ഡാ …എനിക്കീ വർഷം വിഷുവിന് നിന്നെ കണി കാണണം…!

ഡാ …എനിക്കീ വർഷം വിഷുവിന് നിന്നെ കണി കാണണം…!

അമ്പലത്തീ തൊഴുതോണ്ട് നിൽക്കുമ്പഴാ അശരീരി പോലെ അവളാ ഡയലോഗിട്ടത്… തല ഉയർത്തി നോക്കിയപ്പോൾ അവൾ ഒന്നുമറിയാത്ത പോലെ കണ്ണുമടച്ച് തൊഴുതു നിൽക്കുന്നു…
ങ്ങേ… ഇനീപ്പോ കാവിലമ്മയാണോ…? ഏയ് ആവില്ല…. പടിക്കെട്ടു ഇറങ്ങി സൈക്കിളിൽ കയറിയപ്പോൾ അവളൊന്നുകൂടി സ്വകാര്യം പോലെ പറഞ്ഞു… നേരത്തേ പറഞ്ഞത് മറക്കണ്ട…എനിക്ക് കാണണം….

എന്റീശ്വരാ സീരിയസായിട്ടാല്ലേ… ഇവൾ….
പാതിരക്ക് സൂത്രമൊഴിക്കുന്നത് വരെ ജനാലക്കമ്പികൾക്കിടയിലൂടെയാണെന്ന് എനിക്കല്ലേ അറിയൂ… അതും കണ്ണടച്ചു നിന്ന്…. ആ എന്നോട് പാതിരക്ക് കണികാണാൻ ചെല്ലാൻ…

ഇങ്ങനൊരു എമണ്ടൻ ആവശ്യം ഇവളുന്നയിക്കുമെന്നറിയുമെങ്കിൽ അമ്പലത്തീ ത്തന്നെ വരില്ലായിരുന്നു.. എന്തായിപ്പ ചെയ്യാ…?

മിന്നായം പോലൊരു ഐഡിയ മനസിലൂടെ കടന്നു പോയി… സാധാരണ ചേട്ടൻമാരാണ് കണിയിറക്കുക… ഇക്കൊല്ലം ഞാനും കൂട്ടുകാരും കണിയിറക്കുന്നു… അതിന്റെ മറവിൽ എനിക്കവളെ കാണുകയും ചെയ്യാം..

കണി ക്കാര്യം പറഞ്ഞപ്പോ കൂട്ടുകാരെല്ലാം റെഡി… പക്ഷേ പിന്നെയും ഒരു പാട് കടമ്പകൾ ബാക്കി കിടക്കുന്നു.. ആരുടെ കയ്യിലും പത്ത് പൈസയില്ല…

ഉരുളി മാത്രമുണ്ട്… സ്വന്തമായി… പ്രേമത്തിന് മുമ്പിൽ എന്ത് കടമ്പകൾ… ചേടത്തിയമ്മ കണി കാണാൻ വച്ചിരുന്ന കൃഷ്ണ വിഗ്രഹം കണ്ണൻ പെടച്ചു.. ഒരുത്തൻ പടിഞ്ഞാ പ്രയിലെ മാപ്ളേ ടെ ചക്ക ഒരെണ്ണമിട്ടു.. കശുമാങ്ങ ,മാമ്പഴം നാളികേര മുറി, വെള്ളരി ഒക്കെ റെഡിയായി..

എല്ലാവരും വല്യ കാശുകാരായതുകൊണ്ട് ആർക്കും സ്വർണ്ണമാല ഉണ്ടായിരുന്നില്ല… ടി.വിയുടെ ബാക്കില് ഊരി വച്ചിരുന്ന അമ്മയുടെ കളറ് പോയ റോൾഡു ഗോൾഡ് മാല ഞാൻ പെടച്ചു… മഞ്ഞപട്ടിന് എവിടെ പോകും… നാരായണ ചോൻ വീടിന്റെ ഐശ്വര്യമായിരുന്നതുകൊണ്ട് വീടിനു മുമ്പിൽ തൂക്കിയിട്ടിരുന്ന SNDP കൊടിമഞ്ഞപട്ടായ് മാറി..

.
ഇനിയിപ്പോ ഗീത.. ഭഗവദ് ഗീതക്കെവിടെ പോകും.. പണ്ട് ബൈബിൾ ക്വിസിനു കോൺവെൻറീന്നു ശമ്മാനം കിട്ടിയ ബൈബിൾ ഗീതയായി മാറി… ചേച്ചിയുടെ മേക്കപ്പ് സെറ്റിലെ കണ്ണാടി വാൽക്കണ്ണാടിയായി മാറി… അപ്പറത്തെ ചേട്ടത്തിയാരുടെ ചട്ടയും മുണ്ടും കഴുകാനിട്ടിരുന്നതുകൊണ്ട് തിരിത്തുണി ആവശ്യത്തിലേറെയായിരുന്നു…

അര മണിക്കൂറിനുള്ളിൽ കിടിലൻ കണി റെഡി…
ഉരുളി ഭാരമുള്ളതുകൊണ്ട് ചുമക്കാൻ എല്ലാർക്കും മടി… പുണ്യം എനിക്കു തന്നെ കിട്ടട്ടെ എന്ന് പറഞ്ഞ് ഉരുളി ഞാൻ തന്നെയാ ചുമന്നത്..

കണി വീടിനു മുമ്പിൽ ശബ്ദമില്ലാതെ കൊണ്ട് വക്കും.. എന്നിട്ട് എല്ലാവരും വീടിന്നു വശങ്ങളിലേക്കോടി ഒളിച്ചിരിക്കും.. ഒരു പടക്കം പൊട്ടിക്കും… പിന്നെ എല്ലാരും കൂടി പടിഞ്ഞാറ് നിന്ന് ഒണക്കമീൻ കാരൻ വിളിച്ചു കൂവുന്നതു പോലെ വിളിക്കും..

കണി …കണ്യേയ്… വിഷുക്കണിയേയ്… സൽഫലക്കണിയേയ്.. സർവ്വൈശ്വര്യ കണിയേയ്…

തീർന്നില്ല വീട്ടുകാര് വാതില് തുറന്ന് കണികാണുമ്പോ ഞങ്ങളിലെ ഗായകർ വക ചെയിൻ സോങ്ങുമുണ്ട് ബാക്ക് ഗ്രൗണ്ടിൽ…

കണികാണും നേരം’.. കമലാ നേത്രന്റെ നിറമേഴും… പാട്ട് നാല് വരി കഴിയുമ്പഴക്കും ചെത്തി മന്ദാരം തുളസിപിച്ചകപൂമാല ചാർത്തി കണി കാണേണം ഭഗവാനേ… വരും…

കണി പണം കിട്ടിയാൽ പിന്നെ എല്ലാരും മാളത്തീന്നെറങ്ങും… അടുത്ത വീട് ലക്ഷ്യമാക്കി നീങ്ങും.. ഉരുളി ചുമന്ന് എന്റെ കഴുത്തൊടി യാ റായ്.. അവൾടെ വീടാണെങ്കിൽ എത്തുന്നുമില്ല…

ടെൻഷൻ കൂടി കൂടി വരുന്നു.. ഈ കണികൊണ്ടു പോക്ക് പറമ്പുകളിലൂടെയായിരുന്നത് കൊണ്ട് ആ പറമ്പിലെ സ്ഥാവരജംഗമ വസ്തുക്കൾ ഞങ്ങളുടേതു കൂടിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..

അവളുടെ വീടെത്തി… ഉണർത്തു പടക്കം പൊട്ടിച്ചു.. ഞാൻ വാൽക്കണ്ണാടിയിൽ നോക്കി മുടി ചീകി ശുന്ദരനായ് കണിവാതിൽക്കൽ വച്ച് മറഞ്ഞിരുന്നു..

വാതിൽ തുറക്കപ്പെട്ടു.. അവളൊരു സുന്ദരിയായിരുന്നതുകൊണ്ട് എല്ലാവരും ഗാനാലാപനത്തിന് തൊണ്ട ശരിയാക്കി തയാറെടുത്തു..

കണി ഗാനമുയർന്നു… ഞാൻ പതിയെ എങ്ങിവലിഞ്ഞ് അവളെയെന്നൊത്തിനോക്കി. അവളും ചേട്ടനും അമ്മയും അച്ഛനും അമ്മൂമയും കണി കണ്ട് തൊഴുതു നിൽക്കുകയാണ്..

എന്റെ ഹൃദയം മാലപടക്കം പൊട്ടുന്നതിനേക്കാൾ വേഗത്തിൽ മിടിച്ചു… പെട്ടെന്ന് ഞങ്ങളിൽ രണ്ടു പേർ ഒളിച്ചിരുന്ന തെങ്ങിൻ കുഴിയിൽ നിന്ന് ഒരു പെരുക്കം കേട്ടു..

ഞാൻ തലയെത്തി നോക്കീപ്പം കരയിലകളിൽ രണ്ടു പേർ കെട്ടിമറിഞ്ഞുരുളുന്നു.. ഉരുരുണ്ടുരുണ്ട് നേരെ വീടിനു മുമ്പിൽ വച്ചവർ നിവർന്നു.. ഞങ്ങൾ ബാക്കിയുള്ളവർ സ്തബ്ധരായി പതുങ്ങി നിൽക്കാണ്..

പെട്ടെന്ന് ഒരു ഗുണ്ട് പൊട്ടിയ ശബ്ദത്തിൽ അതിലൊരു വ ൻ അലറി..

എടാ മയ്…
എന്റെ മാങ്ങ താടാ..

പിന്നെ ഓടീന്ന് പറയണ്ടല്ലോ.. വീട്ടുകാർ ഓടിപ്പിക്കുന്നതിനു മുമ്പ് ഞങ്ങളോടി…

വിഷുഫലം….
നല്ല വിഷുക്കണി സമ്മാനിച്ചതിന് കാമുകി പ്രത്യേക സമ്മാനമായ് ഒരു വർഷം മിണ്ടാതെ നടന്നു…. വീട്ടിലെ ഉരുളിയും വിഗ്രഹവും ഒരാഴ്ച കഴിഞ്ഞ് അമ്മ എടുത്തോണ്ട് പോന്നു… വെള്ളരി കക്കാൻ പോയവര് തീറ്റക്കും വെളളരി ഉപയോഗിച്ചതിനാൽ മാപ്ളകേസ് കൊടുത്തു.. …

കണി കണ്യേയ്…
സൽഫലക്കണിയേയ്…
സർവൈശ്വര്യക്കണിയേയ്………ശുഭം

റീ പോസ്റ്റ്