പതിവുപോലെ കുളപ്പടവിൽ ഇരിക്കുമ്പോൾ പിന്നിൽ ആരോ വന്നു നിന്നതു പോലെ തിരിഞ്ഞു നോക്കിയപ്പോൾ ഒരു…..

നിറയെ കുപ്പിവളകളണിഞ്ഞ ഒരു കൈ എനിക്കു നേരെ നീണ്ടതിനു ശേഷം വെള്ളത്തിലേക്ക് മുങ്ങി താഴുന്നു…

സ്വപ്നം കണ്ട് ഞെട്ടിയുണർന്ന എനിക്ക് പിന്നീട് ഉറങ്ങാനായില്ല… എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു…

ഫോണെടുത്ത് മനുവിനെ വിളിച്ചു…
ഡാ മനൂ …
ഞാനിന്നലേം അതേ സ്വപ്നം കണ്ടെടാ.. അതേ കൈകൾ…
എനിക്കെന്തോ ഒരു സമാധാനക്കേട്.

നിനക്ക് വട്ടാ കണ്ണാ…
ഒരു സ്വപ്നത്തിന്റെ പിന്നാലെ ഇങ്ങനെ നടക്കാൻ.

അതല്ലെടാ എനിക്കെന്തോ…?
നമുക്കിന്ന് അവിടൊന്നു പോയി നോക്കിയാലോ…?

ഓ ശരി പോകാം. അങ്ങനേലും നിന്റെയീ വട്ടൊന്നു മാറട്ടെ.

സംസാരിച്ചു ഫോൺ ബെഡിലേക്കിട്ടപ്പോഴും മനസ്സിൽ നിറയെ ആ സ്വപ്നമായിരുന്നു. എന്തോ ഒരു ഭയം …

മനുവിനൊപ്പം പഴയ അമ്പലക്കുളത്തിനരികെ എത്തിയപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം.

എന്റെ കണ്ണാ നീ കണ്ണു തുറന്നു നോക്ക്. ഉപയോഗ ശൂന്യമായി കാടുപിടിച്ചു കിടക്കുന്ന ഈ കുളത്തിൽ ആരു വന്നു വീഴാനാ…? ഇപ്പോഴെങ്കിലും സമാധാനായോ…?

ഉം…

പിന്നെ രണ്ടു ദിവസത്തേക്ക് സുഖമായി ഉറങ്ങി. മൂന്നാം നാൾ വീണ്ടും ആ സ്വപ്നം എന്റെ ഉറക്കം കെടുത്തി.

പിറ്റേന്ന് വീണ്ടും ഞാൻ കുളക്കടവിലേക്ക് പോയി അവിടിരിക്കുമ്പോൾ മനസ്സിനെന്തോ ആശ്വാസം.
പടവുകളിൽ നിറയെ മഞ്ചാടിമണികൾ ചിതറി കിടക്കുന്നു…
നിശ്ചലമായ വെള്ളം …

അവിടേക്കുള്ള വരവ് അങ്ങനെ പതിവാക്കി…

ഒരു ദിവസം പതിവുപോലെ കുളപ്പടവിൽ ഇരിക്കുമ്പോൾ പിന്നിൽ ആരോ വന്നു നിന്നതു പോലെ.
തിരിഞ്ഞു നോക്കിയപ്പോൾ ഒരു പെൺകുട്ടി. ദാവണിയുടുത്ത്…
നെറ്റിയിൽ ചന്ദനക്കുറിയും അഴിച്ചിട്ട തലമുടിയും. ആരു കണ്ടാലും ഒന്നു നോക്കി പോവും …

എന്താ എന്ന അർത്ഥത്തിൽ ഞാൻ അവളെ നോക്കി…

അല്ല ചേട്ടായീ ഞാൻ സ്ഥിരമായി വന്നിരിക്കാറുള്ള സ്ഥലമാ ഇത്. ഇവിടെ വന്നിരുന്ന് എന്തെങ്കിലുമൊക്കെ കുത്തി കുറിക്കും. ഇപ്പൊ കുറച്ചു ദിവസമായി എപ്പൊ വന്നാലും ചേട്ടായിയെ ഇവിടെ കാണാം. എന്റെ എഴുത്തും മുടങ്ങി.

അല്ല കൊച്ചേ ഈ കാട്ടിലല്ലാതെ ഇരുന്നെഴുതാൻ നിന്റെ വീട്ടിലെന്താ സ്ഥലമില്ലേ …?

ആഹാ കൊള്ളാല്ലോ എങ്കിൽ പിന്നെ ചേട്ടായിക്ക് വീട്ടിൽ ഇരുന്നൂടേ…?

നീ കൊള്ളാല്ലോടീ…

ചേട്ടായി പോയേ ഇതെന്റെ സ്ഥലമാ.

സൗകര്യമില്ല നീ വേണേൽ വേറെ സ്ഥലം നോക്ക്.

ഒടുക്കം കുളത്തിന്റെ അപ്പുറവും ഇപ്പുറവും ഉള്ള പടവുകൾ ഞങ്ങൾ വീതിച്ചെടുത്തു. പിന്നീടങ്ങോട്ടുള്ള പോക്ക് ഞാൻ സ്ഥിരമാക്കി. അവളെ കാണാനായി തന്നെ എന്നു വേണം പറയാൻ.
എതിർ വശത്തുള്ള പടവുകളിൽ ഇരുന്ന് അവൾ എഴുതുകയും സ്വയം സംസാരിക്കുകയും ചെയ്യുമ്പോൾ ഞാൻ അവളെത്തന്നെ നോക്കി നേരം കളഞ്ഞു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.

ഒരു ദിവസം പതിവിനു വിപരീതമായി ഞാൻ അവളിരിക്കാറുള്ള പടവിലാണ് പോയിരുന്നത്.
അതു കണ്ടു വന്ന അവൾ എനിക്കു നേരെ കയർത്തു….

ചേട്ടായി എന്തിനാ ഇവിടെ വന്നിരുന്നത്. ഞാൻ പോണു …

തിരിഞ്ഞു നടന്ന അവളുടെ കൈകളിൽ ഞാൻ കടന്നു പിടിച്ചു…
ഭദ്രാ ഇനി നമുക്ക് ഇവിടെ ഒന്നിച്ച് ഇരുന്നൂടേ…?

മനസ്സിലായില്ല എന്ന അർത്ഥത്തിൽ അവളെന്നെ സൂക്ഷിച്ച് നോക്കി …

അതേ ഭദ്രാ എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ്…
ഒരു വിധം ഞാനിത് പറഞ്ഞൊപ്പിച്ചപ്പോൾ ഒന്നും പറയാതെ അവൾ എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു..

പതിയെ എന്റെ കൈ അവളിൽ നിന്നു വേർപെടുത്തി അവൾ ചോദിച്ചു. അതിന് ചേട്ടായിക്ക് എന്റെ പേരല്ലാതെ എന്നെപ്പറ്റി എന്തറിയാം…?
വീടേത് …?
ആരുടെ മകളാണ് …?
എന്തെങ്കിലും അറിയ്യോ…?

നീ പറ … ഞാൻ നിന്റെ വീട്ടിൽ വന്ന് അച്ഛനെ കണ്ട് സംസാരിക്കാം. അല്ലാതെ പ്രണയിച്ചു നടക്കാനല്ല ഞാനെന്റെ ഇഷ്ടം നിന്നോട് തുറന്നു പറഞ്ഞത് .

ഇത്രയും ഞാൻ പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…
ഞാനവളെ എന്നിലേക്ക് ചേർത്ത് നിർത്തി നിറുകയിൽ ചുംബിച്ചു.

പിന്നീട് അവിടെ വച്ചുള്ള ഞങ്ങളുടെ കൂടിക്കാഴ്ച നിത്യ സംഭവമായി മാറി. കുസൃതികളും കുറുമ്പുകളുമായി അവളെന്റെ മാത്രം പെണ്ണായി മാറുകയായിരുന്നു…

ഒരു ദിവസം പതിവു പോലെ കുളത്തിന്റെ പടവിൽ അവളുടെ മടിയിൽ തലവച്ചു കിടക്കവേ പെട്ടെന്ന് മനസ്സിലേക്ക് ആ പഴയ സ്വപ്നം കടന്നു വന്നു.
മുങ്ങിത്താഴുന്ന വളയിട്ട കൈകൾ…
ഞാനവിടേക്ക് വരാനുള്ള കാരണം തന്നെ അതാണെന്ന് പറഞ്ഞപ്പോൾ അവളെന്നെ കളിയാക്കി.

തൊട്ടടുത്തുള്ള ഒരു നായർ തറവാട്ടിലെ കുട്ടി വർഷങ്ങൾക്കു മുന്നേ അവിടെ മുങ്ങി മരിച്ചിട്ടുണ്ടെന്ന് അവൾ പറഞ്ഞപ്പോൾ എനിക്കാകെ അസ്വസ്ഥത…
അപകട മരണമെന്ന് എഴുതി തള്ളിയെങ്കിലും ആ ആത്മാവ് ശാന്തി കിട്ടാതെ അലയുന്നുണ്ടത്രേ …

മനസ്സ് അസ്വസ്ഥമാണെങ്കിലും വീട്ടിൽ ചെന്നപ്പോൾ തന്നെ ഭദ്രയുടെ കാര്യം അമ്മയോട് അവതരിപ്പിച്ചു …

കിഴക്കേപ്പാട്ടെ രാമേട്ടന്റെ മോൾ ഭദ്രേടെ കാര്യം തന്നെയല്ലേ കണ്ണാ നീ പറയുന്നത്…? അമ്മ അതിശയത്തോടെ ചോദിച്ചു …

ഉം…
ഞാൻ മറുപടി ഒരു മൂളലിൽ ഒതുക്കി…

ആ കുട്ടിയല്ലേ പഴയ അമ്പലക്കുളത്തിൽ വീണു മുങ്ങി മരിച്ചത്…?

അമ്മ ഭയത്തോടെ ഇത് പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി…
അപ്പോൾ ഇത്ര നാളും ഞാൻ കണ്ടതും സ്നേഹിച്ചതും…
ഇല്ല ഞാനിത് വിശ്വസിക്കില്ല …

അമ്മേ …..
ഒരു ഞെട്ടലോടെ ഉറക്കത്തിൽ നിന്ന് ചാടിയെണീറ്റു …
ആകെ വിയർത്തിരിക്കുന്നു…
സ്വപ്നമേത് യാഥാർത്ഥ്യമേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ. ചുമരിലെ ക്ലോക്കിൽ നോക്കിയപ്പോൾ സമയം ഏഴാകുന്നു. പെട്ടെന്ന് റെഡിയായി കുളക്കടവിലേക്കു നടന്നു.

അവളിരിക്കാറുള്ള പടവിൽ ചെന്നു നോക്കിയപ്പോൾ അവളവിടെ ഇല്ല. ആ സ്ഥാനത്ത് കുറേ വളപ്പൊട്ടുകളും മഞ്ചാടി മണികളും ചിതറി കിടക്കുന്നു …
അപ്പോൾ ഭദ്ര…
അവൾ …
ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന സങ്കടത്തിനൊപ്പം ഭയവും …

നിറകണ്ണുകളുമായി പോകാനായി തിരിഞ്ഞപ്പോൾ പിന്നിൽ അവൾ… കൈകളിൽ നിറയെ കുപ്പിവളകൾ അണിഞ്ഞ് എന്റെ ഭദ്ര…
ഞാനവളെ സൂക്ഷിച്ച് നോക്കി …

നീ … കുളത്തിൽ വീണ …. ഭദ്ര

ചേട്ടായി അത് ഇതു വരെ വിട്ടില്ലേ…?
ഞാൻ വെറുതേ പറഞ്ഞതല്ലേ…? ഇവിടങ്ങനാരും മരിച്ചിട്ടില്ല…
അവളൊരു കള്ളച്ചിരിയോടെ പറഞ്ഞു.

അപ്പൊ അമ്മ പറഞ്ഞത്…
രാമേട്ടന്റെ മോൾ ഭദ്ര…
കുളത്തിൽ വീണു ….

എന്റെ മനുഷ്യാ ആ ഭദ്ര ഞാൻ തന്നെയാ. നിങ്ങൾ വല്ല സ്വപ്നവും കണ്ടതായിരിക്കും അമ്മ അങ്ങനെ പറഞ്ഞൂന്ന് …
ഇങ്ങനേം ഉണ്ടോ പേടി…?
അയ്യേ….

പോടി അവിടുന്ന് ഞാൻ അവൾക്കു നേരെ അടിക്കാനായി കൈ പൊക്കിയപ്പോഴേക്കും….
അവളെന്റെ കവിളിൽ ചുംബിച്ചിട്ട് പടവുകൾ കയറി ഓടിക്കഴിഞ്ഞിരുന്നു…

അതിഥി അമ്മു