ഏട്ടാ.. എവിടാ…സമയമെത്ര ആയി…വരുന്നില്ലേ..

രചന: ശ്രീജിത്ത് R നായർ

ഏട്ടാ.. എവിടാ…സമയമെത്ര ആയി…വരുന്നില്ലേ..

 

കൂട്ടുകാരോടൊപ്പം രണ്ടെണ്ണം അടിചോണ്ടിരിക്കുമ്പഴാണ് പാറുവിന്റെ മെസേജ്..

 

ഓ…ഇവൾക്ക് വേറെ ഒരു പണിയുമില്ലേ…

 

ഏട്ടാ..

 

വീണ്ടും ഫോണിൽ മെസ്സേജ് വന്ന ശബ്ദം…

 

അളിയന് ലോക്ക് വീണു…ഇതാണ് ഞാനൊന്നും കല്യാണം കഴിക്കാത്തത്..

 

കൂട്ടുകാരന്റെ പരിഹാസം…

 

പെട്ടു പോയി…ഇനി പറഞ്ഞിട്ടു കാര്യമില്ലലോ അളിയാ…

 

ഇത്രയും പറഞ്ഞിട്ടു മാറി നിന്നു പാറുവിനെ വിളിച്ചു…

 

ഹലോ..ഏട്ടാ…എവിടെയാ…

 

നിനക്കിതെന്താ പാറു…ഞാൻ കൂട്ടുകാരുടെ കൂടെ ആണെന്ന് അറിയില്ലേ…

 

ഏട്ടാ…ഇത്ര നേരം ആയിട്ട് കാണാത്തതു കൊണ്ടല്ലേ ഞാൻ…

 

അതിനെന്നാ…ഞാൻ കൊച്ചു കുഞ്ഞൊന്നുമല്ലല്ലോ…

 

അകെ ഒരു ഞായറാഴ്ചയാ ഏട്ടൻ ഫ്രീ ആകുന്നെ…അപ്പോ എന്റടുത്തൊന്നു ഇരിക്കാൻ ഏട്ടന് സമയമില്ലല്ലോ…

 

ഏതുസമയവും നിന്നെ കെട്ടിപിടിച്ചു ഇരിക്കാൻ എന്നെകൊണ്ട്‌ പറ്റില്ലാ…നീ മാത്രല്ല എന്റെ ലൈഫിൽ ഉള്ളത്…ഫ്രണ്ട്സ് ഉണ്ട്…ഫാമിലി ഉണ്ട്…

 

ഇതൊന്നും ഇല്ലന്ന് ഞാൻ പറഞ്ഞില്ലലോ ഏട്ടാ…പക്ഷെ എനിക്കൂടെ ഇത്തിരി ടൈം…പ്രേമിക്കണ സമയത്തും കല്യാണം കഴിഞ്ഞ സമയത്തും ഒക്കെ എന്റെ കൂടെ ഇരിക്കാൻ സമയം ഉണ്ടായിരുന്നു…

 

എന്റെ പാറു…ഞാൻ അങ്ങോട്ടല്ലേ വരുന്നേ…പിന്നെ പ്രേമിക്കണ ടൈമിൽ അങ്ങനൊക്കെ ചെയ്തെന്നിരിക്കും…എന്നും പറഞ്ഞു ജീവിതകാലം മുഴുവൻ അങ്ങനെ തന്നെ ആണെന്നാണോ…

 

ഏട്ടാ..ഇതെന്നാ ഇങ്ങനൊക്കെ പറയണേ…

 

നീ ഫോൺ വെക്ക്…ഞാനങ്ങു എത്തിക്കോളാം…

 

തിരിച്ചു എന്തേലും പറയുന്നതിന് മുമ്പ് ഞാൻ ഫോൺ കട്ട്‌ ചെയ്തു…

 

എന്താ അളിയാ. ഉറക്കിയോ അവളെ….

 

അവളെന്തെലും ചെയ്യട്ടെ….നീ ഒരെണ്ണം ഒഴിക്കു…

 

****

 

വീട്ടിലെത്തിയപ്പഴേക്കും അവൾ കിടന്നിരുന്നു…

 

ശങ്കരി തൊട്ടിലിൽ ഉറക്കമായി…

 

നിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ മുഖത്തേക്ക് നോക്കി അടുത്തുള്ള ചെയറിൽ ഇരുന്നു…

 

നെറ്റിയിലേക്ക് കിടക്കുന്ന അവളുടെ മുടി ഒതുക്കി വെച്ചു…

 

പാവം…

 

മനസ്സ് ഞങ്ങളുടെ പ്രണയകാലത്തേക്കു സഞ്ചരിച്ചു…

 

അന്നൊക്കെ ഇവൾക്ക് വേണ്ടി മാത്രം സമയം കണ്ടെത്തുമായിരുന്നു…അവളുടെ കുഞ്ഞു കുഞ്ഞു വാശികൾ സാധിച്ചു കൊടുക്കുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന ചിരി കാണാൻ ഒരു പ്രത്യേക ഭംഗി ആയിരുന്നു…

 

ശെരിയാണ്…ഇപ്പൊ പഴേപോലെ സ്നേഹിക്കാനോ അടുത്തിരിക്കാനോ ഒന്നും സമയം കിട്ടാറില്ല….ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള ഓട്ടം…വരുമ്പോ ഒരു നേരം ആവും…പിന്നെ അകെ ഉള്ള ഞായറാഴ്ച…അത് കൂട്ടുകാരുടെ കൂടെ ആവും…

 

പണ്ടും അങ്ങാനായിരുന്നു…കൂട്ടുകാർ…അവരായിരുന്നു എനിക്കെല്ലാം…കല്യാണം കഴിഞ്ഞു അതിനു മാറ്റം വന്നാൽ പെൺകോന്തൻ എന്നുള്ള വിളി കേക്കുമോ എന്നുള്ള ഭയം…അതുകൊണ്ട് പഴയതിലും കൂടുതൽ അവരുടെ ഒപ്പം കൂടി…

 

പക്ഷെ അപ്പൊ ഞാനൊന്നു മറന്നു…വീട്ടിൽ എന്റെ സാന്നിധ്യം പ്രതീക്ഷിച്ചു എന്നെ മാത്രം നോക്കി ഇരിക്കുന്ന എന്റെ പെണ്ണിന്റെ മനസ്സ് മനസ്സിലാക്കാൻ…

 

എന്നിട്ടും വിളിക്കുമ്പോൾ ഇച്ചിരി മുഖം വീർക്കുമെന്നല്ലാതെ ഒരു പരാതിയും പറഞ്ഞിട്ടില്ല അവൾ…

 

കല്യാണം കഴിഞ്ഞു കുഞ്ഞു കുഞ്ഞു വാശി എടുക്കുമ്പോൾ ദുർവാശി എന്നു പറഞ്ഞു ചീത്ത വിളിക്കുമായിരുന്നു…

 

അപ്പോഴൊക്കെ ഞാനോർത്തില്ല…വാശി എടുത്താൽ അത് സാധിച്ചു കൊടുക്കാൻ അവൾക്കു ഞാൻ മാത്രേ ഉള്ളു എന്നു…

 

ഓർത്തപ്പോൾ അറിയാതെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണുനീർ അടർന്നു വീണു…അവളുടെ കവിളിലേക്ക്..

 

അവൾ കണ്ണുതുറന്നു…

 

ഞാൻ കണ്ണുതുടച്ചു പെട്ടെന്ന്…

 

അയ്യോ…ഏട്ടൻ വന്നിട്ടെന്താ വിളിക്കാത്തത്…

 

അവൾ ചാടി എണീറ്റു…

 

മുടി കെട്ടി…

 

ഏട്ടൻ വെല്ലതും കഴിച്ചാരുന്നോ…ഞാനിപ്പോ എടുത്തു വെക്കാം…

 

അവൾ എഴുന്നേറ്റു പോവാനായി നടന്നപ്പോൾ ഞാനാ കൈയിൽ പിടിച്ചു…

 

പാറു…

 

എന്താ ഏട്ടാ…

 

ഞാൻ എണീറ്റു അവളുടെ അടുത്തു ചെന്നു…ആ കണ്ണിൽ നോക്കി…

 

രണ്ടു കൈകളിലുമായി അവളെ കോരി എടുത്തു…ഫ്ലാറ്റിന്റെ ബാൽക്കണിയിലേക്കു നടന്നു..

 

ഇയ്യോ…ഇതെവിടെ കൊണ്ടുപോകുവാ…

 

അവളെ കൊണ്ടുപോയി ബാൽക്കണിയിൽ നിർത്തി…

 

പുറകിൽ നിന്നവളെ കെട്ടിപിടിച്ചു കവിളിൽ കവിൾ ചേർത്തു നിന്നു…

 

നീ ഓർക്കുന്നുണ്ടോ…കല്യാണം കഴിഞ്ഞ സമയത്ത് നീ പിണങ്ങിയാൽ..നമ്മൾ വഴക്കിട്ടാൽ…അത് തീർക്കുന്നത് ഇവിടെ ഇങ്ങനെ വന്നു നിന്നിട്ടായിരുന്നു…ആകാശത്തിലെ നക്ഷത്രങ്ങളെ സാക്ഷി നിർത്തിയായിരുന്നു…

 

അവരിപ്പോഴും അവിടെ തന്നെയുണ്ട്…മാറ്റം വന്നത് നമുക്ക് മാത്രമാ അല്ലേ…

 

അവളുടെ കവിളിലൂടെ കണ്ണുനീരിന്റെ ചൂട് ഒലിച്ചു ഇറങ്ങുന്നത് ഞാനറിഞ്ഞു…

 

അവളെ എന്റെ നേരെ തിരിച്ചു നിർത്തി ആ കണ്ണിൽ നോക്കി…

 

അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിൽ മുഖം ചേർത്തു കെട്ടിപിടിച്ചു…

 

കരയല്ലേ കുട്ടാ…

 

ഏട്ടാ..ഏട്ടനറിയുമോ…ഞാനെത്ര മാത്രം മിസ്സ്‌ ചെയ്ത മൊമെന്റ് ആണ് ഇതെന്ന്…

 

അറിയാം മോളെ…

 

ഏട്ടാ…ഇത്രയൊക്കെയേ എനിക്ക് ആഗ്രഹമുള്ളു….ഒരിത്തിരി നേരം ഈ നെഞ്ചിലെ ചൂട് കൊണ്ട് ഇങ്ങനെ നിക്കാൻ…അടുത്തിരുന്നു ഒന്നു സ്നേഹത്തോടെ പെരുമാറാൻ…എന്റെ കുഞ്ഞു കുഞ്ഞു വാശികൾ കാണിക്കാൻ…അത് ഏട്ടൻ സാധിച്ചു തരുമ്പോൾ മനസ്സ് നിറഞ്ഞു സന്തോഷിക്കാൻ…

 

തിരിച്ചു ഒന്നും പറയാൻ എനിക്കായില്ല..

 

എനിക്കറിയാം ഏട്ടന്റെ കഷ്ടപ്പാടുകൾ…ഏട്ടന് ഫ്രണ്ട്സിനോടുള്ള അടുപ്പം…അതിനൊന്നും എനിക്കൊരു കുഴപ്പോമില്ല…പക്ഷെ അതിനിടക്ക് ഒരിത്തിരി നേരം എനിക്ക് മാത്രമായി…അത്രേ ആഗ്രഹിക്കുന്നുള്ളു…അതൊരു തെറ്റാണോ ഏട്ടാ…

 

അല്ല മോളെ…

 

ഇത്രയൊക്കെയേ ഉള്ളു ഏട്ടാ ഏട്ടന്റെ പാറുവിന്റെ ദുർവാശികൾ…

 

ഏട്ടനോട്….ക്ഷമിക്കു മോളെ…

 

പറഞ്ഞു തീരുന്നതിനു മുമ്പ് അവൾ എന്റെ വാ പൊത്തി…

 

അങ്ങനൊന്നും പറയണ്ട..എനിക്കറിയാം ഈ മനസിലെ സ്നേഹം…

 

കൈ മാറ്റി അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു…

 

എന്നാ എന്റെ പെണ്ണ് ഒന്നു ചിരിച്ചേ….

 

നിറഞ്ഞ കണ്ണോടെ അവൾ ചിരിച്ചു…

 

എന്നും ഞങ്ങളുടെ പിണക്കത്തിനും ഇണക്കത്തിനും സാക്ഷികളാകാറുള്ള നക്ഷത്രങ്ങൾ അന്നും മാനത്തു തിളങ്ങുന്നുണ്ടായിരുന്നു…

 

അതിലും കൂടുതൽ തിളങ്ങുന്നത് പാറുവിന്റെ കണ്ണുകളായിരുന്നു….

 

അവളെ ചേർത്തു പിടിച്ചു തിരിച്ചു മുറിയിലേക്ക് നടക്കുമ്പോൾ മനസ്സിൽ ഒരു തീരുമാനം എടുത്തിരുന്നു…

 

ഇനിയൊരിക്കലും ആ കണ്ണ് നിറയാൻ സമ്മതിക്കില്ല എന്നു…

 

എന്നും ഇവളെ ഇങ്ങനെ ചേർത്തു പിടിക്കുമെന്നു…

 

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)