ഗര്‍ഭിണിയായ ഭാര്യവീട്ടില്‍ തനിച്ചാണെന്നുള്ള കഴിയുന്നത്ര വേഗതയില്‍ ബൈക്കോടിച്ച്‌ പോകുകയായിരുന്നു

ചെറുകഥ
ഷൈനി.

ആദ്യ ഭാര്യ.

കാലം തെറ്റി പെയ്‌ത അതിഘോര മഴയില്‍ നനഞ്ഞു കുതിര്‍ന്ന്‌ വേഗത്തില്‍ നടന്നു പോകുന്ന പെണ്ണുടല്‍ അയാളില്‍ യാതൊരു വികാരവുമുണ്ടാക്കിയില്ല.

ഗര്‍ഭിണിയായ ഭാര്യ വീട്ടില്‍ തനിച്ചാണെന്നുള്ള ആധിയോടെ അയാള്‍ കഴിയുന്നത്ര വേഗതയില്‍ ബൈക്കോടിച്ച്‌ പോകുകയായിരുന്നു.

കഠിനമായ ഇടിമുഴക്കങ്ങളും വളഞ്ഞു പുളഞ്ഞ മിന്നലുകളും തന്റെ ഭാര്യയെ എത്രമാത്രം ഭയപ്പെടുത്തുമെന്ന്‌ അയാള്‍ ചിന്തിച്ചു.
പണ്ടേ പേടിത്തൊണ്ടിയാണവള്‍.
മാത്രവുമല്ല ഈ നാടും പ്രകൃതിയുമൊന്നും അവള്‍ക്കും തനിക്കും വലിയ പരിചയവുമില്ല.

ഇങ്ങോട്ടു ട്രാന്‍സ്‌ഫര്‍ കിട്ടി വന്നിട്ട്‌ ഒരുമാസം ആകുന്നതേയുള്ളു.
മഴയില്‍ കുതിര്‍ന്നു നടക്കുന്ന സ്‌ത്രീയെ കടന്ന്‌ അയാള്‍ മുന്നോട്ട്‌ പോയി.
കുറച്ചു ദൂരം കടന്നു പോയിക്കഴിഞ്ഞാണ്‌ ഈ സന്ധ്യാ സമയത്ത്‌ ഈ വിജനമായ വഴിയില്‍ ഒരു യുവതി ഒറ്റപ്പെട്ടു പോയാലുണ്ടാകുന്ന അപകടത്തെ കുറിച്ച്‌ അയാള്‍ ചിന്തിച്ചത്‌.

ഒരുപക്ഷേ നാളെ പത്രത്താളുകളില്‍ ആരൊക്കെയോ പിച്ചിച്ചീന്തിയെറിഞ്ഞ ഒരു വാര്‍ത്തയായേക്കാം അവള്‍.
ആ ചിന്തയ്‌ക്കൊടുവില്‍ ബൈക്ക്‌ നിര്‍ത്തി അവള്‍ അടുത്തു വരാനായി അയാള്‍ കാത്തു നിന്നു.

മഴയിരമ്പത്തിലും അവളുടെ ഉടലില്‍ നനഞ്ഞൊട്ടിയ സാരിയുടെ കരകര ശബ്ദമറിഞ്ഞു.
നന്നേ ഭയന്നു പോയ ആ പെണ്ണ്‌ തന്നെ ശ്രദ്ധിക്കാത്ത മട്ടില്‍ കടന്നു പോകാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ പിന്നില്‍ നിന്നും വിളിച്ചു.
” പെങ്ങളേ.. വിരോധമില്ലെങ്കില്‍ ഞാന്‍ വീട്ടില്‍ കൊണ്ടു ചെന്നാക്കാം.. പേടിക്കണ്ട.. വിശ്വസിക്കാം”
ശബ്ദത്തിലെ മാന്യത തിരിച്ചറിഞ്ഞാവാം അവള്‍ തിരിഞ്ഞു നോക്കി.
അപ്പോഴാണ്‌ താന്‍ അവളെ സംബോധന ചെയ്‌ത പെങ്ങളേ എന്ന വാക്കിന്റെ നിരര്‍ത്ഥകത അയാള്‍ മനസിലാക്കിയത്‌.
അത്‌ അവളായിരുന്നു.
അഭിരാമി.
അയാളുടെ ആദ്യ ഭാര്യ.

ഏറെക്കാലത്തിനു ശേഷം അയാള്‍ ഇപ്പോള്‍ വിടര്‍ന്ന പാരിജാതപ്പൂവു പോലെ വെണ്‍മയും നിഷ്‌കളങ്കതയുമുള്ള ആ മുഖം കണ്ടു.
വല്ലാത്തൊരു കുട്ടിത്തമായിരുന്നു അവള്‍ക്ക്‌ പണ്ടും.
വിവാഹരാത്രിയില്‍ ഒരു ബാലികയെ അനുസ്‌മരിപ്പിക്കുന്ന ആ മുഖം പിടിച്ചുയര്‍ത്തി തിളച്ചു പൊന്തിയ കൗതുകത്തോടെ അയാള്‍ ചോദിച്ചിരുന്നു.
” നിനക്കെത്ര വയസായി.. പന്ത്രണ്ടോ.. പതിമൂന്നോ..”
” പതിനെട്ട്‌.. ” എന്ന്‌ പറഞ്ഞ്‌ അവള്‍ ശബ്ദമുണ്ടാക്കാതെ ചിരിക്കുകയായിരുന്നു.
ജാതകദോഷം കൊണ്ടാണത്രേ അവളുടെ അച്ഛന്‍ പതിനെട്ടായപ്പോഴേക്കും അവളുടെ വിവാഹം നടത്തിയത്‌.
“അഭീ ” എന്നു വിളിക്കുമ്പോള്‍ സ്വര്‍ണക്കൊലുസുകള്‍ കിലുക്കി അവള്‍ ഓടി വരുമായിരുന്നു.

ഹെല്‍മറ്റിനകത്ത്‌ അയാളുടെ മുഖം അവള്‍ക്ക്‌ മനസിലായില്ല.
അതു തിരിച്ചറിഞ്ഞ്‌ അയാള്‍ അതൂരിയെടുത്തപ്പോള്‍ അഭിരാമിയും അന്തംവിട്ടു നിന്നു.
അരുണേട്ടന്‍.
അയാളെങ്ങനെ അവിടെ എത്തിയെന്ന്‌ അവള്‍ക്കു മനസിലായില്ല.
അവളും ആ നാട്ടില്‍ താരതമ്യേന പുതുമുഖമായിരുന്നു.
പുനര്‍വിവാഹിതയായി ഇവിടെയെത്തിയിട്ട്‌ എട്ടുമാസമാകുന്നതേയുള്ളു.
അങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ അവള്‍ അരുണേട്ടന്റെ വീടിന്റെ ഇറയത്തിരുന്ന്‌ ചാറ്റല്‍മഴ നനഞ്ഞതോര്‍മ്മിച്ചു.
അയാളുടെ നെഞ്ചിലേക്ക്‌ ചാരിക്കിടന്നാണവള്‍ മഴ മുഴുവന്‍ നനഞ്ഞത്‌.
അവളുടെ ഇളംമഞ്ഞസാരിയാകെ മഴത്തുള്ളികള്‍ വീണ് സുതാര്യമായിരുന്നു.
താടിത്തുമ്പില്‍ നിന്നും കഴുത്തടിയിലേക്ക്‌ നൂണ്ടുപോകുന്ന അയാളുടെ ചുംബനങ്ങളും കണ്ണുകളിലെ കാമനയും അവള്‍ മഴപ്പാളികള്‍ക്ക്‌ അപ്പുറത്തു നിന്നും വീണ്ടും സങ്കല്‍പിച്ചു. അവൾക്ക് വല്ലായ്മ തോന്നി.

അയാള്‍ ബൈക്ക്‌ ഉരുട്ടി അവളുടെ അടുത്തേക്ക്‌ കൊണ്ടു ചെന്ന്‌ നിര്‍ത്തി.
” അടുത്താണോ വീട്‌” എന്ന്‌ ചോദിച്ചപ്പോള്‍ അവള്‍ തലകുനിച്ചു നിന്നു.
” വേഗം പറയൂ.. വല്ലാതെ നനയുന്നു. ഒരു മഴക്കോട്ടു പോലുമില്ല. ” അയാള്‍ ധൃതിപ്പെട്ടു.
” ഒരു മൈല്‍ കൂടിയുണ്ട്‌.. ”
അവള്‍ പറഞ്ഞു.
” കള്ളിയാട്ട്‌ പോയി വരികയാണ്‌. അല്‍പ്പം താമസിച്ചു പോയി. ഇവിടെ വന്നിറങ്ങിയപ്പോള്‍ വല്ലാത്ത മഴ.”
കള്ളിയാട്ട്‌ അവളുടെ വീടാണ്‌.
ഒരിക്കല്‍ അയാള്‍ അവിടുത്തെ മരുമകനായിരുന്നു.
ഇപ്പോള്‍ അന്യനും.

” തനിച്ചെന്താ പോന്നത്‌.. നിന്റെ ആള്‍ കൂടെയില്ലേ”
മഴത്തുള്ളികള്‍ക്കൊപ്പം അവളുടെ നെറ്റിയിലാകെ ഒലിച്ചു പടര്‍ന്ന സിന്ദൂരത്തരികളിലേക്ക്‌ നോക്കി അയാള്‍ ചോദിച്ചു.
അവളുടെ നെറുകയിൽ അവൾ മറ്റൊരാൾക്ക് വേണ്ടി തൊട്ട സിന്ദൂരം അയാളുടെ ഹൃദയം വേദനിപ്പിച്ചു . ആ കാഴ്ചയിൽ ഉറഞ്ഞ നോവ് മനസിൽ രക്തക്കറപോലെ പടര്‍ന്നു.
അതു കൊണ്ട്‌ അവള്‍ മറുപടി പറഞ്ഞത്‌ അയാള്‍ കേട്ടില്ല.
അയാള്‍ ഓര്‍ക്കുകയായിരുന്നു.
ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി അവളുടെ സീമന്തരേഖയില്‍ ഒരു നുള്ള്‌ സിന്ദൂരം തൊട്ടത്‌.
നീയെന്റേതാണ്‌ എന്നു അവളുടെ കണ്ണുകളിലേക്ക്‌ നോട്ടമാഴ്‌ത്തി പറയാതെ പറഞ്ഞത്‌.
കൈ ഉയര്‍ത്തി അവള്‍ ഹാരം തന്റെ കഴുത്തിലണിയിക്കുമ്പോള്‍ ചുവന്ന പട്ടിനിടയിലൂടെ അവളുടെ നിലാവ്‌ പോലെയുള്ള അണിവയര്‍ ആദ്യമായി കണ്ടത്‌.
അപ്പോള്‍ ഉടലാകെ ഒരു തരിപ്പ്‌ പിടച്ചുകൊണ്ടോടിപ്പോയത്‌.

അവള്‍ മഴ നനഞ്ഞു തന്നെ നില്‍ക്കുകയായിരുന്നു.
എന്തു കൊണ്ടോ അയാള്‍ ഓര്‍ത്തെടുത്ത അതേ അനുഭവങ്ങള്‍ തന്നെയായിരുന്നു അവളും ഓര്‍ത്തുകൊണ്ടു നിന്നത്‌.
“ഏഴുമണിയാകുന്നതേയുള്ളു. പക്ഷേ.. എട്ടുമണി രാത്രിയുടെ ഇരുളല്‍”
എന്തെങ്കിലും പറയാനായി അയാള്‍ പറഞ്ഞു.
മഴ അപ്പോഴേക്കും നേര്‍ത്തു നേര്‍ത്ത്‌്‌ ഇല്ലാതായിത്തുടങ്ങി.
” എന്നെ ഭയമില്ലെങ്കില്‍ കയറാം” എന്ന്‌ അയാള്‍ ഒരിക്കല്‍ കൂടി ക്ഷണിച്ചു.
ഭയന്നും വിറച്ചും ഇരുവശവും കാടുപടലങ്ങളുള്ള ടാറിട്ട നാട്ടിടവഴിയിലൂടെ ഓടി വന്നതു കൊണ്ടാവാം തടസമൊന്നും പറയാതെ അവള്‍ കയറിയത്‌.
കഴിയുന്നത്ര സ്‌പര്‍ശിക്കാതെ അകലമിട്ട്‌ അവളിരുന്നു.

അപ്പോള്‍ ആ നേര്‍ത്ത ഇരുട്ടിലും പഴയതു പോലെ അയാള്‍ റിയര്‍വ്യൂ മിററിലൂടെ അവളുടെ മുഖം കാണാന്‍ ശ്രമിച്ചു.
വിവാഹത്തിന്റെ പിറ്റേന്നാണ്‌ അയാള്‍ നേരത്തെ ബുക്ക്‌ ചെയ്‌തു വെച്ചിരുന്ന ബൈക്ക് വീട്ടിലേക്ക്‌ കൊണ്ടുവന്നത്‌.
പിന്‍സീറ്റില്‍ അവളെയുമിരുത്തി എഴുന്നെള്ളത്തു പോലെയൊരു ഡ്രൈവിംഗ്‌.
ആ വാഹനത്തില്‍ ആദ്യം അവള്‍ കയറണമെന്നായിരുന്നു ആഗ്രഹം.
കണ്ണാടിയിലൂടെ കണ്ട അവളുടെ മന്ദഹാസത്തിലേക്ക്‌ ഉറ്റുനോക്കി ഊട്ടിയിലേക്ക്‌ എത്രയോ കിലോമീറ്റര്‍ ആ ബൈക്കും ഓടിച്ചു പോയെന്ന്‌ അയാള്‍ അപ്പോഴും അതിശയപ്പെടുകയായിരുന്നു.
അവരുടെ ഹണിമൂണ്‍ യാത്ര.

അങ്ങനെയിരിക്കുമ്പോള്‍ എപ്പോഴോ അവളുടെ നനഞ്ഞ ശരീരത്തിന്റെ ചൂട്‌ തന്റെ ശരീരവുമായി ഒന്നൊട്ടിച്ചേര്‍ന്നു.
ഒരു ഉള്‍ത്തരിപ്പിന്റെ തംരംഗങ്ങള്‍ വീണ്ടും അയാളിലൂടെ കടന്നു പോയി.
ഓര്‍മ്മയില്‍ അവള്‍ അപ്പോള്‍ തൂവെണ്‍മയുള്ള രാത്രി വസ്‌ത്രമണിഞ്ഞ്‌ കിടക്കയില്‍ അയാളിലേക്ക്‌ ഉരുകിയുരുകി വീഴുകയായിരുന്നു.
അവരുടെ ആദ്യരാത്രി.
കൈക്കുടന്നയില്‍ ഒരു കുമ്പിള്‍ അമ്പിളിക്കലപോലെ അവളുടെ മുഖം കോരിയെടുത്ത്‌ കണ്ണിമയ്‌ക്കാതെ നോക്കിയിരുന്നത്‌ അയാള്‍ ഓര്‍ത്തു.
ഒരിക്കലും ഒരിക്കലും പിരിയില്ലെന്നും മരണത്തിനല്ലാതെ വേര്‍പെടുത്താനാവില്ലെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് നേരം വെളുപ്പിച്ച മധുമധുരമായ എത്രയോ രാത്രികള്‍.

പിന്നെപ്പിന്നെ അവര്‍ക്കിടയില്‍ വളര്‍ന്നു വളര്‍ന്നു വലുതായ ചെറിയ ചെറിയ സൗന്ദര്യപിണക്കങ്ങളും കോടതി വരാന്തയിലെ മുഷിപ്പന്‍ കാത്തു നില്‍പ്പുകളും വാക്കുകള്‍ കൊണ്ട് നൊന്തും നോവിച്ചും പൊരുതിയ കൗണ്‍സിലിംഗുകളും അയാൾ ഓര്‍ത്തു.
അവളും.
ദുർവാശികൾക്കും വഴക്കുകൾക്കും എരിവും പുളിയും പകർന്ന് രണ്ടു കുടുംബങ്ങളും അവർക്കൊപ്പം പങ്കു ചേർന്നിരുന്നു.
പിടിവാശികൾ മാത്രം ബാക്കിയാക്കിയ നരകമായിരുന്നു ജീവിതം.
തമ്മില്‍ തമ്മില്‍ ചേരാനാവാതെ മരവിപ്പുകള്‍ മാത്രം ബാക്കിയാക്കിയ വാക്കുകളും ശരീരങ്ങളുമായിരുന്നു അന്നൊക്കെ അവര്‍.
യാദൃശ്ചികമായിരിക്കാം അവളും അതുതന്നെയായിരുന്നു ഓര്‍ത്തു കൊണ്ടിരുന്നത്‌.
ഒപ്പുകള്‍ കൊണ്ട്‌ താലിച്ചരടറുത്ത്‌ ബദ്ധവൈരികളേപ്പോലെ അകന്നകന്നു പോയത്‌ അവരോര്‍മ്മിച്ചു.
തെറ്റ്‌ ആരുടേതായിരുന്നു.
അയാള്‍ക്ക്‌ തിരിച്ചറിയാനായില്ല.
അവള്‍ക്കും.

ഇപ്പോഴുള്ള ഈ പക്വതയിൽ ഇത്രയേറെ മധുരമായി ആ കഴിഞ്ഞ ദിനരാത്രങ്ങളെ കോര്‍ത്തുവെച്ചിരുന്നെങ്കില്‍ തമ്മില്‍ ഒരിക്കലും അകലാന്‍ കഴിയില്ലായിരുന്നുവല്ലോ എന്ന്‌ രണ്ടുപേരും ചിന്തിക്കുകയായിരുന്നു.
” ഇന്നലെ റൂം ഒന്നടുക്കിപ്പെറുക്കി വെച്ചപ്പോള്‍ നിന്റെയാ നീലക്കല്‍ മോതിരം കിട്ടി”
നിറഞ്ഞു പെയ്‌ത മൗനത്തിനിടെ അയാള്‍ പറഞ്ഞു.
എന്നിട്ടതെന്തു ചെയ്‌തുവെന്ന്‌ എന്തോ ഒരു കുതിച്ചുചാട്ടത്തോടെ അവളുടെ മനസ്‌ ചോദിച്ചു.
മറുപടി കിട്ടാഞ്ഞിട്ടും അയാള്‍ പറഞ്ഞു.
” സാന്ദ്ര കാണാതെ ഞാനത്‌ സൂക്ഷിച്ചു വെച്ചു.. എന്തോ.. അങ്ങനെ ചെയ്യണമെന്ന്‌ തോന്നി. ”
എവിടെയാണ്‌ നമുക്ക്‌ നമ്മെ നഷ്ടപ്പെട്ടതെന്ന്‌ അവളുടെ ഹൃദയം വിലപിച്ചു കൊണ്ടിരുന്നു.
അയാളും അതുതന്നെ ചിന്തിച്ചു.

വല്ലാതെ ആര്‍ദ്രയാകുമ്പോഴെല്ലാം അയാളുടെ പുറത്ത്‌ മുഖം അമര്‍ത്തിവെക്കുകയും ചുംബനങ്ങള്‍ കൊണ്ട്‌ പൊതിയുകയും അതിനൊപ്പം ഇരുകൈകളും കൊണ്ട്‌ അയാളെ ആലിംഗനം ചെയ്യുകയുമായിരുന്നു അവളുടെ പതിവ്‌.
എന്തുകൊണ്ടോ അത്‌ ആവര്‍ത്തിക്കണമെന്ന്‌ അവള്‍ക്ക്‌ തോന്നി.
അയാള്‍ക്കും.
പക്ഷേ ഇരുവരും ആത്മനിയന്ത്രണത്തിന്റെ ചരടില്‍ സ്വയം ബന്ധിച്ചു.
അവള്‍ ചൂണ്ടിക്കാട്ടിയിടത്ത് ബൈക്ക്‌ നിര്‍ത്തുമ്പോള്‍ അയാള്‍ പറഞ്ഞു.
” എന്തൊരു വൈരുദ്ധ്യാത്മകത.. വെട്ടിമുറിച്ചാല്‍ തീര്‍ത്തും അറ്റുപോകുന്നത് ഭാര്യാഭര്‍തൃബന്ധം മാത്രമാണ്‌ അല്ലേ”
അവള്‍ വെറുതേ ചിരിച്ചു.

…………………………………….