തൊണ്ടിയാണവള്‍.
മാത്രവുമല്ല ഈ നാടും പ്രകൃതിയുമൊന്നും അവള്‍ക്കും തനിക്കും വലിയ പരിചയവുമില്ല.

ഇങ്ങോട്ടു ട്രാന്‍സ്‌ഫര്‍ കിട്ടി വന്നിട്ട്‌ ഒരുമാസം ആകുന്നതേയുള്ളു.
മഴയില്‍ കുതിര്‍ന്നു നടക്കുന്ന സ്‌ത്രീയെ കടന്ന്‌ അയാള്‍ മുന്നോട്ട്‌ പോയി.
കുറച്ചു ദൂരം കടന്നു പോയിക്കഴിഞ്ഞാണ്‌ ഈ സന്ധ്യാ സമയത്ത്‌ ഈ വിജനമായ വഴിയില്‍ ഒരു യുവതി ഒറ്റപ്പെട്ടു പോയാലുണ്ടാകുന്ന അപകടത്തെ കുറിച്ച്‌ അയാള്‍ ചിന്തിച്ചത്‌.

ഒരുപക്ഷേ നാളെ പത്രത്താളുകളില്‍ ആരൊക്കെയോ പിച്ചിച്ചീന്തിയെറിഞ്ഞ ഒരു വാര്‍ത്തയായേക്കാം അവള്‍.
ആ ചിന്തയ്‌ക്കൊടുവില്‍ ബൈക്ക്‌ നിര്‍ത്തി അവള്‍ അടുത്തു വരാനായി അയാള്‍ കാത്തു നിന്നു.

മഴയിരമ്പത്തിലും അവളുടെ ഉടലില്‍ നനഞ്ഞൊട്ടിയ സാരിയുടെ കരകര ശബ്ദമറിഞ്ഞു.
നന്നേ ഭയന്നു പോയ ആ പെണ്ണ്‌ തന്നെ ശ്രദ്ധിക്കാത്ത മട്ടില്‍ കടന്നു പോകാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ പിന്നില്‍ നിന്നും വിളിച്ചു.
” പെങ്ങളേ.. വിരോധമില്ലെങ്കില്‍ ഞാന്‍ വീട്ടില്‍ കൊണ്ടു ചെന്നാക്കാം.. പേടിക്കണ്ട.. വിശ്വസിക്കാം”
ശബ്ദത്തിലെ മാന്യത തിരിച്ചറിഞ്ഞാവാം അവള്‍ തിരിഞ്ഞു നോക്കി.
അപ്പോഴാണ്‌ താന്‍ അവളെ സംബോധന ചെയ്‌ത പെങ്ങളേ എന്ന വാക്കിന്റെ നിരര്‍ത്ഥകത അയാള്‍ മനസിലാക്കിയത്‌.
അത്‌ അവളായിരുന്നു.
അഭിരാമി.
അയാളുടെ ആദ്യ ഭാര്യ.

ഏറെക്കാലത്തിനു ശേഷം അയാള്‍ ഇപ്പോള്‍ വിടര്‍ന്ന പാരിജാതപ്പൂവു പോലെ വെണ്‍മയും നിഷ്‌കളങ്കതയുമുള്ള ആ മുഖം കണ്ടു.
വല്ലാത്തൊരു കുട്ടിത്തമായിരുന്നു അവള്‍ക്ക്‌ പണ്ടും.
വിവാഹരാത്രിയില്‍ ഒരു ബാലികയെ അനുസ്‌മരിപ്പിക്കുന്ന ആ മുഖം പിടിച്ചുയര്‍ത്തി തിളച്ചു പൊന്തിയ കൗതുകത്തോടെ അയാള്‍ ചോദിച്ചിരുന്നു.
” നിനക്കെത്ര വയസായി.. പന്ത്രണ്ടോ.. പതിമൂന്നോ..”
” പതിനെട്ട്‌.. ” എന്ന്‌ പറഞ്ഞ്‌ അവള്‍ ശബ്ദമുണ്ടാക്കാതെ ചിരിക്കുകയായിരുന്നു.
ജാതകദോഷം കൊണ്ടാണത്രേ അവളുടെ അച്ഛന്‍ പതിനെട്ടായപ്പോഴേക്കും അവളുടെ വിവാഹം നടത്തിയത്‌.
“അഭീ ” എന്നു വിളിക്കുമ്പോള്‍ സ്വര്‍ണക്കൊലുസുകള്‍ കിലുക്കി അവള്‍ ഓടി വരുമായിരുന്നു.

ഹെല്‍മറ്റിനകത്ത്‌ അയാളുടെ മുഖം അവള്‍ക്ക്‌ മനസിലായില്ല.
അതു തിരിച്ചറിഞ്ഞ്‌ അയാള്‍ അതൂരിയെടുത്തപ്പോള്‍ അഭിരാമിയും അന്തംവിട്ടു നിന്നു.
അരുണേട്ടന്‍.
അയാളെങ്ങനെ അവിടെ എത്തിയെന്ന്‌ അവള്‍ക്കു മനസിലായില്ല.
അവളും ആ നാട്ടില്‍ താരതമ്യേന പുതുമുഖമായിരുന്നു.
പുനര്‍വിവാഹിതയായി ഇവിടെയെത്തിയിട്ട്‌ എട്ടുമാസമാകുന്നതേയുള്ളു.
അങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ അവള്‍ അരുണേട്ടന്റെ വീടിന്റെ ഇറയത്തിരുന്ന്‌ ചാറ്റല്‍മഴ നനഞ്ഞതോര്‍മ്മിച്ചു.
അയാളുടെ നെഞ്ചിലേക്ക്‌ ചാരിക്കിടന്നാണവള്‍ മഴ മുഴുവന്‍ നനഞ്ഞത്‌.
അവളുടെ ഇളംമഞ്ഞസാരിയാകെ മഴത്തുള്ളികള്‍ വീണ് സുതാര്യമായിരുന്നു.
താടിത്തുമ്പില്‍ നിന്നും കഴുത്തടിയിലേക്ക്‌ നൂണ്ടുപോകുന്ന അയാളുടെ ചുംബനങ്ങളും കണ്ണുകളിലെ കാമനയും അവള്‍ മഴപ്പാളികള്‍ക്ക്‌ അപ്പുറത്തു നിന്നും വീണ്ടും സങ്കല്‍പിച്ചു. അവൾക്ക് വല്ലായ്മ തോന്നി.

അയാള്‍ ബൈക്ക്‌ ഉരുട്ടി അവളുടെ അടുത്തേക്ക്‌ കൊണ്ടു ചെന്ന്‌ നിര്‍ത്തി.
” അടുത്താണോ വീട്‌” എന്ന്‌ ചോദിച്ചപ്പോള്‍ അവള്‍ തലകുനിച്ചു നിന്നു.
” വേഗം പറയൂ.. വല്ലാതെ നനയുന്നു. ഒരു മഴക്കോട്ടു പോലുമില്ല. ” അയാള്‍ ധൃതിപ്പെട്ടു.
” ഒരു മൈല്‍ കൂടിയുണ്ട്‌.. ”
അവള്‍ പറഞ്ഞു.
” കള്ളിയാട്ട്‌ പോയി വരികയാണ്‌. അല്‍പ്പം താമസിച്ചു പോയി. ഇവിടെ വന്നിറങ്ങിയപ്പോള്‍ വല്ലാത്ത മഴ.”
കള്ളിയാട്ട്‌ അവളുടെ വീടാണ്‌.
ഒരിക്കല്‍ അയാള്‍ അവിടുത്തെ മരുമകനായിരുന്നു.
ഇപ്പോള്‍ അന്യനും.

” തനിച്ചെന്താ പോന്നത്‌.. നിന്റെ ആള്‍ കൂടെയില്ലേ”
മഴത്തുള്ളികള്‍ക്കൊപ്പം അവളുടെ നെറ്റിയിലാകെ ഒലിച്ചു പടര്‍ന്ന സിന്ദൂരത്തരികളിലേക്ക്‌ നോക്കി അയാള്‍ ചോദിച്ചു.
അവളുടെ നെറുകയിൽ അവൾ മറ്റൊരാൾക്ക് വേണ്ടി തൊട്ട സിന്ദൂരം അയാളുടെ ഹൃദയം വേദനിപ്പിച്ചു . ആ കാഴ്ചയിൽ ഉറഞ്ഞ നോവ് മനസിൽ രക്തക്കറപോലെ പടര്‍ന്നു.
അതു കൊണ്ട്‌ അവള്‍ മറുപടി പറഞ്ഞത്‌ അയാള്‍ കേട്ടില്ല.
അയാള്‍ ഓര്‍ക്കുകയായിരുന്നു.
ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി അവളുടെ സീമന്തരേഖയില്‍ ഒരു നുള്ള്‌ സിന്ദൂരം തൊട്ടത്‌.
നീയെന്റേതാണ്‌ എന്നു അവളുടെ കണ്ണുകളിലേക്ക്‌ നോട്ടമാഴ്‌ത്തി പറയാതെ പറഞ്ഞത്‌.
കൈ ഉയര്‍ത്തി അവള്‍ ഹാരം തന്റെ കഴുത്തിലണിയിക്കുമ്പോള്‍ ചുവന്ന പട്ടിനിടയിലൂടെ അവളുടെ നിലാവ്‌ പോലെയുള്ള അണിവയര്‍ ആദ്യമായി കണ്ടത്‌.
അപ്പോള്‍ ഉടലാകെ ഒരു തരിപ്പ്‌ പിടച്ചുകൊണ്ടോടിപ്പോയത്‌.

അവള്‍ മഴ നനഞ്ഞു തന്നെ നില്‍ക്കുകയായിരുന്നു.
എന്തു കൊണ്ടോ അയാള്‍ ഓര്‍ത്തെടുത്ത അതേ അനുഭവങ്ങള്‍ തന്നെയായിരുന്നു അവളും ഓര്‍ത്തുകൊണ്ടു നിന്നത്‌.
“ഏഴുമണിയാകുന്നതേയുള്ളു. പക്ഷേ.. എട്ടുമണി രാത്രിയുടെ ഇരുളല്‍”
എന്തെങ്കിലും പറയാനായി അയാള്‍ പറഞ്ഞു.
മഴ അപ്പോഴേക്കും നേര്‍ത്തു നേര്‍ത്ത്‌്‌ ഇല്ലാതായിത്തുടങ്ങി.
” എന്നെ ഭയമില്ലെങ്കില്‍ കയറാം” എന്ന്‌ അയാള്‍ ഒരിക്കല്‍ കൂടി ക്ഷണിച്ചു.
ഭയന്നും വിറച്ചും ഇരുവശവും കാടുപടലങ്ങളുള്ള ടാറിട്ട നാട്ടിടവഴിയിലൂടെ ഓടി വന്നതു കൊണ്ടാവാം തടസമൊന്നും പറയാതെ അവള്‍ കയറിയത്‌.
കഴിയുന്നത്ര സ്‌പര്‍ശിക്കാതെ അകലമിട്ട്‌ അവളിരുന്നു.

അപ്പോള്‍ ആ നേര്‍ത്ത ഇരുട്ടിലും പഴയതു പോലെ അയാള്‍ റിയര്‍വ്യൂ മിററിലൂടെ അവളുടെ മുഖം കാണാന്‍ ശ്രമിച്ചു.
വിവാഹത്തിന്റെ പിറ്റേന്നാണ്‌ അയാള്‍ നേരത്തെ ബുക്ക്‌ ചെയ്‌തു വെച്ചിരുന്ന ബൈക്ക് വീട്ടിലേക്ക്‌ കൊണ്ടുവന്നത്‌.
പിന്‍സീറ്റില്‍ അവളെയുമിരുത്തി എഴുന്നെള്ളത്തു പോലെയൊരു ഡ്രൈവിംഗ്‌.
ആ വാഹനത്തില്‍ ആദ്യം അവള്‍ കയറണമെന്നായിരുന്നു ആഗ്രഹം.
കണ്ണാടിയിലൂടെ കണ്ട അവളുടെ മന്ദഹാസത്തിലേക്ക്‌ ഉറ്റുനോക്കി ഊട്ടിയിലേക്ക്‌ എത്രയോ കിലോമീറ്റര്‍ ആ ബൈക്കും ഓടിച്ചു പോയെന്ന്‌ അയാള്‍ അപ്പോഴും അതിശയപ്പെടുകയായിരുന്നു.
അവരുടെ ഹണിമൂണ്‍ യാത്ര.

അങ്ങനെയിരിക്കുമ്പോള്‍ എപ്പോഴോ അവളുടെ നനഞ്ഞ ശരീരത്തിന്റെ ചൂട്‌ തന്റെ ശരീരവുമായി ഒന്നൊട്ടിച്ചേര്‍ന്നു.
ഒരു ഉള്‍ത്തരിപ്പിന്റെ തംരംഗങ്ങള്‍ വീണ്ടും അയാളിലൂടെ കടന്നു പോയി.
ഓര്‍മ്മയില്‍ അവള്‍ അപ്പോള്‍ തൂവെണ്‍മയുള്ള രാത്രി വസ്‌ത്രമണിഞ്ഞ്‌ കിടക്കയില്‍ അയാളിലേക്ക്‌ ഉരുകിയുരുകി വീഴുകയായിരുന്നു.
അവരുടെ ആദ്യരാത്രി.
കൈക്കുടന്നയില്‍ ഒരു കുമ്പിള്‍ അമ്പിളിക്കലപോലെ അവളുടെ മുഖം കോരിയെടുത്ത്‌ കണ്ണിമയ്‌ക്കാതെ നോക്കിയിരുന്നത്‌ അയാള്‍ ഓര്‍ത്തു.
ഒരിക്കലും ഒരിക്കലും പിരിയില്ലെന്നും മരണത്തിനല്ലാതെ വേര്‍പെടുത്താനാവില്ലെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് നേരം വെളുപ്പിച്ച മധുമധുരമായ എത്രയോ രാത്രികള്‍.

പിന്നെപ്പിന്നെ അവര്‍ക്കിടയില്‍ വളര്‍ന്നു വളര്‍ന്നു വലുതായ ചെറിയ ചെറിയ സൗന്ദര്യപിണക്കങ്ങളും കോടതി വരാന്തയിലെ മുഷിപ്പന്‍ കാത്തു നില്‍പ്പുകളും വാക്കുകള്‍ കൊണ്ട് നൊന്തും നോവിച്ചും പൊരുതിയ കൗണ്‍സിലിംഗുകളും അയാൾ ഓര്‍ത്തു.
അവളും.
ദുർവാശികൾക്കും വഴക്കുകൾക്കും എരിവും പുളിയും പകർന്ന് രണ്ടു കുടുംബങ്ങളും അവർക്കൊപ്പം പങ്കു ചേർന്നിരുന്നു.
പിടിവാശികൾ മാത്രം ബാക്കിയാക്കിയ നരകമായിരുന്നു ജീവിതം.
തമ്മില്‍ തമ്മില്‍ ചേരാനാവാതെ മരവിപ്പുകള്‍ മാത്രം ബാക്കിയാക്കിയ വാക്കുകളും ശരീരങ്ങളുമായിരുന്നു അന്നൊക്കെ അവര്‍.
യാദൃശ്ചികമായിരിക്കാം അവളും അതുതന്നെയായിരുന്നു ഓര്‍ത്തു കൊണ്ടിരുന്നത്‌.
ഒപ്പുകള്‍ കൊണ്ട്‌ താലിച്ചരടറുത്ത്‌ ബദ്ധവൈരികളേപ്പോലെ അകന്നകന്നു പോയത്‌ അവരോര്‍മ്മിച്ചു.
തെറ്റ്‌ ആരുടേതായിരുന്നു.
അയാള്‍ക്ക്‌ തിരിച്ചറിയാനായില്ല.
അവള്‍ക്കും.

ഇപ്പോഴുള്ള ഈ പക്വതയിൽ ഇത്രയേറെ മധുരമായി ആ കഴിഞ്ഞ ദിനരാത്രങ്ങളെ കോര്‍ത്തുവെച്ചിരുന്നെങ്കില്‍ തമ്മില്‍ ഒരിക്കലും അകലാന്‍ കഴിയില്ലായിരുന്നുവല്ലോ എന്ന്‌ രണ്ടുപേരും ചിന്തിക്കുകയായിരുന്നു.
” ഇന്നലെ റൂം ഒന്നടുക്കിപ്പെറുക്കി വെച്ചപ്പോള്‍ നിന്റെയാ നീലക്കല്‍ മോതിരം കിട്ടി”
നിറഞ്ഞു പെയ്‌ത മൗനത്തിനിടെ അയാള്‍ പറഞ്ഞു.
എന്നിട്ടതെന്തു ചെയ്‌തുവെന്ന്‌ എന്തോ ഒരു കുതിച്ചുചാട്ടത്തോടെ അവളുടെ മനസ്‌ ചോദിച്ചു.
മറുപടി കിട്ടാഞ്ഞിട്ടും അയാള്‍ പറഞ്ഞു.
” സാന്ദ്ര കാണാതെ ഞാനത്‌ സൂക്ഷിച്ചു വെച്ചു.. എന്തോ.. അങ്ങനെ ചെയ്യണമെന്ന്‌ തോന്നി. ”
എവിടെയാണ്‌ നമുക്ക്‌ നമ്മെ നഷ്ടപ്പെട്ടതെന്ന്‌ അവളുടെ ഹൃദയം വിലപിച്ചു കൊണ്ടിരുന്നു.
അയാളും അതുതന്നെ ചിന്തിച്ചു.

വല്ലാതെ ആര്‍ദ്രയാകുമ്പോഴെല്ലാം അയാളുടെ പുറത്ത്‌ മുഖം അമര്‍ത്തിവെക്കുകയും ചുംബനങ്ങള്‍ കൊണ്ട്‌ പൊതിയുകയും അതിനൊപ്പം ഇരുകൈകളും കൊണ്ട്‌ അയാളെ ആലിംഗനം ചെയ്യുകയുമായിരുന്നു അവളുടെ പതിവ്‌.
എന്തുകൊണ്ടോ അത്‌ ആവര്‍ത്തിക്കണമെന്ന്‌ അവള്‍ക്ക്‌ തോന്നി.
അയാള്‍ക്കും.
പക്ഷേ ഇരുവരും ആത്മനിയന്ത്രണത്തിന്റെ ചരടില്‍ സ്വയം ബന്ധിച്ചു.
അവള്‍ ചൂണ്ടിക്കാട്ടിയിടത്ത് ബൈക്ക്‌ നിര്‍ത്തുമ്പോള്‍ അയാള്‍ പറഞ്ഞു.
” എന്തൊരു വൈരുദ്ധ്യാത്മകത.. വെട്ടിമുറിച്ചാല്‍ തീര്‍ത്തും അറ്റുപോകുന്നത് ഭാര്യാഭര്‍തൃബന്ധം മാത്രമാണ്‌ അല്ലേ”
അവള്‍ വെറുതേ ചിരിച്ചു.

…………………………………….

മോളെ നീ പോകരുത് പ്രേമിച്ചു കല്യാണവും കഴിച്ചു മൂന്നുമാസം ആകുന്നതിനു മുൻപേ പിണങ്ങി ഇറങ്ങിപ്പോയാൽ

എനിക്ക് വയ്യ നിങ്ങളുടെ വഴക്കും കേട്ട് ഇവിടെ നിലക്കാൻ ,എന്ത് ചെയ്താലും കുറ്റം ,നിങ്ങള്ക്ക് നിങ്ങളുടെ ‘അമ്മ പറയുന്നതാണ് വേദവാക്യം

അതേടി എനിക്ക് അങ്ങനെയേ പറ്റൂ ,,നിനക്ക് പറ്റില്ലെങ്കിൽ നീ എവിടേക്കാണ് എന്നുവെച്ചാൽ പൊക്കോ

അതെ കല്യാണത്തിന് മുൻപ് തേനേ പാലെ എന്നുവിളിച്ചു എന്നെ മയക്കിയിട്ടു എനിക്കിതുകിട്ടണം ,,അന്നേ എൻ്റെ വീട്ടുകാര് പറഞ്ഞതാ നമുക്ക് ഈ ബന്ധം വേണ്ട മോളെ എന്ന്

പിന്നെ എന്നെപ്പോലൊരു മണ്ടനല്ലാതെ നിന്നെകെട്ടാൻ കല്ട്ടര് സായിപ്പുവരുമായിരുന്നു ,,ഡൈലോഗടിക്കാണ്ട് ഒന്നുപോടി

ഞാൻ ഇനി ഒരുനിമിഷം ഇവിടെ നിൽക്കില്ല എന്നെ വേണ്ടാത്ത ഈ വീട്ടിൽ ഞാൻ എന്തിനു നിൽക്കണം

മോളെ അനു നീ പോകരുത് പ്രേമിച്ചു കല്യാണവും കഴിച്ചു മൂന്നുമാസം ആകുന്നതിനു മുൻപേ പിണങ്ങി ഇറങ്ങിപ്പോയി എന്ന് നാട്ടുകാരറിഞ്ഞാൽ കളിയാക്കിച്ചിരിക്കാൻ വേറൊന്നും വേണ്ട ,,എടാ രമേശാ അനുവിനെ വിളിക്കെടാ അമ്മയാ പറയുന്നത്

വേണ്ടമ്മേ അവളുടെ അഹങ്കാരം മാറ്റി വെച്ചിട്ടു ഇവിടെ നിൽക്കുന്നെങ്കിൽ നിലക്കട്ടെ ,,എന്റെ എല്ലാ കുറവുകളും സാമ്പത്തിക ബാദ്യതകളും എല്ലാം തുറന്നു പറഞ്ഞുതന്നെയാണ് ഞാൻ അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത് ,ഇന്നിട്ടും ഒന്നുമറിയാത്തപോലെ അവളുടെ ഓരോരു ആർഭാടങ്ങള് ആവശ്യങ്ങള് ,,കൂടാതെ ആഴ്ചക്കു ആഴ്ചക്കു അവളുടെ വീട്ടിലേക്കുള്ള യാത്ര ,കുറെ ആയി ഞാൻ സഹിക്കുന്നു ഇനി എനിക്ക് വയ്യ

എല്ലാവരെയും ദയനീയമായി ഒന്നുനോക്കി നടന്നുനീങ്ങുന്ന അനുവിനെ കണ്ടപ്പോൾ രമേശന്റെ മനസ്സും ഒന്നുപിടച്ചു ,എങ്കിലും പുറത്തുകാണിച്ചില്ല

എന്താടാ രമേശാ നിന്റെ മുഖത്തൊരു വാട്ടം വൈകുന്നേരം വന്നപ്പോൾ മുതൽ ഞാൻ കാണുന്നതാ ,,എന്താ എന്തുപറ്റി ? മാസങ്ങളായി രണ്ടെണ്ണം അടിക്കാത്ത നീ ഇപ്പോൾ നല്ല കീറാണല്ലോ കീറിയത്

ഒന്നും പറയണ്ടടാ ഹരീ ,,ഒന്നും രണ്ടും പറഞ്ഞു അനുവുമായി സീനായി ,,അവള് പിണങ്ങി വീട്ടിലും പോയി

എന്ത് പണിയാട നീ കാട്ടിയെ ?ചങ്കായി സ്നേഹിച്ചിട്ടു മൂന്നുമാസം ആകുന്നതിനു മുൻപേ ,ശേ നാണക്കേട് ,,

അവളിപ്പോഴും എന്റെ ചങ്കിൽ തന്നെ ഉണ്ടെടാ ,എങ്കിലും ഞാൻ വല്ലതും പറഞ്ഞാൽ അവള് പോകാൻ പാടുണ്ടോ ,,അവളെ ഞാനല്ലാതെ വേറെ ആരാ ശകാരിക്കാൻ ,,ഞാൻ എന്തെങ്കിലും പറഞ്ഞൂന്നുവെച്ചു അവളങ്ങനെ പോകാൻ പാടുണ്ടോ ,,എനിക്ക് സഹിക്കാൻ പറ്റുന്നില്ലെടാ

ഒന്നുപോടാ കോപ്പേ ,,ഈ സാധനം അകത്തുകയറിയാൽനിന്റെ ഒക്കെ മനസ്സിലുള്ള സ്നേഹം മൊത്തം പുറത്തുവരും ,,അല്ലാത്ത സമയം മനസ്സിലുള്ള സ്നേഹം മസിലുപിടിച്ചു ഉള്ളിൽ തന്നെ ഇട്ടു പൂട്ടും ,,,നിങ്ങൾ പരസപരം സ്നേഹിച്ചു കെട്ടിയതല്ലേ മുൻപ് നീ പെരുമാറിയ രീതികളിൽ നിന്നും ഒരു പാടുമാറ്റങ്ങൾ വന്നപ്പോൾ അവൾക്കും സഹിക്കാൻ പറ്റികാണില്ല ,,

എനിക്കിപ്പോൾ അവളെ കാണണം ,,അവളില്ലാതെ എനിക്ക് പറ്റില്ലെടാ ,,,

ഇനി ഈ തരിപ്പിന്റെ പുറത്തു അവളുടെ വീട്ടിലേക്കു പോയി ഉള്ള വിലയും കൂടി കളയേണ്ട ,,നാളെ പോയി അവളെ കൂട്ടി കൊണ്ടു വാ

അനു ജീവിതത്തിലേക്ക് കടന്നു വന്ന ഈ മൂന്നുമാസത്തിൽ ഒരിക്കൽ പോലും മദ്യപിച്ചു വീട്ടിൽ കയറിയിട്ടില്ല ..ഇന്ന് അമ്മയുടെ വായിലിരിക്കുന്നതു മുഴുവൻ കേൾക്കേണ്ടി വരും എന്ന് മനസ്സിലാക്കിത്തന്നെയാണ് പൂമുഖത്തേക്കു കടന്നത് ,സാധാരണ ഈ സമയത്തു അമ്മയോട് വർത്തമാനം പറഞ്ഞു തന്റെ വരവും കാത്തു അവളും ഇവിടെ ഉണ്ടാകേണ്ടതാണ് ,,,കാര്യമായ എന്തൊക്കെയോ നഷ്ടപ്പെട്ടത് പോലെ

ഇന്ന് കുടിച്ചിട്ടാണ് വന്നത് അല്ലെ ?,എനിക്കറിയാമായിരുന്നു നീ ഇന്ന് നാലുകാലിലെ വരൂമെന്നു ,,,എന്തൊക്കെയടാ രാവിലെ നീ ഇവിടെ കാട്ടിക്കൂട്ടിയത് ?

അത് അമ്മെ ,അവള് പിന്നെ ഞാൻ പറയുന്നത് എതിർത്ത് പറഞ്ഞപ്പോൾ എനിക്ക് ദൈഷ്യം വന്നു ,,അവൾക്കു ഒന്ന് ഞാൻ പറയുന്നതുകേട്ടു മിണ്ടാതിരുന്നാൽ പോരെ ?എന്തിനാ എന്നെ ശുണ്ടി പിടിപ്പിക്കാൻ നിൽക്കുന്നത്

അതെന്താ നിനക്ക് മാത്രമേ ദൈഷ്യം പിടിക്കാൻ പാടുള്ളു ,അവളും ഒരു മനുഷ്യ സ്ത്രീ അല്ലെ ,,ഇഷ്ടപെടാത്തതു കേൾക്കുമ്പോൾ പൊള്ളുന്ന മനസ്സു തന്നെയാണ് എനിക്കും അവൾക്കും എല്ലാവര്ക്കും ഉള്ളത് ,,ഭർത്താവു പറയുന്നതൊക്കെ അനുസരിച്ചു ജീവിക്കുന്ന പെണ്ണാണെങ്കിലും അവൾക്കും കുറച്ചു മര്യദയൊക്കെ കൊടുക്കണം അത് ഒരിക്കലും ഒരുകുറവല്ല ,,അവിടെയാണ് നിന്നെപോലുള്ളവരുടെ കുറച്ചു ഈഗോ ഒക്കെ കാറ്റിൽ പറത്തേണ്ടത് ,,നിന്നെ പോലുള്ളവർ ഒരു കാര്യത്തെ കാണുന്നത് അവരുടെ വീക്ഷണങ്ങളിൽ മാത്രമാണ് ,,അവൾ ആഴ്ച്ചക്കു ആഴ്ചക്കു വീട്ടിൽ പോകുന്നത് അവൾക്കു സന്തോഷിക്കാനല്ല ,,അവളുടെ കൃഷി സ്ഥലത്തുനിന്നും കൊണ്ടുവരുന്ന തേങ്ങയും പച്ചക്കറിയും ഒക്കെയാ ഇവിടെ വെക്കുന്നത് അറിയോ നിനക്കു ?മാസത്തിൽ ഏഴായിരം രൂപയാകുന്ന പലചരക്കു കടക്കാരന്റെ കഴിഞ്ഞ മാസത്തെ പറ്റു വെറും ആയിരത്തഞ്ഞൂറു രൂപയായിരുന്നു ,,അതിൽ നിന്നുകിട്ടുന്ന മിച്ചം കൊണ്ട് നീ കടമെങ്കിലും കുറച്ചു കുറച്ചു തീർക്കട്ടെ എന്നാണ് അവളാഗ്രഹിച്ചതു ,,ഇതൊക്കെ അറിഞ്ഞാൽ അഭിമാനിയായ നീ എതിർക്കും എന്നവൾക്കറിയാം അതുകൊണ്ടാ കാര്യങ്ങൾ നീ അറിയാതെ വെച്ചത് ? എനിക്കതു ഒരു അഭിമാന കുറവായി തോന്നുന്നില്ല ,അവരുടെ ഒറ്റമകളാണ് അതൊക്കെ അവൾക്കുള്ളതാണ് അവരതു സ്നേഹത്തോടെ കൊടുക്കുമ്പോൾ എന്തിനു വേണ്ടാ എന്ന് പറയണം

തന്റെ ഓരോ ന്യായങ്ങളും ‘അമ്മ തകർത്തുടക്കുകയാണ് ,,ഒന്നും പറയാതെ മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറുമ്പോൾ ഒരു കാര്യം ശ്രദ്ധിച്ചു ‘അമ്മ ഭക്ഷണം വേണോ എന്നുപോലും ചോദിക്കുന്നില്ല ,,അമ്മയ്ക്കും തന്നോട് ദെഷ്യമായിരിക്കും ,,

മുറിയുടെ വാതിലുകൾ തുറന്നപ്പോൾ മനസ്സിൽ വലിയൊരു കൊള്ളിയാൻ മിന്നി മാഞ്ഞു ,,,

ഞാൻ ഇങ്ങു പൊന്നു എനിക്ക് നിങ്ങളില്ലാതെ പറ്റില്ല ,,എന്തൊക്കെ പറഞ്ഞാലും ആ മനസ്സിൽ നിന്നും എന്നെ പറിച്ചെറിയാൻ കഴിയില്ല എന്നെനിക്കറിയാം ,,

അത് അനു ഞാൻ ,,,

ഒന്നും പറയണ്ടേ എന്നോടൊരിക്കലും ക്ഷമയും ചോദിക്കരുത് ,,ചെറിയ കാര്യത്തിന് നിങ്ങളെ വിട്ടുപോയ ഞാനാണ് ശരിക്കും പൊട്ടത്തി ,ഇവിടുന്നു പോയ ഓരോനിമിഷത്തിലും ഞാൻ തിരിച്ചറിയുകയായിരുന്നു എനിക്ക് നിങ്ങളോടുള്ള ഇഷ്ടത്തിന്റെ ശക്തി ,,ഞാൻ എന്തെങ്കിലും പറയുമ്പോൾ ശക്തയി എതിർക്കാതെ സ്നേഹത്തിൽ എന്നെ പറഞ്ഞൊന്നു മനസ്സിലാക്കിയാൽ മതി ഞാൻ അത് മറന്നോളം അത് തിരുത്തിക്കൊള്ളാം ,,എനിക്ക് നിങ്ങളെക്കാൾ വലുതായി ഒന്നുമില്ല ഈ ലോകത്തിൽ ,,

ഒന്നും പറയാതെ അവളെ ചേര്ത്തുപിടിച്ചു മൂർദ്ധാവിൽ ചുംബിക്കുമ്പോളും അവൾ ചിരിക്കുകയാണോ കരയുകയാണോ എന്ന് മനസിലായില്ല ,,ഒടുവിൽ ചോറെടുത്തു വെച്ചിട്ടുണ്ട് താഴേക്ക് വാ എന്ന് പറഞ്ഞു തന്റെ കൈപിടിച്ചു പതിയെ താഴേക്കു ഇറങ്ങുമ്പോൾ കണ്ടു ,ഒരു ഭാര്യയുടെ തന്റെ കാര്യത്തിലുള്ള ശ്രദ്ധ,, സ്നേഹം ..ഒന്ന് പിണങ്ങിയാലും നമ്മളെ അവരെ പോലെ സ്നേഹിക്കാൻ മറ്റാരെങ്കിലും ഉണ്ടാകുമോ ,,,ഇല്ലായിരിക്കും അല്ലെ ?

ലതീഷ് കൈതേരി –

പതിവുപോലെ കുളപ്പടവിൽ ഇരിക്കുമ്പോൾ പിന്നിൽ ആരോ വന്നു നിന്നതു പോലെ തിരിഞ്ഞു നോക്കിയപ്പോൾ ഒരു…..

നിറയെ കുപ്പിവളകളണിഞ്ഞ ഒരു കൈ എനിക്കു നേരെ നീണ്ടതിനു ശേഷം വെള്ളത്തിലേക്ക് മുങ്ങി താഴുന്നു…

സ്വപ്നം കണ്ട് ഞെട്ടിയുണർന്ന എനിക്ക് പിന്നീട് ഉറങ്ങാനായില്ല… എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു…

ഫോണെടുത്ത് മനുവിനെ വിളിച്ചു…
ഡാ മനൂ …
ഞാനിന്നലേം അതേ സ്വപ്നം കണ്ടെടാ.. അതേ കൈകൾ…
എനിക്കെന്തോ ഒരു സമാധാനക്കേട്.

നിനക്ക് വട്ടാ കണ്ണാ…
ഒരു സ്വപ്നത്തിന്റെ പിന്നാലെ ഇങ്ങനെ നടക്കാൻ.

അതല്ലെടാ എനിക്കെന്തോ…?
നമുക്കിന്ന് അവിടൊന്നു പോയി നോക്കിയാലോ…?

ഓ ശരി പോകാം. അങ്ങനേലും നിന്റെയീ വട്ടൊന്നു മാറട്ടെ.

സംസാരിച്ചു ഫോൺ ബെഡിലേക്കിട്ടപ്പോഴും മനസ്സിൽ നിറയെ ആ സ്വപ്നമായിരുന്നു. എന്തോ ഒരു ഭയം …

മനുവിനൊപ്പം പഴയ അമ്പലക്കുളത്തിനരികെ എത്തിയപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം.

എന്റെ കണ്ണാ നീ കണ്ണു തുറന്നു നോക്ക്. ഉപയോഗ ശൂന്യമായി കാടുപിടിച്ചു കിടക്കുന്ന ഈ കുളത്തിൽ ആരു വന്നു വീഴാനാ…? ഇപ്പോഴെങ്കിലും സമാധാനായോ…?

ഉം…

പിന്നെ രണ്ടു ദിവസത്തേക്ക് സുഖമായി ഉറങ്ങി. മൂന്നാം നാൾ വീണ്ടും ആ സ്വപ്നം എന്റെ ഉറക്കം കെടുത്തി.

പിറ്റേന്ന് വീണ്ടും ഞാൻ കുളക്കടവിലേക്ക് പോയി അവിടിരിക്കുമ്പോൾ മനസ്സിനെന്തോ ആശ്വാസം.
പടവുകളിൽ നിറയെ മഞ്ചാടിമണികൾ ചിതറി കിടക്കുന്നു…
നിശ്ചലമായ വെള്ളം …

അവിടേക്കുള്ള വരവ് അങ്ങനെ പതിവാക്കി…

ഒരു ദിവസം പതിവുപോലെ കുളപ്പടവിൽ ഇരിക്കുമ്പോൾ പിന്നിൽ ആരോ വന്നു നിന്നതു പോലെ.
തിരിഞ്ഞു നോക്കിയപ്പോൾ ഒരു പെൺകുട്ടി. ദാവണിയുടുത്ത്…
നെറ്റിയിൽ ചന്ദനക്കുറിയും അഴിച്ചിട്ട തലമുടിയും. ആരു കണ്ടാലും ഒന്നു നോക്കി പോവും …

എന്താ എന്ന അർത്ഥത്തിൽ ഞാൻ അവളെ നോക്കി…

അല്ല ചേട്ടായീ ഞാൻ സ്ഥിരമായി വന്നിരിക്കാറുള്ള സ്ഥലമാ ഇത്. ഇവിടെ വന്നിരുന്ന് എന്തെങ്കിലുമൊക്കെ കുത്തി കുറിക്കും. ഇപ്പൊ കുറച്ചു ദിവസമായി എപ്പൊ വന്നാലും ചേട്ടായിയെ ഇവിടെ കാണാം. എന്റെ എഴുത്തും മുടങ്ങി.

അല്ല കൊച്ചേ ഈ കാട്ടിലല്ലാതെ ഇരുന്നെഴുതാൻ നിന്റെ വീട്ടിലെന്താ സ്ഥലമില്ലേ …?

ആഹാ കൊള്ളാല്ലോ എങ്കിൽ പിന്നെ ചേട്ടായിക്ക് വീട്ടിൽ ഇരുന്നൂടേ…?

നീ കൊള്ളാല്ലോടീ…

ചേട്ടായി പോയേ ഇതെന്റെ സ്ഥലമാ.

സൗകര്യമില്ല നീ വേണേൽ വേറെ സ്ഥലം നോക്ക്.

ഒടുക്കം കുളത്തിന്റെ അപ്പുറവും ഇപ്പുറവും ഉള്ള പടവുകൾ ഞങ്ങൾ വീതിച്ചെടുത്തു. പിന്നീടങ്ങോട്ടുള്ള പോക്ക് ഞാൻ സ്ഥിരമാക്കി. അവളെ കാണാനായി തന്നെ എന്നു വേണം പറയാൻ.
എതിർ വശത്തുള്ള പടവുകളിൽ ഇരുന്ന് അവൾ എഴുതുകയും സ്വയം സംസാരിക്കുകയും ചെയ്യുമ്പോൾ ഞാൻ അവളെത്തന്നെ നോക്കി നേരം കളഞ്ഞു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.

ഒരു ദിവസം പതിവിനു വിപരീതമായി ഞാൻ അവളിരിക്കാറുള്ള പടവിലാണ് പോയിരുന്നത്.
അതു കണ്ടു വന്ന അവൾ എനിക്കു നേരെ കയർത്തു….

ചേട്ടായി എന്തിനാ ഇവിടെ വന്നിരുന്നത്. ഞാൻ പോണു …

തിരിഞ്ഞു നടന്ന അവളുടെ കൈകളിൽ ഞാൻ കടന്നു പിടിച്ചു…
ഭദ്രാ ഇനി നമുക്ക് ഇവിടെ ഒന്നിച്ച് ഇരുന്നൂടേ…?

മനസ്സിലായില്ല എന്ന അർത്ഥത്തിൽ അവളെന്നെ സൂക്ഷിച്ച് നോക്കി …

അതേ ഭദ്രാ എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ്…
ഒരു വിധം ഞാനിത് പറഞ്ഞൊപ്പിച്ചപ്പോൾ ഒന്നും പറയാതെ അവൾ എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു..

പതിയെ എന്റെ കൈ അവളിൽ നിന്നു വേർപെടുത്തി അവൾ ചോദിച്ചു. അതിന് ചേട്ടായിക്ക് എന്റെ പേരല്ലാതെ എന്നെപ്പറ്റി എന്തറിയാം…?
വീടേത് …?
ആരുടെ മകളാണ് …?
എന്തെങ്കിലും അറിയ്യോ…?

നീ പറ … ഞാൻ നിന്റെ വീട്ടിൽ വന്ന് അച്ഛനെ കണ്ട് സംസാരിക്കാം. അല്ലാതെ പ്രണയിച്ചു നടക്കാനല്ല ഞാനെന്റെ ഇഷ്ടം നിന്നോട് തുറന്നു പറഞ്ഞത് .

ഇത്രയും ഞാൻ പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…
ഞാനവളെ എന്നിലേക്ക് ചേർത്ത് നിർത്തി നിറുകയിൽ ചുംബിച്ചു.

പിന്നീട് അവിടെ വച്ചുള്ള ഞങ്ങളുടെ കൂടിക്കാഴ്ച നിത്യ സംഭവമായി മാറി. കുസൃതികളും കുറുമ്പുകളുമായി അവളെന്റെ മാത്രം പെണ്ണായി മാറുകയായിരുന്നു…

ഒരു ദിവസം പതിവു പോലെ കുളത്തിന്റെ പടവിൽ അവളുടെ മടിയിൽ തലവച്ചു കിടക്കവേ പെട്ടെന്ന് മനസ്സിലേക്ക് ആ പഴയ സ്വപ്നം കടന്നു വന്നു.
മുങ്ങിത്താഴുന്ന വളയിട്ട കൈകൾ…
ഞാനവിടേക്ക് വരാനുള്ള കാരണം തന്നെ അതാണെന്ന് പറഞ്ഞപ്പോൾ അവളെന്നെ കളിയാക്കി.

തൊട്ടടുത്തുള്ള ഒരു നായർ തറവാട്ടിലെ കുട്ടി വർഷങ്ങൾക്കു മുന്നേ അവിടെ മുങ്ങി മരിച്ചിട്ടുണ്ടെന്ന് അവൾ പറഞ്ഞപ്പോൾ എനിക്കാകെ അസ്വസ്ഥത…
അപകട മരണമെന്ന് എഴുതി തള്ളിയെങ്കിലും ആ ആത്മാവ് ശാന്തി കിട്ടാതെ അലയുന്നുണ്ടത്രേ …

മനസ്സ് അസ്വസ്ഥമാണെങ്കിലും വീട്ടിൽ ചെന്നപ്പോൾ തന്നെ ഭദ്രയുടെ കാര്യം അമ്മയോട് അവതരിപ്പിച്ചു …

കിഴക്കേപ്പാട്ടെ രാമേട്ടന്റെ മോൾ ഭദ്രേടെ കാര്യം തന്നെയല്ലേ കണ്ണാ നീ പറയുന്നത്…? അമ്മ അതിശയത്തോടെ ചോദിച്ചു …

ഉം…
ഞാൻ മറുപടി ഒരു മൂളലിൽ ഒതുക്കി…

ആ കുട്ടിയല്ലേ പഴയ അമ്പലക്കുളത്തിൽ വീണു മുങ്ങി മരിച്ചത്…?

അമ്മ ഭയത്തോടെ ഇത് പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി…
അപ്പോൾ ഇത്ര നാളും ഞാൻ കണ്ടതും സ്നേഹിച്ചതും…
ഇല്ല ഞാനിത് വിശ്വസിക്കില്ല …

അമ്മേ …..
ഒരു ഞെട്ടലോടെ ഉറക്കത്തിൽ നിന്ന് ചാടിയെണീറ്റു …
ആകെ വിയർത്തിരിക്കുന്നു…
സ്വപ്നമേത് യാഥാർത്ഥ്യമേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ. ചുമരിലെ ക്ലോക്കിൽ നോക്കിയപ്പോൾ സമയം ഏഴാകുന്നു. പെട്ടെന്ന് റെഡിയായി കുളക്കടവിലേക്കു നടന്നു.

അവളിരിക്കാറുള്ള പടവിൽ ചെന്നു നോക്കിയപ്പോൾ അവളവിടെ ഇല്ല. ആ സ്ഥാനത്ത് കുറേ വളപ്പൊട്ടുകളും മഞ്ചാടി മണികളും ചിതറി കിടക്കുന്നു …
അപ്പോൾ ഭദ്ര…
അവൾ …
ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന സങ്കടത്തിനൊപ്പം ഭയവും …

നിറകണ്ണുകളുമായി പോകാനായി തിരിഞ്ഞപ്പോൾ പിന്നിൽ അവൾ… കൈകളിൽ നിറയെ കുപ്പിവളകൾ അണിഞ്ഞ് എന്റെ ഭദ്ര…
ഞാനവളെ സൂക്ഷിച്ച് നോക്കി …

നീ … കുളത്തിൽ വീണ …. ഭദ്ര

ചേട്ടായി അത് ഇതു വരെ വിട്ടില്ലേ…?
ഞാൻ വെറുതേ പറഞ്ഞതല്ലേ…? ഇവിടങ്ങനാരും മരിച്ചിട്ടില്ല…
അവളൊരു കള്ളച്ചിരിയോടെ പറഞ്ഞു.

അപ്പൊ അമ്മ പറഞ്ഞത്…
രാമേട്ടന്റെ മോൾ ഭദ്ര…
കുളത്തിൽ വീണു ….

എന്റെ മനുഷ്യാ ആ ഭദ്ര ഞാൻ തന്നെയാ. നിങ്ങൾ വല്ല സ്വപ്നവും കണ്ടതായിരിക്കും അമ്മ അങ്ങനെ പറഞ്ഞൂന്ന് …
ഇങ്ങനേം ഉണ്ടോ പേടി…?
അയ്യേ….

പോടി അവിടുന്ന് ഞാൻ അവൾക്കു നേരെ അടിക്കാനായി കൈ പൊക്കിയപ്പോഴേക്കും….
അവളെന്റെ കവിളിൽ ചുംബിച്ചിട്ട് പടവുകൾ കയറി ഓടിക്കഴിഞ്ഞിരുന്നു…

അതിഥി അമ്മു

എട്ട് മാസം തികഞ്ഞ അവളുടെ വയറിൽ സിയാദ് തലോടി.. മെല്ലെ കൈവിരലുകളിൽ താഴോട്ട് അരിച്ചരിച്ച് തുടങ്ങിയപ്പോൾ

ഗർഭം
……….

എട്ട് മാസം തികഞ്ഞ അവളുടെ വയറിൽ സിയാദ് തലോടി.. മെല്ലെ കൈവിരലുകളിൽ താഴോട്ട് അരിച്ചരിച്ച് തുടങ്ങിയപ്പോൾ അവൾ കൈ കയറി പിടിച്ചു.

“മോനെ ഡോക്ടർ എനിക്ക് റെസ്റ്റ് പറഞ്ഞിരിക്കുന്നത് മറന്ന് പോയോ?”

” ഡോക്ടർമാർ സിസേറിയൻ ചെയ്യാൻ വേണ്ടി പലതും പറയും ”
അവളെ ചേർത്ത് പിടിച്ച് അവളുടെ കാതിൽ പറഞ്ഞു “ഡോക്ടർമാർ പറയുന്നതൊന്നും കേൾക്കാൻ പോകണ്ടാട്ടൊ, സുഖപ്രസവത്തിന് ഇത് എല്ലാം നല്ല ഗുണം ചെയ്യും”

“ഒന്ന് പോ ചെക്കാ ,പടച്ചോനെ ഒരു ക്ഷമയും ഇല്ലാത്ത ചെക്കൻ, പിന്നെ നാളത്തെ കല്ല്യാണത്തിന്റെ കാര്യം മറക്കണ്ടാട്ടൊ, എനിക്ക് വരാൻ പറ്റില്ല എങ്കിലും ഇക്ക പോണം, യത്തീമായ കുട്ടിയുടെ കല്ല്യാണമാ, കുറേ കാശ് കൊടുത്തൂന്നും പറഞ്ഞ് ബാധ്യത തീരില്ല, പോയി ഒരാളായി നിൽക്കണംട്ടൊ, ചെറുപ്പം മുതല് ഇവിടെ ഉമ്മാനെ സഹായിക്കാൻ വരുന്ന കുട്ടിയല്ലെ?.. ”

കണ്ണികുളങ്ങര എൽ പി സ്കൂളിൽ വെച്ചാണ് കല്ല്യാണം. രാവിലെ തന്നെ സ്കൂളിലേക്ക് പുറപ്പെട്ടു, അവിടെ ചെന്നപ്പോഴാ മനസ്സിലായത് താനാണ് കല്ല്യാണത്തിന് ആദ്യം എത്തുന്നത് എന്ന്.

നാലാം ക്ലാസ്സിൽ നിന്ന് പടിയിറങ്ങിയതിന് ശേഷം ആദ്യമായാണ് പഴയ സ്കൂളിന്റെ പടി കടന്ന് ചെല്ലുന്നത്. ഗേറ്റ് കടന്നപ്പോൾ തന്നെ മനസ്സ് പെട്ടെന്ന് ബാല്യത്തിലേക്ക് കടന്ന് ചെല്ലുന്ന പോലെ തോന്നി.

കല്ല്യാണമണ്ഡപവും ഭക്ഷണത്തിനും മറ്റും സൗകര്യം ഒരുക്കിയത് സ്കൂളിന് ഉൾവശത്ത് തന്നെയാണ്. ബഞ്ചും ഡെസ്കും നിരത്തി ഇരിക്കാനും ഭക്ഷണം കഴിക്കാനും എല്ലാം തയ്യാറാക്കിയിട്ടുണ്ട്. പഴയ പോലെ തന്നെ ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു മാറ്റവും ഇല്ല.ക്ലാസ്സ് റൂമുകൾ ചുമര് കെട്ടി തിരിക്കാത്തത് കൊണ്ട് വലിയ ഒരു ഹാളിന്റെ സൗകര്യം ഉണ്ടായിരുന്നു. പണ്ട് നാലാം ക്ലാസ്സ് ഉണ്ടായിടത്താണ് സ്റ്റേജ് കെട്ടിയിരിക്കുന്നത്.

രാജൻ മാഷായിരുന്നു അന്ന് ഹെഡ് മാഷ്, നാലിൽ കണക്ക് പഠിപ്പിച്ചിരുന്നതും മാഷായിരുന്നു. അന്ന് ക്ലാസ്സിലെ ഏറ്റവും സുന്ദരിക്കുട്ടിയായിരുന്നു ‘ലുബീന ‘ വെളുത്ത് തുടുത്ത കവിളുകളും വിടർന്ന കണ്ണുകളും ഉണ്ടായിരുന്ന കൊച്ചു മാലാഖ.രാജൻ മാഷ് അന്ന് ഒരിക്കൽ പറഞ്ഞു.

‘ലുബീനയെക്കാൾ സൗന്ദര്യം ഉള്ള പുതിയ ഒരു പെൺകുട്ടി ഇവിടെ വന്നാൽ എന്താ ഉണ്ടാവുക?… ലുബീനക്ക് സൗന്ദര്യം കുറവാണെന്ന് തോന്നില്ലെ..”

പിന്നെ മാഷ് എന്താ പറഞ്ഞതെന്ന് ഓർമ്മയില്ല ഈ വരികൾ ഓർമ്മയുണ്ട്. അന്ന് മനസ്സിൽ തോന്നിയ കാര്യവും ഓർമ്മയുണ്ട്. “എത്ര അധികം സുന്ദരി വന്നാലും ലുബീനയുടെ അത്രേം വരില്ല മാഷെ…..”

അതെ ആദ്യത്തെ പ്രണയം അതായിരുന്നു നാലാം ക്ലാസ്സുകാരന്റെ മനസ്സിൽ വിരിഞ്ഞ പ്രണയം, പ്രണയിനി അറിയാതെ ഇളം മനസ്സിൽ തോന്നിയ ഇഷ്ടം.

എല്ലാവർക്കും ഉണ്ടാവും എന്ന് തോനുന്നു കുട്ടിയായിരുന്നപ്പോൾ ഉണ്ടാവുന്ന ഈ പ്രണയം. ദൈവം തമ്പുരാൻ എല്ലാ പുരുഷ കേസരികൾക്കും സ്ത്രീ റാണിമാർക്കും ജനിക്കുമ്പോൾ തന്നെ ഇട്ട് കൊടുക്കും ഈ പ്രണയം എന്ന് പറയുന്ന ഇമ്മിണി വല്ല്യ ചെറിയ ഇഷ്ട്ടം.

പണ്ടത്തെ കഞ്ഞിപ്പുരയിരുന്നിടത്ത് കുട്ടികൾക്ക് കളിക്കാൻ ഉള്ള വസ്തുക്കൾ വക്കാനുള്ള സ്റ്റോറാക്കി. കല്ല്യാണത്തിനുള്ള ബിരിയാണി തയ്യാറാവുന്ന മണം വരുന്നുണ്ടെങ്കിലും മുക്കിലേക്ക് ഇപ്പോഴും എത്തുന്നുണ്ട് പഴയ കഞ്ഞിയുടെയും പയറിന്റെയും സുഖമുള്ള,നമ്മളെ എടുത്ത് പറക്കാൻ കഴിവുള്ള ആ മണം.കഞ്ഞിയും പയറും ഉണ്ടാക്കുന്ന വിയ്യാത്തുമ്മാടെ മുഖമാണ് ടീച്ചർമ്മാരുടെ മുഖത്തേക്കാൾ മനസ്സിൽ പതിഞ്ഞ് നിൽക്കുന്നത്.

സ്കൂളും പരിസരവും കറങ്ങി നടന്ന് സമയം പോയതറിഞ്ഞില്ല. അകത്തേക്ക് വന്നപ്പോൾ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. മണവാട്ടിയും മണവാളനും ചിരിച്ചു കൊണ്ട് കുറച്ച് ടെൻഷനും അടിച്ച് സ്റ്റേജിൽ കയറി നിറുത്തം തുടങ്ങി. പാവങ്ങൾ നിന്ന് കാലൊടിയാറാവുമ്പോഴാണ് അതുങ്ങളെ ഇനി താഴെ ഇറക്കുന്നത്. ഇതിന്റെയൊക്കെ കഷ്ടപ്പാട് ഇന്ന് രാത്രിയിലാ അനുഭവിക്കാ, ഒന്ന് കാലും നിവർത്തി കിടന്ന് കൂർക്കം വലിച്ച് ഉറങ്ങാനുള്ള കൊതിയുണ്ടാകും പക്ഷെ അതും നടക്കില്ലല്ലൊ!… എന്താ ചെയ്യാ വല്ല ഒളിച്ചോടി കല്ല്യാണം കഴിക്കുന്നതാ നല്ലത്…

എന്തായാലും കെട്ട്യോള് കൂടെ ഇല്ലാത്തതല്ലെ, ഉടുത്തൊരുങ്ങി വന്ന തരുണീമണികളെ നിരാശരാക്കണ്ട, രണ്ട് കണ്ണുകൾക്കും ഒരു പണിയായിക്കോട്ടെ.

പെട്ടെന്നാണ് വിടർന്ന ആ രണ്ട് കണ്ണുകളിൽ കണ്ണുടക്കിയത്. ഒരിക്കലും മറക്കാത്ത സുന്ദരമായ നയനങ്ങൾക്കുടമയായ ‘ലുബീന ‘..

കണ്ണിൽ നോക്കി താഴ്ത്തിയപ്പാൾ ആണ് മറ്റൊരു കാര്യവും കണ്ടത് അവൾക്കും ‘ഗർഭം’ നന്നായിട്ട് വീർത്ത് നിൽക്കുന്നുണ്ട് എട്ട് മാസം തന്നെ ആയിരിക്കും. ഇവളോട് ഡോക്ടർ റെസ്റ്റ് ഒന്നും പറഞ്ഞില്ലെ ആവോ…

“ലുബീന അല്ലെ…?”

“അതെ ”

അവൾ മനസ്സിലാവാത്ത പോലെ നോക്കി.

” എന്നെ ഓർമ്മയുണ്ടോ?… നമ്മൾ രണ്ടാളും നാലാം ക്ലാസ്സ് വരെ ഇവിടെയാ പഠിച്ചത് ,എന്റെ പേര് സിയാദ്.”

” ആ.. ഇപ്പോൾ ചെറുതായി ഒരോർമ്മയൊക്കെ വരുന്നുണ്ട്, എന്നെ പെട്ടെന്ന് മനസ്സിലായല്ലെ?… ”

“പിന്നെല്ലാതെ നിന്റെ മുഖത്തിന് യാതൊരു മാറ്റവും ഇല്ല, വയറ് കുറച്ച് വീർത്തിട്ടുണ്ട്, വിവാഹം കഴിഞ്ഞിട്ടെത്ര നാളായി കുട്ടികൾ എത്ര..?.. ”

അവൾ നാണത്തോടെ ചിരിച്ച് കൊണ്ട് പറഞ്ഞു ” മക്കൾ നാല് പേർ ഉണ്ട്, നാലും ആൺകുട്ടികളാ.. ”

അവളുടെ നിറവയർ നോക്കി ചോദിച്ചു
“അതെ ഇക്കാക്ക് എന്താ പണി?.. എന്തായാലും ഇത് പെൺകുട്ടി തന്നെയാവും കെട്ടൊ..”

“ഇക്ക ദുബായിലാ, ഞങ്ങളും അതാ കാത്തിരിക്കുന്നത്.

“എന്റെ ഭാര്യക്കും എട്ടാം മാസമായി, പെൺകുട്ടി വേണമെന്ന് തന്നെയാ ആഗ്രഹം, പിന്നെ കുട്ടിക്ക് ഒരു പേര് ഇടാൻ കണ്ട് വെച്ചിട്ടുണ്ട് ”

“ഏതാ ആ പേര്?”

” ലുബീന…. ഈ പേര് പണ്ടേ എണക്കിഷ്ട്ടമാ ”

ഭക്ഷണം കഴിക്കാൻ സമയമായപ്പോൾ അവളുടെ അരികിൽ ഒരാൾക്കിരിക്കാൻ സ്ഥലം കണ്ടപ്പോൾ ഒന്ന് നോക്കി. അത് കണ്ട് അവൾ കൈകാട്ടി വിളിക്കുകയും ചെയ്തു,അടുത്തടുത്തിരുന്നു ഭക്ഷണവും കഴിച്ചു.

കല്ല്യാണ പരിപാടികൾ എല്ലാം കഴിഞ്ഞ് യാത്ര പറഞ്ഞ് പിരിയുമ്പോൾ അവളുടെ കണ്ണുകളിൽ ആ പഴയ നാലാം ക്ലാസ്സുകാരിയുടെ തിളക്കം പിന്നെയും കണ്ടു.

മനസ്സിന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. കെട്ട്യോളുടെ അരികിൽ കിടന്നപ്പോൾ അവൾ ചോദിച്ചു.

” എങ്ങനെ ഉണ്ടായിരുന്നു ഇക്ക കല്ല്യാണം..?”

” കുഴപ്പം ഉണ്ടായിരുന്നില്ല, എങ്കിലും മോളില്ലാതെ ഒരു സുഖമുണ്ടായിരുന്നില്ല.”

മെല്ലെ അവളുടെ വയറിൽ തലോടിയപ്പോൾ അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.

……………………….
സിയാദ് ചിലങ്ക

അമ്മയ്‌ക്കൊരു മരുമകളെ കൊണ്ടുവരട്ടെന്നു ഞാനമ്മയോട് ചോദിച്ചപ്പോ അമ്മപറഞ്ഞു..

രചന: ധനു ധനു
അമ്മയ്‌ക്കൊരു മരുമകളെ കൊണ്ടുവരട്ടെന്നു ഞാനമ്മയോട് ചോദിച്ചപ്പോ അമ്മപറഞ്ഞു..

നിനക്ക് പ്രായമാകുമ്പോൾ ഞാൻ പറയാമെന്നായിരുന്നു അമ്മയുടെ മറുപടി..

ഇതുകേട്ട് എന്റെ ഹൃദയമൊന്നു തകർന്നു ദൈവമേ എന്നാണ് എനിക്ക് കല്യാണ പ്രായമാകുന്നത്..

ഇനിയും വൈകിയാൽ അമ്മുവിനെ ആരെങ്കിലും കെട്ടികൊണ്ടുപോകും..
അതിനുമുൻപ് അമ്മയോട് എല്ലാം തുറന്നുപറയണം. അമ്മയുടെ പ്രതികരണം എങ്ങനെയാകുമെന്നറിയില്ലാ..

അമ്മയുടെ സ്വപ്നവും പ്രതീക്ഷയുമൊക്കെ ഞാനാണ്.

ആ ഞാൻ ഒരു പെണ്ണിനെ സ്നേഹിക്കുന്നുണ്ടെന്നു പറഞ്ഞാൽ അമ്മ എന്തുവിചാരിക്കും..

പടച്ചോനെ എനിക്കൊരു വഴികാണിച്ചു തരണേ..

ആ സമയത്താണ് ദൈവത്തെപോലെ അളിയന്റെയും പെങ്ങളുടെയും കടന്നുവരവ്..

പടച്ചോൻ എന്റെ വിളിക്കെട്ടെന്നു തോന്നുന്നു. അളിയനെ പിടിച്ചാൽ ചിലപ്പോ കാര്യം നടക്കും..

എന്തായാലും വൈകിട്ട് ഒരു ഫുള്ള് വാങ്ങണം ആ ഫുള്ളിന്റെ കൂടെ ഈ കാര്യവും പറഞ്ഞുനോക്കാം..

വൈകുനേരമായപ്പോ ഞാനൊരു ഫുള്ളും വാങ്ങി അരയിൽ വെച്ചിട്ട് വീട്ടിലേക്കു കയറിച്ചെന്നു..

എന്നെ കണ്ടപാടെ പെങ്ങൾ ചോദിച്ചു..’എന്താടാ രണ്ടാളുടെയും പരിപാടി..’

ഞാനവളോട് പറഞ്ഞു..’ഒരു പരിപാടിയും ഇല്ലെടി..’

‘ഇല്ലാതിരുന്ന രണ്ടാൾക്കും കൊള്ളാം.’

പെങ്ങളാണത്രെ പെങ്ങൾ അളിയനെയൊന്നു സ്നേഹിക്കാനും സമ്മതിക്കില്ല..

ഇതൊക്കെ കണ്ടും കേട്ടും അളിയൻ അപ്പുറത്തിരുന്നു കണ്ണിറുക്കി കാണിച്ചു..

അല്ലെങ്കിലും അളിയൻ കണ്ണിറുക്കി കാണിച്ച ഞാനല്ലേ കാണാനുള്ള.

ഭാഗ്യത്തിന് എങ്ങനെയൊക്കെയോ അവളുടെ മുന്നിന്ന് രക്ഷപ്പെട്ടു. ഗ്ലാസും വെള്ളവുമെടുത്തു നേരെ പറമ്പിലേക്കുവിട്ടു..

അവിടെച്ചെന്ന് കുപ്പിയും ഗ്ലാസും താഴെവെച്ചിട്ട് ഓരോന്നു ഒഴിച്ചു അടിത്തുടങ്ങി..

അങ്ങനെ ഒന്നായി രണ്ടായി മൂന്നായി കുപ്പിയാണെങ്കിൽ കാലിയുമായി..

സാഹചര്യം ഒത്തുവന്നപ്പോ ഞാൻ അളിയാനോട് കാര്യം പറഞ്ഞു..

അളിയനെന്നെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു..’ന്റെ അളിയനുവേണ്ടി ഞാനെന്തും ചെയ്യും..’

ശോ അളിയാനാണോ ഈ പറയുന്നത് അതോ അളിയന്റെ വയറ്റിൽ കിടക്കുന്ന ഈ സാധനമാണോ പറയുന്നത്..

ന്തായാലും ഹാപ്പിയായി ഇനി അളിയൻ നോക്കിക്കോളും അമ്മയോട് പറയുന്നകാര്യം..

അങ്ങനെ കലാപരിപാടികൾ കഴിഞ്ഞ് അളിയനെയും കൂട്ടി നേരെ അടുക്കളയിലേക്കു നടന്നു..

അവിടെ ചെന്നിരുന്നപ്പോ അമ്മയും പെങ്ങളും ചോറും കറിയും കൊണ്ടുവന്നു മുന്നിൽവെച്ചു..

എന്നിട്ടൊരു ചോദ്യവും..’രണ്ടാളും വെള്ളത്തിലായിരുന്നല്ലേ..’

ഒന്നും മിണ്ടിയില്ല മിണ്ടിയാൽ ചിലപ്പോ പണിപാളും..

അതുകൊണ്ടു മിണ്ടാതിരുന്നു ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു..

അതിനിടയ്ക്ക് അമ്മ അളിയനോട് പറയുന്നതുകേട്ടു അത്യാവശ്യമായി നാളെ ഒരു സ്ഥലംവരെ പോകാനുണ്ടെന്നു…

അളിയൻ വന്നപ്പോഴെ വിചാരിച്ചതാ എന്തോ കാര്യമുണ്ടെന്ന്..

അമ്മ എന്നോടൊന്നും പറഞ്ഞതും ഇല്ല ഞാനൊന്നും കേട്ടതും ഇല്ല..

എന്താണാവോ പ്ലാൻ..

എന്തെങ്കിലും ആയിക്കോട്ടെ..

അളിയൻ എന്റെ കാര്യം അമ്മയോട് പറയുമെന്നു വിചാരിച്ച് ഞാൻ കാത്തിരുന്നു..

പക്ഷെ അളിയൻ എന്നെ പറ്റിച്ചു കളഞ്ഞു. അമ്മയോടൊന്നും പറഞ്ഞില്ല..

അളിയാ വെച്ചിട്ടുണ്ട് പണി ആരും കേൾക്കാതെ ഞാൻ മനസ്സിൽ പറഞ്ഞു.
പിറ്റേ ദിവസം രാവിലെ മൂന്നുപേരും നല്ല ഗ്ലാമറായി എങ്ങോട്ടോ പോകാനുള്ള പരിപാടിയാ..

ഞാൻ ചോദിച്ചിട്ടാണെങ്കിൽ ഒന്നും പറയുന്നുമില്ല. എന്നെയാണെങ്കിൽ വിളിക്കുന്നുമില്ല..

അത്രവലിയ ജാടയാണെങ്കിൽ എന്നോടൊന്നും പറയേണ്ടാ എന്നാ രീതിയിൽ ഞാനാവിടെയിരുന്നു അല്ലപിന്നെ..

മൂന്നുപേരും റെഡിയായി കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്ത് പോകാൻ നേരത്ത് അമ്മയെന്നെ വിളിച്ചു..

ഞാൻ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നപ്പോ അമ്മപറഞ്ഞു…

‘പുറത്തുപോകുന്നുണ്ടെങ്കിൽ വീട് പൂട്ടിയിട്ടു പോകണം പിന്നെ പട്ടിയ്ക്കു ചോറുകൊടുക്കാൻ മറക്കേണ്ടാ..’

ഇതിനാണോ അമ്മയെന്നെ വിളിച്ചത്..
ഇതുകേട്ട് അളിയനും പെങ്ങളും എന്നെനോക്കി ചിരിക്കുന്നുണ്ടായിരുന്നു.

ചിരിക്കാൻ മാത്രം എന്താ ഉണ്ടായതു കലിപ്പിൽ ഞാനവരെയൊന്നു നോക്കി.

അവർ പോയപ്പോൾ ഞാനകത്തേക്ക് നടന്നു..

ആ സമയത്ത് എന്റെ മനസ്സിലൂടെ എന്തൊക്കെയോ ചോദ്യങ്ങൾ കടന്നുപോയി..

അവർ എങ്ങോട്ടാണ് പോയത്..

എന്താ എന്നെവിളിക്കാതെ പോയത്..

അമ്മയുടെ മുഖത്ത് പതിവില്ലാത്തൊരു ഗൗരവം കണ്ടപ്പോ എന്തോ വല്ലാത്തൊരു വിഷമം തോന്നി..

അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് എന്റെ ഫോണിലെക്കൊരു കാൾ വന്നത്..

നോക്കിയപ്പോ അമ്മുവാണ്..ഞാൻ ഫോണെടുത്തപ്പോ അവളെന്നോട് പറഞ്ഞു..’ധനു നീ എന്നോട് ക്ഷമിക്കണം..’

ക്ഷമിക്കാനോ എന്തിന്.’

ഇടറിയ ശബ്ദത്തിൽ അവളെന്നോട് പറഞ്ഞു..’എനിക്കൊരു കല്യാണാലോചന വന്നിട്ടുണ്ട് ഞാനതിന് സമ്മതം മൂളി..’

അവളതു പറഞ്ഞതും കൈയിലിരിക്കുന്ന ഫോണെടുതെറിഞ്ഞതും ഒരേ സമയത്തായിരുന്നു.

അത്രയ്ക്ക് വിഷമവും സങ്കടവും വന്നെനിക്ക് ആ സമയത്ത്..

പിന്നെ ഒന്നും നോക്കിയില്ല നേരെ വെച്ചുപിടിപ്പിച്ചു ചന്ദ്രേട്ടന്റെ ഷാപ്പിലേക്ക്..

ബോധം പോകുന്നവരെ ഞാൻ കുടിച്ചു. കൈയിലെ കാശ് തീർന്നപ്പോൾ പതുക്കെ വീട്ടിലേക്കു നടന്നു..

ഉള്ളിലെ വിഷമം മുഴുവൻ പാടിത്തീർത്തുകൊണ്ടാണ് എന്റെ നടത്തം..

“ഊറെ തെറിഞ്ചു കിട്ടെ ഉലകം പുരിഞ്ചു കിട്ടെ കണ്മണി എൻ കൺമണി..’

അങ്ങനെ പാടി പാടി വീടിനുമുന്നിൽ എത്തിയപ്പോഴാണ് അമ്മയും അളിയനും ഉമ്മറ തിണ്ണയിലിരിക്കുന്നത് കണ്ടത്…

ശോ അപ്പോഴാണ് ഓർത്തത് വീട് പൂട്ടി താക്കോൽ എന്റെ കൈയിലാണെന്ന്..
പടച്ചോനെ പണിപാളി ഇനി അമ്മയുടെ വായിന്നു എന്തൊക്കെ കേൾക്കോ എന്തോ..

ഞാൻ പതുക്കെ അവരുടെ അടുത്തേക്ക് നടന്നു കാലുകൾ ഞാൻ പറയുന്നത് അനുസരിക്കുന്നില്ല…

അങ്ങോട്ടും ഇങ്ങോട്ടും തെന്നിപോയിക്കൊണ്ടിരിക്കുന്നു.

അമ്മ എന്നെകണ്ടതുംദേഷ്യത്തോടെ ചോദിച്ചു താക്കോൽ എവിടെ..

ഞാൻ പോക്കറ്റിൽ നിന്നും താക്കോലെടുത്തു അമ്മയുടെ കൈയിൽകൊടുത്തത് മാത്രമേ എനിക്കോർമായുള്ളൂ..

ദേ കിടക്കുന്നു താഴെ.

ബോധം വന്നപ്പോ കണ്ടത് മുന്നിൽ നിൽക്കുന്ന അമ്മയെയാണ്..

കൈയിൽ മുറ്റമടിക്കുന്ന കുറ്റിച്ചൂലുമുണ്ട് ഞാൻ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു..

പടക്കോ പടക്കോ ന്ന് നാലെണ്ണം കിട്ടി..
വേദനിച്ചെങ്കിലും ഞാനമ്മയെ നോക്കി ചിരിച്ചു..

ആ ചിരി കണ്ടപ്പോ അടുത്ത് നിൽക്കുന്ന പെങ്ങൾക്കു ദേഷ്യംവന്നു..
അവളുടെ വക വേറെയും അകെ മൊത്തം ഒരു തൃശൂർ പൂരം നടന്നപോലെ..

അങ്ങനെ അടിയും ബഹളവും കഴിഞ്ഞ് ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു..

എന്നിട്ടു അമ്മയെ ചേർത്തുപിടിച്ച് ഒരു സോറി പറഞ്ഞപ്പോൾ അമ്മയെന്നോട് പറഞ്ഞു..

‘നിനക്കുവേണ്ടി ഞാനൊരു പെണ്ണുകാണാൻ പോയതായിരുന്നു. ഇനി ആ കുട്ടിയുടെ ജീവിതം ഞാനായിട്ട് നശിപ്പിക്കുന്നില്ല ഞാനതു വേണ്ടെന്നു പറയാൻ പോകുക..

ഇതുകേട്ട് ഞാനമ്മയോട് ചോദിച്ചു..

‘പെണ്ണുകാണാനോ..?

അപ്പോഴാണ് അമ്മ പറഞ്ഞത്..

‘മേശപ്പുറത്തു ആ കുട്ടിയുടെ ഫോട്ടോയിരിക്കുന്നുണ്ട് നീ പോയി നോക്ക്.

അത്ര നല്ല കുട്ടിയ്ക്ക് നിന്നെപോലൊരു കള്ളുകുടിയനെ കെട്ടിച്ചുതന്നാൽ ശരിയാവില്ല.’

ഞാൻ വേഗം ഹാളിലേക്ക് നടന്ന് മേശപുറത്തിരിക്കുന്ന ഫോട്ടോയെടുത്തു നോക്കിയപ്പോൾ..

ഞാനൊന്നു ഞെട്ടി അത് അമ്മുവിന്റെ ഫോട്ടോയായിരുന്നു..

ഞാൻ വേഗം അമ്മയുടെ അടുത്തേക്കോടി എന്നിട്ടു അമ്മയോട് പറഞ്ഞു..

‘അമ്മേ ഞാനിനി കള്ളുകുടിക്കില്ല അമ്മയെന്നോട് ക്ഷമിയ്ക്ക്..’

എന്തൊക്കെ പറഞ്ഞിട്ടും അമ്മയ്‌ക്കൊരു കരുണ തോന്നുന്നില്ലല്ലോ..

ഇനി അമ്മുവിന്റെ വീട്ടിലേക്കു അമ്മ വിളിച്ചു വല്ലതും പറയോ..

പടച്ചോനെ അങ്ങനെയൊന്നും സംഭവിക്കല്ലേ പടച്ചോനെയൊന്നു വിളിച്ചുപോയി..

എന്റെ ഒച്ചയും ബഹളവും കേട്ട് അളിയനും പെങ്ങളും അടുക്കളയിലേക്കു ഓടിവന്നു..

അളിയനെയും പെങ്ങളെയും കണ്ടപ്പോ അമ്മയുടെ മുഖത്തൊരു ചിരി..

അപ്പോഴാണ് മനസ്സിലായത് ഇതൊക്കെ അമ്മയുടെ പ്ലാനിങ്ങായിരുന്നുവെന്ന്..

അതിനു കൂട്ടുനിന്നത് ന്റെ കുരുത്തംകെട്ടാ പെങ്ങളും അളിയനും..

ഫോണിലൂടെ അഭിനയിച്ചത് ന്റെ പ്രിയതമയും..

ഇവരുടെ പണിയിൽ പെട്ടുപോയതും തല്ലുകൊണ്ടതും ഈ പാവം ഞാൻ മാത്രം..

സ്ത്രീധനം വാങ്ങിക്കാതെ കല്ല്യാണം കഴിക്കണം എന്നുളളത് എന്റെ ഒരു അഭിലാഷമായിരുന്നു കാരണം…

### ചേർച്ച ###

സ്ത്രീധനം വാങ്ങിക്കാതെ കല്ല്യാണം കഴിക്കണം എന്നുളളത് എന്റെ ഒരു അഭിലാഷമായിരുന്നു…

അങ്ങനെയാണ് അവളെ കണ്ടെത്തിയതും..

ബ്രോക്കർമാർക്ക് പ്രതീക്ഷയ്ക്ക് വകുപ്പില്ലാത്ത കാര്യമായത് കൊണ്ട് നേരിട്ടായിരുന്നു എന്റെ അന്വേഷണം..

ഒരു ദിവസം ഒരു പെണ്ണുകാണൽ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴാണ് അവളെ ആദ്യമായി കാണുന്നത്…

ഞാനാവീട്ടുകാരനാണെന്ന് കരുതിയാവണം എന്റെ നേരെ അവൾ എനിക്കാ നോട്ടീസ് തരുന്നത്..

അവൾ ഒരു നഴ്സിങ്ങ് വിദ്യാർത്ഥിയായി രുന്നു..ബ്ലഡ് ഡൊണേഷൻ ക്യാമ്പിന്റെ ഭാഗമായി രക്തം ദാനം ചെയ്യാൻ തയ്യാറുളളവരുടെ ലിസ്റ്റ് ശേഖരിക്കാനായാണ് അവൾ അവിടെ വന്നിരുന്നത്…

മനംമയക്കുന്ന രീതിയിലുളള അവളുടെ സംസാരം എന്നെ വല്ലാതെ സ്വാധീനിച്ചു..

അങ്ങനെ ഇതുവരെ രക്തദാനം നടത്തിയിട്ടില്ലാ ത്ത ഞാൻ ആദ്യമായി അതും ചെയ്തു..

അന്ന് അവിടെ വച്ച് അവളെ വീണ്ടും കണ്ടുമുട്ടി..

ആ പരിചയം സൗഹൃദത്തിലേക്ക് വഴിമാറാൻ അധികസമയം വേണ്ടി വന്നില്ല..

ആദ്യമായി പ്രണയം തുറന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞ മറുപടി എന്നെ അതിശയിപ്പിച്ചു..

“എന്റെ വീട്ടിൽ വന്ന് ആലോചിക്കൂ.. ഒരു പക്ഷെ ഈ ആഗ്രഹം അതോടെ മാറിയേക്കാം”

അവൾ പറഞ്ഞതിന്റെ പൊരുൾ എനിക്കപ്പോൾ മനസ്സിലായില്ലെങ്കിലും അവളുടെ വീട്ടിൽ ചെന്ന് കയറിയപ്പോൾ തന്നെ എനിക്കെല്ലാം മനസ്സിലായി..

അസുഖം വന്ന് തളർന്നു കിടക്കുന്ന അമ്മ.. അച്ഛൻ ഒരു സ്ഥലം ബ്രോക്കറാണ്.. സ്കൂളിൽ പഠിക്കുന്ന ഒരു സഹോദരി കൂടെയുണ്ട് അവൾക്ക്.. ഓടിട്ട ഒരു ചെറിയ വീടായിരുന്നു അത്…

ആ അച്ഛന്റെ മുഖത്ത് നിസ്സഹായവസ്ഥ പ്രകടമായിരുന്നു..

പക്ഷെ എനിക്കവളോട് കൂടുതൽ ബഹുമാനമാണ് തോന്നിയത്..

പഠിക്കുന്നതിനിടയിലും ടൈലറിംഗ് ജോലി ചെയ്ത് കുടുംബത്തിന്റെ കാര്യങ്ങൾ നോക്കുന്നുമുണ്ട് അവൾ..

എന്റെ വീട്ടിലെ കടുത്ത എതിർപ്പിനെ അവഗണിച്ച് ഞാനവളുടെ കഴുത്തിൽ മിന്നു കെട്ടി…

അങ്ങനെ കല്ല്യാണം കഴിഞ്ഞ് ആദ്യ രാത്രി.. ഞങ്ങളുടെ ചടങ്ങ് പ്രകാരം പെണ്ണിന്റെ വീട്ടിലായിരുന്നു ആദ്യരാത്രി..

സാമാന്യം നല്ല ചുറ്റുപാടിൽ വളർന്ന എനിക്ക് ആ മുറിക്കുളളിൽ ശ്വാസം മുട്ടുന്നത് പോലെ തോന്നി.. പഴയ ഒരു കട്ടിലായിരുന്നു അവിടെ ഉണ്ടായിരുന്നത്..

“ഒടിഞ്ഞു വീഴാതെ കാക്കണേ ഭഗവാനേ” ഞാൻ പ്രാർത്ഥിച്ചു…

കയ്യിൽ ഒരു ഗ്ലാസ് പാലുമായി നാണത്തോടെ അവൾ കടന്നു വന്നു..

ഗ്ലാസ്സിലെ പാതിപാൽ അവൾക്ക് കൈമാറി ഞാനവളെ എന്നൊട് ചേർത്തിരുത്തി..

“നല്ല രീതിയിൽ ജീവിച്ചു വളർന്ന ആളായതു കൊണ്ട് ഈ വീടുമായി പൊരുത്തപ്പെടാൻ കഴിയുന്നുണ്ടാവില്ല അല്ലേ? നല്ല ചൂടുണ്ട് അല്ലേ? ഈ റൂമിൽ എ.സിയൊന്നുമില്ലാട്ടോ.. വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടാവും അല്ലേ?”

നിറകണ്ണുകളോടെയുളള അവളുടെ ആ ചോദ്യങ്ങൾ എന്റെ ഹൃദയത്തിലാണ് കൊണ്ടത്..

ഞാനവളുടെ കണ്ണു തുടച്ച് കൊണ്ട് പറഞ്ഞു..

“എന്താ ഇത്? ഞാൻ സ്നേഹിച്ചത് തന്നെയാണ്.. ആ നല്ല മനസ്സിനെയാണ്..അല്ലാതെ വീടിനെയല്ല.. ഇനി എന്നും ഞാനുണ്ടാവും കൂടെ.. അതിനു വേണ്ടി ഈ ചൂടല്ല ഏത് ഇടിവെട്ടും മഴയും വരെ സഹിക്കാൻ ഞാൻ തയ്യാറാണ് ”

ഒരു പഞ്ചിന് വേണ്ടി പറഞ്ഞതാണെങ്കിലും പറഞ്ഞു തീർന്നില്ല ദാ വരുന്നു നല്ല ഒന്നാന്തരം ഇടിവെട്ടും മഴയും..

മഴപെയ്ത് തുടങ്ങിയതും അവളുടെ മുഖം മങ്ങി..

“എന്തേ “എന്ന് ചോദിക്കും മുമ്പേ ആദ്യ തുളളി എന്റെ മുഖത്ത് പതിച്ചു..

അവൾ വേഗം അവിട നിന്ന് എഴുന്നേറ്റ് ബക്കറ്റെടുക്കാൻ ഒടി.. അപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്..

പിന്നെ ഏകദേശം മൂന്ന് ബക്കറ്റുകൾ ആ മുറിയുടെ വിവിധഭാഗങ്ങളിലായി നിരന്നു..

അവളുടെ മുഖത്തെ ചമ്മൽ മാറ്റാൻ അവൾ നന്നേ പാട് പെടുന്നുണ്ടായിരുന്നു…

പക്ഷെ എനിക്ക് അവളോട് കൂടുതൽ ഇഷ്ടമാണ് തോന്നിയത്..

നല്ല മഴയായത് കൊണ്ട് ബക്കറ്റിലെ വെളളം ഇടയ്ക്കിടെ മാറ്റണമായിരുന്നു..

ഞാനും അവളെ സഹായിച്ചുകൊണ്ടിരുന്നു..

ആദ്യരാത്രിയുടെ സങ്കൽപ്പങ്ങളെ തച്ചുടച്ച മനോഹരമായ ഒരു രാത്രി..

അങ്ങനെ പുലർച്ചയോടെ മഴയ്ക്ക് ഇത്തിരി ശമനമായി..

ബക്കറ്റിൽ വെളളത്തുളളികൾ വീഴുന്ന ശബ്ദം മാത്രം ബാക്കിയായി..

അപ്പോഴേക്കും ഞങ്ങൾ അവശരായിരുന്നു..

ബെഡ്ഡെല്ലാം നനഞ്ഞിരുന്നത് കൊണ്ട് നിലത്ത് ഒരു പായ വിരിച്ച് ഞങ്ങൾ കിടന്നു..

എന്റെ മാറിൽ തലചായ്ച്ചുകൊണ്ട് അവൾ ചോദിച്ചു..

“ഇപ്പോൾ എങ്ങനെയുണ്ട്… സത്യം പറയണം..

ഞാനവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു..

“നിന്നോടുളള എന്റെ സ്നേഹം കൂടിയിട്ടെ ഉളളൂ പെണ്ണേ..”

അങ്ങനെ മഴയിൽ കുതിർന്ന ആ ആദ്യരാത്രി ഞങ്ങളുടെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിനങ്ങളിലൊന്നായി..

മനസ്സുകൾ തമ്മിലാണ് ചേരേണ്ടത് അല്ലാതെ പണവും പണ്ടവുമല്ല…

രചന
പ്രവീൺ ചന്ദ്രൻ

കല്യാണദിവസം വധുവിന്റെ വേഷത്തിൽ അവൾ മണ്ഡപത്തിലേക്ക് വരുമ്പോൾ ഞാൻ കണ്ടത് അവൾ കാണാതെ ആളുകൾക്ക് …

#ഒരു_മധുരപ്രതികാരം
******************************

ഞങ്ങളുടെ ഡിഗ്രി കോളേജിലെ മലയാളം ക്ലാസ്സിലാണ് ഞാനവളെ കൂടുതലായി ശ്രദ്ധിച്ചുതുടങ്ങിയത് . രാധാമണി ടീച്ചർ ചൊല്ലിക്കൊടുക്കുന്ന കവിതകൾ മറ്റാരേക്കാളും ആകാംഷയോടെ കേട്ടിരുന്നതു അവളായിരുന്നു. ഞങ്ങളുടെ ക്ലാസ്സിലെ രാധു. കണ്ണെഴുതി, നെറ്റിയിലൊരു കുഞ്ഞു പൊട്ടും, അതിന് മുകളിൽ ചന്ദനം തൊട്ട്, മുടിയിൽ തുളസിക്കതിരും ചൂടി വരുന്നൊരു കൊച്ചുസുന്ദരി. ചൊല്ലിക്കൊടുക്കുന്ന ഓരോ വരികളും അവളുടെ കണ്ണുകളിൽ ഓരോ ഭാവം നിറയ്ക്കുന്നത് എനിക്കത്ഭുതമായി തോന്നി.

ആരോടും അധികം അടുപ്പം കാണിക്കാത്ത ഒരു ഏകാന്തജീവി. ഒഴിവുസമയങ്ങളിൽ ഒരു കുഞ്ഞു ഡയറിയിൽ എന്തോ കുത്തിക്കുറിക്കുന്നതു പലപ്പോഴുമെന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആ ഏകാന്തജീവിയോട് വല്ലാത്തൊരിഷ്ടം എന്റെ ഉള്ളിൽ തോന്നി തുടങ്ങി.

ആയിടയ്ക്കാണ് രക്തദാനത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ കോളേജിൽ സെമിനാർ സംഘടിപ്പിച്ചത്. പെൺകുട്ടികളും കുറച്ചു ആൺകുട്ടികളും സെമിനാർ ഹാളിലേക്ക് പോയി… ഞാനും എന്റെ ഉറ്റചങ്ങാതി അമലുമൊഴിച്ച് ബാക്കിയുണ്ടായിരുന്ന ആൺകുട്ടികളെല്ലാം ഗ്രൗണ്ടിലേക്കും പോയി.

എന്നിലെ കള്ളകാമുകൻ അവളുടെ ബാഗിൽ നിന്ന് ആ കുഞ്ഞു ഡയറി സ്വന്തമാക്കി. ആദ്യ പേജ് മറിച്ച് വായിച്ചതും ഞാൻ ഞെട്ടി പോയി.
“എന്റെ സ്വന്തം രാധുവിനു
-എന്ന് അഭിയേട്ടൻ”

സ്വപ്‌നങ്ങൾ കൊണ്ടു ഞാൻ കെട്ടി ഉയർത്തിയ പ്രണയകൊട്ടാരം ഒറ്റനിമിഷം കൊണ്ടു തകർന്നു വീണു.

എന്നാലും ആരാകുമീ അഭി. അമിതമായ ആകാംക്ഷയോടെ ഞാൻ ഡയറിയുടെ പേജുകൾ മറിച്ചു. ആദ്യത്തെ കുറെ പേജുകളിൽ അഭിയുടെ കവിതകൾ. അതു വായിച്ച ഞാൻ ഇടിവെട്ടിയ കണക്കു നിന്നുപോയി. എന്റെ കവിതകൾ. മലയാളം ടീച്ചറിനെ കാണിക്കാൻ എന്നും പറഞ്ഞു എന്റെ ഏട്ടൻ വാങ്ങി കൊണ്ടു പോയ കവിതകൾ.

ദൈവമേ, ഇവളെ വീഴ്ത്താൻ ആയിരുന്നോ ആ ദുഷ്ടൻ എന്നെ പിടിച്ചിരുത്തി ഈ കണ്ട കവിതയൊക്കെ എഴുതിച്ചത്. എന്റെ അഭിയേട്ടനെയായിരുന്നോ ഇവൾ സ്നേഹിച്ചിരുന്നത് എന്നോർത്ത് ഞാൻ മരവിച്ചു നിന്നുപോയി.

എന്റെ ഏട്ടനാണേൽ ഇപ്പോൾ ഒരു അമേരിക്കൻ മലയാളിയുടെ മകളെയും കെട്ടി അമേരിക്കയിൽ സുഖമായി കഴിയുന്നു. ഞാൻ അഭിയേട്ടന്റെ അനിയൻ ആണെന്നറിഞ്ഞാൽ അവളെങ്ങനെ പ്രതികരിക്കുമെന്നു ആലോചിച്ചപ്പോൾ അഗ്നിപർവതം പോലെ ഞാൻ പുകയാൻ തുടങ്ങി.

അന്ന് വീട്ടിൽ ചെന്നയുടെൻ ഞാൻ എന്റെ പഴയ കവിതകൾ ഒക്കെ തപ്പിയെടുത്തു. ഇടയ്ക്ക് നിർത്തി വച്ച കവിതയെഴുത്ത് വീണ്ടും തുടങ്ങി.

പിറ്റേന്നു കോളേജിൽ രണ്ടും കല്പ്പിച്ചു ഞാൻ രാധുവിന്റെ അടുത്തേക്ക് ചെന്നു. കയ്യിലിരുന്ന കടലാസ് അവൾക്കു നേരെ നീട്ടി. തുറിച്ചയൊരു നോട്ടമായിരുന്നു ആദ്യ പ്രതികരണം.

“എന്താ സുധി ഇത്?”

“പ്രണയലേഖനമൊന്നുമല്ല. ഞാനെഴുതിയ കവിതയാ.”

“മം. തരൂ.”

“താനൊരു കൊച്ചു കവയിത്രിയല്ലേ. വായിച്ചിട്ട് അഭിപ്രായം പറ.”

അവളതു വായിച്ചു നോക്കി. ആ കണ്ണുകളിൽ ചില ഓർമകൾ അലയടിക്കുന്നത് ഞാൻ കണ്ടു.

“ഈ കവിത ഞാൻ എടുത്തോട്ടേ”

“എടുത്തോ.

“കൊള്ളാവോ?”

“നന്നായിട്ടുണ്ട്.”

“താങ്ക്സ്.”

അവൾ ആ കവിത ഡയറിക്കുള്ളിൽ വച്ച് എന്നെ നോക്കി ചിരിച്ചു. കവിതകൾ പരസ്പരം കൈമാറി ഞങ്ങൾ നല്ല കൂട്ടുകാരായി. ആരോടും അധികം മിണ്ടാത്ത ഈ മിണ്ടാപ്പൂച്ച എന്നോട് അടുപ്പം കാണിക്കണത് കണ്ടു അസൂയപ്പെട്ട കൂട്ടുകാർക്കിടയിലൂടെ ഞാൻ അവൾക്കൊപ്പമൊരു പൂമ്പാറ്റയെപോലെ പാറി നടന്നു.

കോളേജ് പഠനം അവസാനിക്കാറായ നാളുകൾ. കോളേജ് വരാന്തയിലിരുന്നു കൈമാറിയ കവിതകൾക്കൊപ്പം എന്റെ ഇഷ്ടം ഞാനവളോട് പറഞ്ഞു. അവൾ അവളുടെ കഥ പറയാൻ തുടങ്ങി.

“ഞാൻ മറ്റൊരാളെ സ്നേഹിച്ചിരുന്ന പെണ്ണാണ്. എന്നെ കുറിച്ച് എല്ലാമറിഞ്ഞു വേണം എന്നെ സ്നേഹിക്കാൻ. ”

“നിന്റെ ഭൂതകാലമൊന്നും എനിക്കറിയണ്ട. നിനക്കെന്നെ ഇഷ്ടമാണേൽ നിന്റെ വീട്ടുകാരുടെ അനുഗ്രഹത്തോടെ ഞാൻ നിന്നെ താലി കെട്ടും.”

“മം.”

“താനിപ്പോൾ നന്നായി പഠിച്ചു പരീക്ഷ എഴുതു.”

സർവീസിലിരിക്കെ മരിച്ച എന്റെ അച്ഛന്റെ ജോലി അമേരിക്കയെന്ന് കേട്ടപ്പോൾ വേണ്ടാന്ന് പറഞ്ഞു പോയ ഏട്ടനോട് മനസ്സിൽ ഞാൻ നന്ദി പറഞ്ഞു. ജോലി തേടി നടന്നു അവളെ എനിക്ക് നഷ്ടപ്പെടില്ലല്ലോ .

എക്സാമൊക്കെ പാസ്സായി ഞാൻ അച്ഛന്റെ ജോലിയിൽ പ്രവേശിച്ചു. അമ്മയോടു രാധുവിന്റെ കാര്യം പറഞ്ഞപ്പോൾ പ്രതേകിച്ചു എതിർപ്പൊന്നും ഉണ്ടായില്ല. ഗവണ്മെന്റ് ഉദ്യോഗസ്ഥനാണെന്നറിഞ്ഞപ്പോൾ അവളുടെ വീട്ടുകാർക്കും ഡബിൾ ഓക്കേ.

അമേരിക്കയിലെ തിരക്കൊക്കെ മാറ്റി വച്ച് ഏട്ടനും ഏട്ടത്തിയും കല്ല്യാണത്തിനു ഒരാഴ്ച്ച മുമ്പെത്തി. അന്നുവരെ ഞാൻ കൊടുക്കാതിരുന്ന രാധുവിന്റെ ഫോട്ടോ അമ്മ അവർക്ക് കാണിച്ചു കൊടുത്തു. ഫോട്ടോ നോക്കിയ ഏട്ടൻ തേങ്ങ തലയിൽ വീണ കണക്കു നിൽക്കണതു കണ്ടു ഞാൻ ചിരിച്ചുപോയി. ഒന്നും മിണ്ടാതെ ആശാൻ പെട്ടെന്ന് അവിടന്ന് മുങ്ങി.

കല്യാണദിവസം വധുവിന്റെ വേഷത്തിൽ അവൾ മണ്ഡപത്തിലേക്ക് വരുമ്പോൾ ഞാൻ കണ്ടത് അവൾ കാണാതെ ആളുകൾക്ക് പിന്നിലേക്ക് മറഞ്ഞു നിൽക്കുന്ന ഏട്ടനെയാണ്.

കല്യാണഫോട്ടോ എടുക്കാൻ ഏട്ടനെയും ഏട്ടത്തിയെയും അമ്മ കൂട്ടിക്കൊണ്ട് വന്നു. അഭിയേട്ടനെ കണ്ടതും രാധു അമ്പരന്നു നിന്നു. അമ്മ രാധുവിനു ഏട്ടനെയും ഏട്ടത്തിയെയും പരിചയപ്പെടുത്തിക്കൊടുത്തു. ഫോട്ടോ എടുത്തയുടെൻ അവിടുന്ന് മുങ്ങാൻ നിന്ന ഏട്ടന്റെ കയ്യിൽ ആരും കാണാതെ ഞാനൊരു കുറിപ്പ് കൊടുത്തു.

അവരു നടന്നു പോകുമ്പോൾ ഞാൻ ചിരിച്ചു കൊണ്ടു രാധുവിനോട് പറഞ്ഞു.

“എന്റെ കവിതകൾ അടിച്ചു മാറ്റി തന്നു നിന്നെ വീഴ്ത്തിയ നമ്മുടെ നാടൻ അഭിയേട്ടന്റെ ന്യൂ ജെൻ ലുക്ക്‌ നോക്കിയേടി”

അവളമ്പരപ്പോടെ എന്നെ നോക്കി കണ്ണു നിറച്ചു. പതിയെ അവളുടെ ചുണ്ടുകൾ പുഞ്ചിരിച്ചു.

നടന്നകലുന്ന ഏട്ടൻ എന്റെ കുറിപ്പ് വായിച്ചു:

“നന്ദി അഭിയേട്ടാ … എന്റെ പെണ്ണിനെയും അച്ഛന്റെ ജോലിയും വേണ്ടാന്ന് വച്ച് പോയതിനു…”

ഏട്ടൻ തിരിഞ്ഞു നോക്കി. എന്റെ അടുത്തേക്ക് ചേർന്നു നിന്നുകൊണ്ടു ആ നോട്ടത്തിനു മറുപടി കൊടുത്തത് അവളായിരുന്നു- എന്റെ മാത്രം രാധു.

രേഷ്മ കൃഷ്ണ

NB:- ആദ്യമായി എഴുതിയ കഥയാണ്. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക.

എനിക്കുറപ്പുണ്ടായിരുന്നു എന്നെക്കാൾ നന്നായി എന്റെ അമ്മയെ ഒരു കുറവും വരുത്താതെയവൾ പൊന്നുപോലെ നോക്കും എന്ന് പക്ഷേ

#പുണ്യം

“ത്യാഗം ചെയ്യുന്നതിനൊക്കെ ഒരു പരിധിയുണ്ട് അച്ചു, നമ്മളെക്കൊണ്ട് പറ്റുന്ന സഹായം ചെയ്യാന്നല്ലാണ്ട് നിന്റെ ജീവിതമിങ്ങനെ ഹോമിക്കുന്നതിൽ അർത്ഥമില്ല”

ആത്മാർത്ഥ സുഹൃത്തിന്റെ വാക്കുകൾ കാതിലലയടിച്ചപ്പോൾ അവനു നേരെ നോക്കി ഒന്നു പുഞ്ചിരിക്കുക മാത്രമേ ഞാൻ ചെയ്തുള്ളു ഉച്ചത്തിൽ ഞാൻ പറയാനാഗ്രഹിച്ച മറുപടി എന്റെ മനസ്സിൽക്കിടന്ന് പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.

” ഇത് ത്യാഗമല്ല എനിക്കു വന്നു ഭവിച്ച പുണ്യമാണ്” എന്ന്

പുരുഷ സ്വയംസഹായ സംഘത്തിൽ നിന്ന് കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി തെരുവോരത്തെ ഭിക്ഷക്കാർക്ക് പൊതിച്ചോറു കൊടുക്കാനെത്തുന്നതിനിടയിലാണ് ഞാനവളെക്കാണുന്നത്

ഞങ്ങൾക്കു മുൻപേ അവർക്കായുള്ള ഭക്ഷണവുമായ് എത്തിയവൾ, തികച്ചും വിരൂപയായിരുന്നു അവൾ മുഖത്തും കൈകളിലും ആകെ പാണ്ഡുപിടിച്ച് ആകെ മെലിഞ്ഞു ശോഷിച്ച ശരീര പ്രകൃതി എങ്കിലും മറ്റൊരു പെണ്ണിലും ജീവിതത്തിലിന്നേവരെ കാണാത്തൊരു തരം വശ്യ സൗന്ദര്യം ഞാനവളിൽക്കണ്ടിരുന്നു

കാരണം

ബാഗിൽ നിന്നും ചോറിന്റെ പൊതിക്കെട്ടഴിച്ചവൾ പാതയോരത്തിരുന്നു കൊണ്ടാ വൃദ്ധയായെ സ്ത്രീയെ ഊട്ടിക്കൊണ്ടിരുന്നപ്പോൾ കുട്ടിക്കാലത്ത് അമ്മയുരുട്ടിത്തരാറുള്ള ഉരുളയുടെ സ്വാദാണെനിക്കോർമ വന്നത്

ഓരോ ഉരുളയുമാ സ്ത്രീ ആസ്വദിച്ചു കഴിക്കുമ്പോഴും അവളവരുടെ കവിളിൽത്തഴുകുകയും മൂർദ്ധാവിൽ തലോടുകയും ചെയ്യുന്നുണ്ടായിരുന്നു. ആ വൃദ്ധയുടെ നിറകണ്ണുകളിൽ നിന്നും ഞാൻ വായിച്ചെടുത്തിരുന്നു അവർക്കവളോടുള്ള നന്ദി എത്രമാത്രമുണ്ടെന്നുള്ളത്

അവളെക്കുറിച്ചു കൂടുതലായറിയുവാനാകാംക്ഷയേറിയപ്പോൾ നേരിട്ടു ചെന്ന് തന്നെ സംസാരിക്കുകയാണ് ചെയ്തത്

പതിയെ ഞാനവളുടെയരികിലേക്ക് നടന്നടുക്കുമ്പോഴും അവളുടെ ശ്രദ്ധ മുഴുവൻ ആ വൃദ്ധയിൽ മാത്രമായിരുന്നു

നല്ലമ്മ വളർത്തിയ മക്കൾക്കെ ഇത്തരം പുണ്യ പ്രവൃത്തികൾ ചെയ്യാനാവൂ എന്നു ഞാൻ പറഞ്ഞപ്പോൾ നിഷ്കളങ്കതയോടെയൊന്നു ചിരിക്കുക മാത്രമേയവൾ ചെയ്തുള്ളു.

അൽപ്പനേരത്തിനു ശേഷം അവൾപ്പറഞ്ഞ മറുപടിയെന്നിൽ വല്ലാതെയസ്വസ്ഥതയുളവാക്കിയിരുന്നു

‘അമ്മ’

ഭാഗ്യം ചെയ്തവർക്കൊപ്പമല്ലെ അമ്മയെന്ന പുണ്യo എന്നും ജീവിതത്തിൽ കൂടെയുണ്ടാകൂ എന്നുള്ള അവളുടെ മറുപടിക്ക് അപ്പോളെനിക്കുത്തരമൊന്നും തന്നെയുണ്ടായിരുന്നില്ല

ഭാഗ്യം കെട്ടവളെന്നെന്നോട് പറയാതെ പറഞ്ഞവളെ പെണ്ണുകാണാനായ് വീട്ടിൽച്ചെന്നത് ചേർത്തു നിർത്തി താലോലിക്കാൻ ഒരമ്മയെ സമ്മാനിക്കാനായിരുന്നു.

വർഷങ്ങളായി കൈവിട്ട അമ്മയെന്നയാ സൗഭാഗ്യത്തിന്റെ കുറവു നികത്തുവാൻ വേണ്ടിയായിരുന്നു .

എനിക്കുറപ്പുണ്ടായിരുന്നു എന്നെക്കാൾ നന്നായി എന്റെ അമ്മയെ ഒരു കുറവും വരുത്താതെയവൾ പൊന്നുപോലെ നോക്കും എന്ന്

എനിക്കറിയാമായിരുന്നു ഈ ലോകത്ത് അവൾ സ്നേഹിക്കുന്നതു പോലെയെന്റെ അമ്മയെ മറ്റൊരു പെണ്ണിനും സ്നേഹിക്കാൻ കഴിയില്ല എന്ന്

അതു കൊണ്ടു തന്നെയാണ് പ്രണയനഷ്ടത്തിനു പിറകെയുള്ളയെന്റെ ഇനിയൊരു വിവാഹമില്ല എന്റെ പാഴ്വാക്കിനെ കാറ്റിൽപ്പറത്തിക്കൊണ്ട് അമ്മയോട് ഞാനെന്റെ ആവശ്യമുന്നയിച്ചത്

എന്റെ തീരുമാനമറിയിച്ചപ്പോൾ മറു വാക്കൊന്നും തന്നെ പറയാതെ അമ്മയെന്റെ കൂടെയിറങ്ങിത്തിരിച്ച അമ്മയോടെനിക്ക് അളവറ്റ ബഹുമാനമാണുള്ളിൽ തോന്നിയതും

ആ കൊച്ചു വീട്ടിലെ പുണ്യവിളക്കിനെ എന്നന്നേക്കുമായി സ്വന്തമാക്കിക്കോട്ടെയെന്നു ചോദിച്ചപ്പോൾ മകളെ പ്രാണനേക്കാളധികം സ്നേഹിക്കുന്നയാ വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു

മേശവലിപ്പിൽ നിന്നും മഷി പരന്ന മുഷിഞ്ഞയാ നാലു സെന്റ് പുരയിടത്തിന്റെയാധാരം എനിക്കു നേരേ നീട്ടിയിട്ടദ്ദേഹം പറയുന്നുണ്ടായിരുന്നു എന്റെ കൈയ്യിലാകെയുള്ളയീ സമ്പാദ്യം അതെന്റെ മകൾക്കുള്ളതാണ് എന്ന്

ആ ചങ്കിടിപ്പിന്റെ എണ്ണം തെറ്റിയ താളം മുഴങ്ങിയത് എന്റെ കാതിലായിരുന്നു ചേർത്തു നിർത്തിയാ താളം ക്രമീകരിച്ചു കൊണ്ട് കണ്ണീരിൽ കുതിർന്നയാ ആധാരം തിരിച്ചേൽപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനം എന്ന്

നിറകണ്ണുകളോടെ ആ പടിവാതിലിൽ നിന്നും ഒളിഞ്ഞു നോക്കിയ അവളുടെ അരികിലേക്കെന്റെയമ്മ നടന്നടുത്തു വെള്ളപ്പാണ്ടു വീണ അവളുടെ കവിളുകളിലൂടെയൊന്നു വിരലോടിച്ചു വിണ്ടു കീറിയ ആ നെറ്റിത്തടത്തിലമ്മയൊന്നു ചുണ്ടമർത്തിയപ്പോൾ മാറി വീണവൾ തേങ്ങുന്നുണ്ടായിരുന്നു

മാറോടു ചേർത്തു പിടിച്ച് ഇവളെന്റെ മരുമകളാവേണ്ടവളല്ല മകളാവേണ്ടവളാണെന്നു പറഞ്ഞപ്പോൾ ഞാനറിയുന്നുണ്ടായിരുന്നു ആത്മാഭിമാനത്തിന്റെ അങ്ങേയറ്റം എന്തായിരുന്നെന്നത്

അടുക്കളപ്പുറത്ത് ഓലപ്പീപ്പിയൂതിക്കളിക്കുന്നുണ്ടായിരുന്ന അവളുടെ കുഞ്ഞിപ്പെങ്ങൾ തപ്പിത്തടഞ്ഞെന്റെയരികിലേക്ക് നടന്നടുത്തപ്പോൾ തന്നെയെനിക്കു മനസ്സിലായി അവളുടെ ഇരുകണ്ണുകൾക്കും കാഴ്ച്ച ശേഷിയില്ല എന്നുള്ളത്

പരതി നടന്നെന്റെ അരികിലേക്ക് നിഷ്കളങ്കമായ പുഞ്ചിരിയിലൂടെയവൾ നടന്നടുക്കുമ്പോഴും എന്റെ മനമൊന്നു പൊട്ടിക്കരയാൻ വെമ്പുന്നുണ്ടായിരുന്നു

മെല്ലെയവളെന്റെ താടിയിൽ തഴുകിക്കൊണ്ട് ചോദിച്ചു.

” എട്ടാ, എന്റെ ഇച്ചേച്ചീ……. എന്റെ ഇച്ചേച്ചി സുന്ദരിയല്ലേ ഏട്ടാ

ഉസ്കൂളിലുള്ള കൂട്ടുകാരികൾ പറഞ്ഞു എന്റെ ഇച്ചേച്ചിയെ കാണാൻ ഒരു വെടുപ്പും വൃത്തിയുമില്ല എന്ന്

എന്റെ ഇച്ചേച്ചീനെ കെട്ടാൻ ആരും വരില്ല എന്ന്

എന്നിട്ട് ഏട്ടൻ വന്നല്ലോ

കണ്ണു കാണാൻ വയ്യെങ്കിലും എനിക്കറിയാം എന്റെ ഇച്ചേച്ചി സുന്ദരിയാന്ന്

ന്റെ ഇച്ചേച്ചീനെ പൊന്നുപോലെ നോക്കണ ചെക്കനെ കിട്ടാൻ എന്നും അമ്പലത്തിൽപ്പോയി പ്രാർത്ഥിക്കാറുണ്ടല്ലോ ഞാൻ

പറ ഏട്ടാ ന്റെ ഇച്ചേച്ചി സുന്ദരിയല്ലേ

ഏട്ടനെന്റെ ഇച്ചേച്ചീനെ പൊന്നു പോലെ നോക്കില്ലേ?

പൊട്ടിക്കരഞ്ഞുകൊണ്ട് ചേർത്തു പിടിച്ചു ഞാനാ കുഞ്ഞിക്കവിളിൽ തലങ്ങും വിലങ്ങും ചുംബിച്ചു മടിയിലിരുത്തി ഞാനവളുടെ മുഖമുയത്തിക്കൊണ്ടവളോടായ് പതിയെപ്പറഞ്ഞു

” ഈ ലോകത്ത് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായ പെൺകൊടി മോൾടെ ഇച്ചേച്ചിയാണ്” എന്ന്

ഇടനെഞ്ചിൽ കണ്ണീരോടെയവളെന്നെ വാരിപ്പുണരുമ്പോൾ കൂടെപ്പിറന്ന ഒരു കുഞ്ഞിപ്പെങ്ങൾ ഇല്ലാത്തതിന്റെ കുറവു നികന്ന പോലെയാണെനിക്ക് തോന്നിയത്

പടിയിറങ്ങിപ്പോകുമ്പോഴും അമ്മയെന്നെ അഭിമാനത്തോടെത്തന്നെ നോക്കുന്നുണ്ടായിരുന്നു ഈ ഭൂമിയിലെ ഏറ്റവും സന്തോഷവതിയായ അമ്മ ഞാനാണെന്നമ്മപറയുമ്പോഴും മനസ്സിലാ വാചകങ്ങൾ അലയടിച്ചു കൊണ്ടിരുന്നു

” ഇത് ത്യാഗമല്ല എനിക്കു വന്നു ഭവിച്ച പുണ്യമാണ്” എന്ന്

#ആദർശ്_മോഹനൻ

വിവാഹിതനാകുന്നതിനു മുൻപ് അവസാനമായി നിന്നെ കാണണം എന്ന് തോന്നി അതുകൊണ്ട്

അവൾ….
വിവാഹക്ഷണക്കത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു, ലൈക്കും കമന്റും, നോക്കി ഇരുന്ന ദിവസങ്ങളിൽ, ഒരു വൈകുന്നേരം വീട്ടിൽ ഒരു കൊറിയർ വന്നു.

 

കൊറിയർ കൊണ്ട് വന്ന ആളിനെ നല്ല മുഖപരിചയം തോന്നി.

 

പണ്ട്കോളേജിൽ ഒരുമിച്ചു പഠിച്ച ആസിഫിന്റെ അതെ മുഖഛായ,. ആസിഫ് മരിച്ചിട്ട് വർഷങ്ങളായി, ഇന്ന് വീണ്ടും അവനെ ഓർക്കുകയും ചെയ്തുവല്ലോ,
കൊറിയറിൽ എന്റെ അഡ്രെസ്സ് മാത്രമേ ഉള്ളൂ. പുതിയ കമ്പനി ആണെന്ന് തോന്നുന്നു. ഇങ്ങനെ ഒരു കൊറിയർ കമ്പനി ഉള്ളതായി അറിയില്ല.

 

കൊറിയർതുറന്നു നോക്കിയപ്പോൾ ഒരു ചുവന്ന കുർത്തയും നീല കരയുള്ള മുണ്ടും,, കൂടെ ഒരു കത്തും.
“പ്രിയ സനൽ, അടുത്ത ഞായറാഴ്ച പാളയം സെന്റ് ജോസഫ് കത്തീഡ്രലില് വച്ച് എന്റെ കല്യാണമാണ്, സനൽ തീർച്ചയായും വരണം, വരുമ്പോൾ ഈ മുണ്ടും കുർത്തയും ധരിക്കണം.”

 

എനിക്ക് വല്ലാത്ത ഒരു ത്രില്ല് ഉണ്ടായി. എന്റെ ഏതോ ഒരു കാമുകി, അവളുടെ വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നു. ആരാണെന്ന് പറഞ്ഞിട്ടുമില്ല.

 

നാലാം ക്ലാസിൽ പഠിക്കുമ്പോൾ പുളിമിട്ടായി വാങ്ങി കൊടുത്ത് പ്രേമിച്ച ചിഞ്ചു മോൾ മുതൽ വിവാഹം ക്ഷണിക്കാൻ പോയപ്പോൾ പരിചയപ്പെട്ട,, പ്ലസ് ടുവിൽ പഠിപ്പിച്ച ശ്യാമള ടീച്ചറിന്റെ മകളുടെ മുഖം വരെ ഞാൻ ഓർത്തെടുത്തു. എന്തായാലും വിവാഹത്തിന് പോകണമെന്ന് ഞാൻ ഉറപ്പിച്ചു.

 

ഞായറാഴ്ച രാവിലെ ഞാൻ പുറപ്പെട്ടു. പാളയം പള്ളിയിൽ എത്തിയപ്പോൾ വിവാഹം നടക്കുകയാണ്. പെൺകുട്ടിയെ കണ്ടിട്ട് എനിക്ക് ഒരു പരിചയം തോന്നുന്നില്ല. കൈയിൽ കരുതിയിരുന്ന സമ്മാനം ഞാൻ അവർക്ക് കൊണ്ട് കൊടുത്തു. മുഖം ഞാൻ ഒന്നുകൂടി ശ്രദ്ധിച്ചു.

 

ഇല്ല, വരനെയും വധുവിനെയും എനിക്ക് ഒരു പരിചയവും തോന്നുന്നില്ല. ആരോ എന്നെ പറ്റിക്കാൻ ചെയ്തതാണ് എന്ന് എനിക്ക് മനസിലായി.
കല്യാണം കൂടാൻ വന്ന എല്ലാ അതിഥികളെയും ഞാൻ ശ്രദ്ധിച്ചു. പരിചിത മുഖം ഒന്നുപോലും ഇല്ല. ഇതിനിടയിൻ ഏതോ ഒരാൾ എന്നെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുകയും ചെയ്തു. ഞാൻ ആ പള്ളിയിൽ കയറിയപ്പോൾ മുതൽ എന്റെ കൂടെ കൂടിയ ഒരു ചിത്രശലഭവും, ഞാനും, ആ പള്ളിയെ രണ്ടു തവണ വലം വച്ച് കഴിഞ്ഞു.

 

കുറച്ച് കഴിഞ്ഞപ്പോൾ, ഒരു കൊച്ചു പെൺകുട്ടി എന്റെ നേരെ വന്നു. ആ കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു പേപ്പർ എന്റെ കയ്യിൽ തന്നിട്ട് ആ കുട്ടി തിരിച്ചു പോയി. ഏതൊക്കെയോ സിനിമ രംഗങ്ങൾ എന്റെ മനസ്സിൽ വന്നു.
ഞാൻ ചെറു പുഞ്ചിരിയോടെ ആ കുട്ടിയുടെ പിന്നാലെ ചെന്നു. അവൾ അവളുടെ അമ്മയുടെ അടുത്തേക്കാണ് പോയത്. ഞാൻ പിന്നാലെ ചെല്ലുന്നത് കണ്ടു അവർ എന്നോട് ആരാണെന്ന് ചോദിച്ചു.

 

“ഈ കുഞ്ഞ്, അവിടെ.. എന്റെയടുത്ത്,.” എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു

“അയ്യോ സോറി, അവൾക്ക് മാനസികമായി ചെറിയ പ്രശ്നങ്ങൾ ഉണ്ട്, സോറി”
ആ കുട്ടിയുടെ അമ്മ പറഞ്ഞു.

ആ കുട്ടിയിൽ നിന്നും എനിക്ക് ഒന്നും മനസിലാക്കാൻ കഴിയില്ല എന്ന് മനസിലായപ്പോൾ, ഞാൻ അവിടെ നിന്നും കുറച്ച് മാറി, ആ കത്ത് വായിക്കാൻ തുടങ്ങി..
“”സനൽ.. നിന്റെ വിവാഹം ആയി എന്ന് അറിഞ്ഞു, എന്റെ ഭാഗത്ത് നിന്നും ചിന്തിച്ച് നീ എന്നെത്തേടി വരും എന്ന് ഞാൻ വിശ്വസിച്ചിരുന്നു. അതുണ്ടായില്ല..
എന്തായാലും നീ വിവാഹിതനാകുന്നതിനു മുൻപ് അവസാനമായി നിന്നെ കാണണം എന്ന് തോന്നി. അതും എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഈ വേഷത്തിൽ…..
നീ ഇവിടെ എത്തിയത് മുതൽ ഞാൻ നിന്റെ കൂടെയുണ്ട്, നീ എന്നെ ശ്രദ്ധിച്ചുവോ എന്ന് എനിക്ക് അറിയില്ല. പണ്ട് നീ എന്നോട് ഒരുപാടു കള്ളങ്ങൾ പറഞ്ഞിട്ടുണ്ട്. എല്ലാം എന്നെ സന്തോഷിപ്പിക്കാനായിരുന്നല്ലോ… എനിക്ക് അറിയാം നിന്റെ ബാധ്യതകൾ മൂലമാണ് നീ എന്നെ ഒഴിവാവാക്കിയത് എന്ന്. സാരമില്ലെടാ…

നിനക്ക് ഇപ്പോഴും എന്നെ മനസിലായില്ലേ.. പുറത്ത് വരൂ.. പള്ളിമണിയുടെ അടുത്തുള്ള രൂപക്കൂട്ടിൽ നീ എനിക്ക് മുൻപ് തന്ന ഒരു സമ്മാനം ഞാൻ വച്ചിട്ടുണ്ട്. വരൂ””
കത്ത് വായിച്ച ഞാൻ, പെട്ടെന്ന് തന്നെ ആ രൂപക്കൂട്ടിനടുത്തേക്ക് ചെന്നു. അവിടെ പല വർണങ്ങളാൽ പൊതിഞ്ഞ ഒരു ബോക്സ് ഞാൻ കണ്ടു. ഞാൻ അത് തുറന്നു. ആ സമ്മാനം….
പഞ്ഞിയും തെർമോക്കോളും കൊണ്ട്, എന്റെ സുഹൃത്ത് ആസിഫ് നിർമിച്ച നീലാകാശത്തിലെ മേഘം…. ഈ സമ്മാനം ഞാൻ സമ്മാനിച്ചത്, അവൾക്കായിരുന്നു. അവൾ എവിടെ…
ഞാൻ ചുറ്റിനും നോക്കി. ആ പള്ളിയിൽ എത്തിയപ്പോൾ മുതൽ എന്റെ കൂടെയുണ്ടായിരുന്ന ചിത്രശലഭം ആ മേഘത്തിന്റെ രൂപത്തിൽ ഇരിക്കുന്നുണ്ട്. അത് എന്നെയാണ് നോക്കുന്നത്. പെട്ടെന്ന് അത് പിന്നിലേക്ക് പറന്നു. ഞാൻ അതിന്റെ പിന്നാലെ ചെന്നു. ആ ശലഭം പള്ളി സെമിത്തേരിക്കുള്ളിലേക്ക് പറന്ന്, ഒരു റോസാ ചെടിയിൽ ഇരുന്നു. വീണ്ടും ആ ശലഭം എന്റെ നേരെ പറന്നു വന്നു. എന്റെ ചുമലിൽ ഇരുന്നു, എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല. ആ ശലഭം എന്റെ കണ്മുന്നിൽ പറന്ന് കുറച്ച് നേരം എന്നെ നോക്കി നിന്നു. ശേഷം അത് ഉയർന്നു പറന്നു, സെമിത്തേരിക്ക് മുകളിലൂടെ, ആകാശത്തേക്ക് മറഞ്ഞു..
കൊറിയർ കൊണ്ട് വന്ന, എന്റെ പഴയ സുഹൃത്ത് ആസിഫിന്റെ മുഖം എന്റെ മനസ്സിൽ വന്നു,, അവളുടെയും…..

ഏട്ടൻ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടൊ???

ഏട്ടാ…
ഏട്ടൻ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടൊ???

കല്യാണം കഴിഞ്ഞ് കുറെ നാളുകൾക്ക് ശേഷം അവൾ ആദ്യമായിചോദിച്ച ചോദ്യം കുറച്ച് നേരത്തെ മൗനത്തിന് ശേഷം അവൻമറുപടി കൊടുത്തു

അതെ ഉണ്ട് നിന്നെ കെട്ടുന്നതിന് കുറെ കാലം മുൻപ്…

അവൾ എങ്ങിനെയാ സുന്ദരി ആണോ???
അതെ സുന്ദരിയാ…

കുറച്ച് പരിഭവത്തോടെ

എന്ന ആ ലൗ സ്റ്റോറി പറ ഏട്ട…

നിനക്കറിഞ്ഞിട്ടെന്തിന???

കുറച്ച് ദേഷ്യപ്പെട്ടു

വെറുതെ അറിയാൻ പറ പ്ലീസ്…

അവളുടെ നിർബന്ധത്തിന് അവൻ വഴങ്ങി പറഞ്ഞു തുടങ്ങി…

ഒരു 6 വർഷം മുൻപ് ഞാനൊരാളെ പ്രണയിച്ചിരുന്നു കോളേജിൽ പഠിക്കുമ്പോഴ അവളെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് പേര് അഭിനയ ആ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറി അങ്ങിനെ കുറെ കാലം പ്രണയിച്ചു…

അവൾ വീണ്ടും ചോദിച്ചു എന്നിട്ടെന്തായി..?

എല്ലാ പ്രണയ കഥകളിലെയും പോലെ അവളുടെ വീട്ടിലറിഞ്ഞ് ആകെ പ്രശ്നമായി…
മറ്റൊരാൾക്കും വിട്ട് കൊടുക്കിലെന്ന വാശിയിലായിരുന്നു ഞാൻ…

അവളുടെ വീട്ടുക്കാരുടെ നിർബന്ധത്തിന് വഴങ്ങിയാണോ എന്നോടുള്ള ഇഷ്ടം കുറഞ്ഞിട്ടാണോ എന്നറിയില്ല ഫോൺ വിളിക്കുമ്പോഴെല്ലാം അവൾ ഒഴിഞ്ഞു മാറുന്നുണ്ടായിരുന്നു…

ഒരാഴ്ച അവൾ ക്ലാസ്സിൽ വന്നില്ല…
എന്ത് പറ്റി എന്നുമറിയില്ല…

ലീവ് തീർന്ന് ക്ലാസ്സിലെ ക്ക് വന്നപ്പോ എന്ത ഇത്ര ദിവസം ക്ലാസ്സിലേക്ക് വന്നില്ല എന്നു ചോദിച്ചു ചില പെൺകുട്ടികൾ പറയുന്ന പോലെ എന്നെ മറക്കണം ഈ ബന്ധം മുന്നോട്ട് പോവില്ല എന്നൊന്നും അവൾ പറഞ്ഞില്ല…
എന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നു മാത്രം പറഞ്ഞ് ഒരു വാക്കിൽ പറഞ്ഞവസാനിപ്പിച്ചു നടന്നു പോയി…

ഒന്ന് പകച്ചു നിന്നു കുറേ നേരം…
അതോടെ തീർന്നു പ്രണയവും കണ്ട സ്വപ്നങ്ങളുമെല്ലാം…
പിന്നെ എല്ലാത്തിനോടും ഒരു തരം വെറുപ്പായിരുന്നു മനസ്സ് മരവിച്ച് പോയി…
ഇനി ഒരു പെണ്ണ് എന്റെ ജീവിതത്തിൽ വേണ്ടന്ന് വരെ കരുതിയത പക്ഷേ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ നിന്നെ കെട്ടുവായിരുന്നു…

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു പക്ഷേ നിറഞ്ഞ കണ്ണുമായി പുഞ്ചിരിക്കാൻ അവൾ മറന്നില്ല…

കുറേ നേരം അവരുടെ ഇടയിൽ നിശബ്ദത തളം കെട്ടി…

ആ നിശബ്ദതയെ തകർത്ത് അവളുടെ അടുത്ത ചോദ്യം വന്നു…

ഞാൻ അവളുടെ അത്ര സുന്ദരിയല്ലല്ലെ…??

ആ ചോദ്യം അവനേ തകർത്തു കളഞ്ഞു…

അവനൊന്നും മിണ്ടിയില്ല,

അവൾ തുടർന്നു,

ഞാൻ സുന്ദരിയല്ലെങ്കിലും ഏട്ടന്റെ സ്വപ്നങ്ങൾക് നിറം നൽകാൻ ഞാനുണ്ടാക്കും ഏട്ടന്റെ കൂടെ, പിന്നെ ഒരു കാര്യം കൂടെ ണ്ട് അവളെ ഇനിയും ഓർത്തൊണ്ടിരുന്നാൽ ഏട്ടനെയും കൊല്ലും ഞാനും ചാവും ഏട്ടൻ എന്റെ മാത്ര ആ മനസ്സിൽ ഞാൻ മാത്രം മതി കുറച്ച്ദേഷ്യത്തോടെയും കുശുമ്പോടെയും അവൾ പറഞ്ഞ് തീർത്തു…

അവൾ എന്തൊ ചിന്തിച്ചു എന്നിട്ട് തുടർന്നു,

ഓ… അപ്പോ അതായിരുന്നല്ലെ അന്ന് എന്നെ പെണ്ണ് കാണാൻ വന്നപ്പോ മുഖം വീർപ്പിച്ചിരുന്നെ… ???
എന്റെ കഷ്ടകാലത്തിന് ഏട്ടനെയെ എനിക്ക് ഇഷ്ടപ്പെട്ടൊള്ളു…

അവൻ ഇടക്ക് കയറി:

നി ആരേയും പ്രണയിച്ചില്ലെ…???

ഓ പിന്നെ… നമ്മൾ അത്ര വലിയ സുന്ദരിയൊന്നുമല്ലല്ലൊ എന്നെയൊകെ ആര് പ്രണയിക്കാൻ

കുറച്ച് പരിഭവത്തോടെ പറഞ്ഞു നിർത്തി…

അവൻ അവളെ അടുത്തേക്ക് വലിച്ചു ചേർത്തി അവളുടെ നെറുകയിൽ ചുംബിച്ചു…

എന്നെ പ്രണയിക്കാൻ നീ തയ്യാറാണൊ?

അവൾ മുഖമുയർത്തി അവനെ നോക്കി,

ഞാൻ ഏട്ടനെ പ്രണയിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി അതറിയോ??

എന്നിട്ട് എന്നോടെന്ത പറയാതെ?

അവൾ സംശയത്തോടെ,

എന്ത് പറയാൻ?

ഐ ലൗ യൂന്ന്…

ഒന്ന് പോ ഏട്ട വെറുതെ കളിയാക്കാതെ…

അവൾ നാണം കൊണ്ട് മുഖം താഴ്ത്തി…

അവൻ അവളെ ചേർത്തു പിടിച്ചു ആ കരവലയത്തിനുള്ളിൽ അവൾ സുരക്ഷിതയാണ്…

അങ്ങിനെ ചെറിയ ചെറിയ പിണക്കങ്ങളും അതിനേക്കാൾ വലിയ ഇണക്കങ്ങളുമായി അവർ സന്തോഷത്തിലാണ്…

അതങ്ങിനെയല്ലെ, ചെറിയ പിണക്കങ്ങളും പരിഭവങ്ങളുമില്ലാതെ എന്ത് കുടുംബം അല്ലെ??

മനു മഞ്ഞുതുള്ളി