ദൈവമേ.. ഇന്നെങ്കിലും ആ ചിഞ്ചു എന്നോട് ഇഷ്ടമാണെന്നു പറയണേ… മഞ്ജു തേച്ചിട്ട് പോയതിൽ പിന്നെ

ദൈവമേ.. ഇന്നെങ്കിലും ആ ചിഞ്ചു എന്നോട് ഇഷ്ടമാണെന്നു പറയണേ… മഞ്ജു തേച്ചിട്ട് പോയതിൽ പിന്നെ കുറേ ആയി ഇവളെ വളക്കാൻ നോക്കുന്നു… എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ കർത്താവെ…

ഹാ.. രാവിലെ തന്നെ ബേക്കറി തുറന്നിട്ട്‌ കണ്ട പെണ്ണിനെ വളയ്ക്കുന്ന കാര്യമാണോടാ ദൈവത്തിനോട് പറയുന്നത്. ഇന്നെങ്കിലും നിന്റെ ഈ പാട്ട കടയിൽ കച്ചവടം കിട്ടണേ എന്ന് പ്രാർത്ഥിക്കടാ…

ബേക്കറിയിലേക്ക് പതിവ് പോലെ ചായ കുടിക്കാൻ ഇറങ്ങിയ നാരായണേട്ടന്റെ വക ആയിരുന്നു കമന്റ്…

ദേ… ഇവിടെ സീരിയസ് ആയിട്ട് ഒരു കാര്യം പ്രാർത്ഥിക്കുമ്പോൾ ആ അങ്ങേരുടെ ഒരു വളിച്ച ഡയലോഗ്..

നീ എനിക്കൊരു ചായ തന്നിട്ട് വേണമെങ്കിൽ രാവിലെ തൊട്ടു രാത്രി വരെ ഇരുന്നു പ്രാർത്ഥിച്ചോടാ ജിബിനേ…

അവിടെ കുറച്ചു നേരം കുത്തി ഇരിക്ക്. അമ്മാവൻ പെണ്ണും കെട്ടി മക്കളും ആയി അവരുടെ കല്യാണവും നടത്തി എന്നിട്ട് ഇപ്പൊ കൊച്ചു മക്കളെ കളിപ്പിച്ചൊണ്ട് ഇരിക്കുവല്ലേ… ഇവിടെ എനിക്കാണേൽ പേരിനു പോലും ഒരെണ്ണം ഇല്ല. അതിന്റെ വിഷമം കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന അമ്മാവന് പറഞ്ഞാൽ മനസ്സിലാവില്ല..

എന്റെ പൊന്നോ.. നീ എത്ര വേണമെങ്കിലും പ്രാർത്ഥിച്ചോ.. എന്നെ പ്രാകി കൊല്ലാതിരുന്നാൽ മതി. കുറച്ചു നാൾ കൂടി ജീവിക്കണം എന്നുണ്ടേ.. അതാ…

എന്നാ പിന്നെ ഒരഞ്ചു മിനിറ്റ് ആ തൊള്ള തുറക്കാതിരിക്ക്. ഞാൻ ഒന്ന് പ്രാർത്ഥിച്ചോട്ടെ…

കർത്താവെ ദേ ഇത് കണ്ടില്ലേ.. 25 രൂപയുടെ ചന്ദന തിരി ആ. എന്നും രണ്ടെണ്ണം ആ കത്തിച്ചു കൊണ്ടിരുന്നത്. ഇന്ന് ഒരെണ്ണം കൂടി കൂട്ടി മൂന്നെണ്ണം കത്തിക്കുന്നുണ്ട്. ഞാൻ ഇത്രേം കഷ്ട്ടപ്പെടുന്നതിനു എനിക്ക് തക്കതായ പ്രതിഫലം കിട്ടണേ എന്റെ ഗീവർഗീസ് പുണ്യാളാ..

ഹാ അത് നിനക്ക് വൈകാതെ തന്നെ കിട്ടുമെടാ ജിബിനേ…

എന്താ നാരായണേട്ടാ.. ആക്കിയത് ആണോ…

എന്താടാ നിനക്ക് അങ്ങനെ തോന്നിയോ…

ങ്ങാ.. ലേശം…

എന്നാ ഞാൻ ആക്കിയത് തന്നെയാടാ…

രാവിലെ തന്നെ ഇങ്ങ് പോന്നോളും.. വീട്ടിൽ നിന്നു ചായ ഒന്നും തരില്ലേ.. എന്തിനാ വെറുതെ എന്റെ വായിലിരിക്കുന്നത് കേൾക്കാൻ ഇങ്ങോട്ട് വരുന്നത്…

ആ… ഈ കൊല്ലം ജില്ലയിൽ എത്രയോ ചായ കടകൾ ഉണ്ടെടാ. അവിടെ നിന്നും കിട്ടാത്ത ഒരു പ്രേത്യേക തരം രുചി നിന്റെ ചായക്കുണ്ട്….

അയ്യോ മതി സോപ്പിട്ടു പതപ്പിച്ചത്….. കൈയ്യിൽ പൈസ ഇല്ല.. പറ്റു ബുക്കിൽ എഴുതിക്കോ.. മാസാവസാനം തരാം.. എന്ന് പറയാൻ വേണ്ടി അല്ലേ ഇത്രേം പതപ്പിച്ചത്….

എടാ ഭീകരാ… നിന്റെ മുതലാളി രവി പറയുന്നത് നിനക്ക് അഞ്ചു പൈസ്സയുടെ ബുദ്ധി ഇല്ലന്നാണല്ലോ… പക്ഷേ എനിക്ക് അങ്ങനെ തോന്നുന്നില്ല…. സംഭവം പെട്ടെന്ന് തന്നെ കണ്ടു പിടിച്ചു കളഞ്ഞല്ലോ നീ..

വർഷം ഇപ്പൊ 5, 6കഴിഞ്ഞില്ലേ ഈ മൊതലിനെ പരിചയപ്പെട്ടിട്ട്. ഇവിടെ കട തുടങ്ങിയത് മുതൽ എന്നും ഇവിടെ നിന്നാണല്ലോ ചായ കുടി…

ഞാൻ മുടങ്ങാതെ ചായ കുടിക്കുന്നത്.. നിനക്കു അങ്ങനെ എങ്കിലും കച്ചവടം കിട്ടിക്കോട്ടേ എന്ന് കരുതി ആടാ..

നിങ്ങള് കുടിച്ചില്ലെങ്കിലും ഇവിടെ നല്ല കച്ചവടം ഉണ്ട് അമ്മാവാ.. ഞാൻ മുതലാളിയോട് കുറേ ആയി പറയുന്നു.. എനിക്ക് സഹായത്തിനു ഒരാളെ കൂടി നിർത്താൻ…

നീ തന്നെ ഇവിടെ ഒരു അധികപറ്റാ.. അപ്പോഴാ നിനക്ക് സഹായത്തിനു ഒരാളെ കൂടി നിർത്തുന്നത്…

മിണ്ടാതെ ചായ കുടിച്ചില്ലെങ്കിൽ കഴിഞ്ഞ ആഴ്ചത്തെ പഴം പൊരി ഇവിടെ ഇരിപ്പുണ്ട്. അതെടുത്തു വായിൽ ഞാൻ കുത്തി കേറ്റും..

അപ്പോഴാണ് ക്രിക്കറ്റ്‌ ബാറ്റും പിടിച്ചു മൂന്നാലു ചെറിയ പിള്ളേർ ജിബിയുടെ കടയിലേക്ക് ചെല്ലുന്നത്..

ജിബി ചേട്ടായി.. 2 ഉണ്ടംപൊരി

എന്താടാ മക്കളെ… ക്രിക്കറ്റ്‌ കളിക്കാൻ പോകുന്നതിനു ഉണ്ടംപൊരി മേടിക്കുന്നത്.. നാരായണേട്ടൻ ചോദിച്ചു…

എന്റെ കടയിലെ ഉണ്ടംപൊരിക്ക് നല്ല ശക്തി ആ. അത് കഴിച്ചാലേ ഇവന്മാർക്കൊക്കെ സിക്സെർ അടിക്കാൻ പറ്റു. അല്ലേടാ പിള്ളേരെ…

അതൊന്നുമല്ല ജിബി ചേട്ടായി.. ക്രിക്കറ്റ്‌ കളിക്കാൻ റബ്ബർ പന്തിനേക്കാൾ നല്ലത് ചേട്ടന്റെ കടയിലെ ഉണ്ടംപൊരി ആണെന്ന് അപ്പുറത്ത് കട നടത്തുന്ന സുധീഷ് മാമൻ പറഞ്ഞു..ഇതാകുമ്പോൾ എത്ര കളിച്ചാലും പൊട്ടില്ലെന്നു…

അത് ചത്തു പോയ അവന്റെ അപ്പൻ നടത്തുന്ന കടയിൽ ആ കിട്ടുന്നതെന്നു ചെന്നു പറേടാ…. ഇനി മേലാൽ ഈ പരിപാടി ആയിട്ട് ഇങ്ങോട്ട് വന്നാൽ എക്കത്തിനെയും കാലേ വാരി ഞാൻ നിലത്തടിക്കും…

ആ പിള്ളേർ ഒരു സത്യം പറഞ്ഞതിന് നീ എന്തിനാടാ അവരോടു ചൂടാകുന്നത്….

ഓഹോ.. നിങ്ങൾ ചായ കുടിച്ചു കഴിഞ്ഞെങ്കിൽ മൂട്ടിലെ പൊടിയും തട്ടി പോകാൻ നോക്കു…

ഓഹോ.. എന്നാ ഇനി എന്റെ മെക്കിട്ട് കയറു..

ആ സുധിക്ക് കുറേ ആയി ഇളക്കം തുടങ്ങിയിട്ട്. അവന്റെ കടയിൽ കച്ചവടം ഇല്ലാത്തതിന് ഞാൻ എന്ത് ചെയ്യാൻ ആ. ഒരു ദിവസം എന്തെങ്കിലും കാര്യത്തിന് അവനെ എന്റെ കൈയിൽ കിട്ടും. അന്നവന്റെ മൂക്കിടിച്ചു പരത്തും ഞാൻ…

അല്ലെടാ.. നിന്റെ കട മുതലാളി രവി എന്തേയ്. അവനെ ഇപ്പൊ കാണാറില്ലല്ലോ..

അങ്ങേരു പേരിനു മാത്രമേ മുതലാളി ഉള്ളു. ഈ കട അങ്ങേരുടേതാണെങ്കിലും ഒന്ന് തിരിഞ്ഞു പോലും നോക്കാറില്ല. എല്ലാ ചുമതലയും എന്നെ ഏല്പിച്ചിട്ട് തെക്കു വടക്കു നടക്കുകയാ..

അപ്പോഴാണ് റോഡിൽ കൂടി രണ്ടു പെൺകുട്ടികൾ നടന്നു വരുന്നത് ജിബിൻ കണ്ടത്..

അല്ല.. ആരിത് അമൃതയോ.. കൂടെ ഉള്ളത് ആരാ ഫ്രണ്ട് ആണോ..

ഏതാടി ഈ അലവലാതി.. കൂടെ ഉള്ള ഫ്രണ്ട് ശബ്ദം താഴ്ത്തി അമൃതയോടു ചോദിച്ചു..

ഇത് ഇവിടുത്തെ ഒരു ഗിരി രാജൻ കോഴി ആടി.. മൈൻഡ് ചെയ്യണ്ട…

ഹാ.. നിങ്ങൾ ഇങ്ങനെ മിണ്ടാതെ പോകാതെ.. വാ ഒരു ചായ കുടിച്ചിട്ട് പോകാം..

ചേട്ടന് ഇപ്പൊ എന്താ വേണ്ടത്…

ഞാൻ കഴിഞ്ഞ ആഴ്ച ചുമ്മാ ഒന്ന് ഇഷ്ടമാണെന്നു പറഞ്ഞതിന് താൻ എന്തിനാടോ ചേട്ടന്മാരെ പറഞ്ഞു വിട്ടത്…

അയ്യോ.. ചേട്ടൻ അത് ചുമ്മാ പറഞ്ഞതായിരുന്നല്ലേ.. അതിനുള്ള മറുപടി എന്റെ ചേട്ടന്മാർ തന്നല്ലോ. അതല്ലേ 2 ദിവസം ആശുപത്രിയിൽ കിടന്നത്..

ഒരാളെ 5, 6 പേർ ചേർന്ന് തല്ലുന്നത് അത്ര വലിയ കാര്യം ഒന്നും അല്ല..

ചേട്ടന് കിട്ടിയത് മതിയായില്ലെങ്കിൽ ഞാൻ എന്റെ ചേട്ടന്മാരെ ഒന്നുടെ പറഞ്ഞു വിടാം…

ദേ.. ഇതാ തന്റെ കുഴപ്പം. ഒന്ന് തമാശ പോലും പറയാൻ പറ്റില്ലെന്ന് വെച്ചാൽ എന്താ ചെയ്യുന്നത്.. സില്ലി ഗേൾ..

ചേട്ടൻ എന്നെ ഇനിയും ശല്യപ്പെടുത്തിയാൽ ഉണ്ടല്ലോ.. നേരത്തെ 2 ദിവസം അല്ലേ ആശുപത്രിയിൽ കിടന്നത്.. ഇനിയത് 2 മാസം ആകും..പറഞ്ഞില്ലെന്നു വേണ്ടാ.. നീ വാടി.. ബസ് ഇപ്പൊ തന്നെ വരും….

അവളെ കണ്ടാൽ പട്ടി കഞ്ഞി കുടിക്കില്ല. എന്നിട്ട് ഒടുക്കത്തെ ജാടയും.. ശവം… ജിബിൻ സ്വയം പറഞ്ഞു….

പിന്നെ നീ എന്തിനാടാ ഉവ്വേ അവളുടെ പുറകെ മണപ്പിച്ചു നടക്കുന്നത്…

ങ്ങേ.. ഇങ്ങേരു ഇത് വരെ വീട്ടിൽ പോയില്ലേ..

ഞാൻ വീട്ടിൽ പോയിട്ട് എന്ത് ചെയ്യാൻ ആടാ. ഇതാകുമ്പോൾ നിന്റെ ഓരോ മണ്ടത്തരവും കേൾക്കാം.. നാട്ടുകാർ എടുത്തിട്ട് നിന്നെ പഞ്ഞിക്കിടുന്നതും കാണാം…

അഹ്.. ചേട്ടന്റെ പേര് നാരായണൻ എന്നല്ലായിരുന്നു… നാരദൻ എന്നായിരുന്നു വേണ്ടത്…

അപ്പോഴാണ് കടയുടെ മുതലാളി ബൈക്ക് കൊണ്ടു നിർത്തി കടയിലേക്ക് കയറുന്നത്….

ടാ ജിബി.. ഇങ്ങ് വന്നെടാ…

ആഹാ.. രവിയേട്ടൻ ആയിരുന്നോ.. എന്താ വഴി തെറ്റി വന്നതാണോ..

ഞാൻ കടയിലേക്ക് വന്നില്ലെങ്കിൽ എന്താടാ. നീ ഇത് നല്ല രീതിയിൽ കൊണ്ടു പോകുമെന്ന് എനിക്കറിയാൻ പാടില്ലേ..

അത് ശരിയാടാ രവി. അവൻ നല്ല രീതിയിൽ കൊണ്ടു പോകുന്നുമുണ്ട്… അവനു നല്ല രീതിയിൽ തന്നെ കിട്ടുന്നുമുണ്ട്. ചെറിയൊരു ചിരിയോടെ നാരായണേട്ടൻ പറഞ്ഞു..

ടാ ജിബി.. ഞാൻ നിന്നോട് ഒരു ഒരു അത്യാവശ്യ കാര്യം പറയാൻ വേണ്ടി വന്നതാ..

എന്താ രവിയേട്ടാ..

ഇന്ന് എന്റെ ഒരു കൂട്ടുകാരൻ വരും. അവൻ കുറച്ചു ദിവസം ഇവിടെ കാണും.താമസം അവൻ നിന്റെ കൂടെ ആയിരിക്കും…

എന്റെ കൂടെയോ… അതൊന്നും പറ്റില്ല..

ഒന്ന് അഡ്ജസ്റ്റ് ചെയ്യടാ. നിനക്കറിയാലോ ഞാൻ വെൽഡിങ് പണി കൂടി ചെയ്യുന്നത്. കുറച്ചു അർജെന്റ് പണി വന്നിട്ടുണ്ട് എനിക്ക്.. അത് കൊണ്ടാണ് അവനെ ഇപ്പൊ വിളിച്ചത്…

അവന്റെ സ്ഥലം എവിടെയാ…

ആലപ്പുഴ….

രവിയേട്ടൻ എന്തിനാ അത്രയും ദൂരത്തു നിന്നു അവനെ കൊണ്ടു വന്നു പണിയിപ്പിക്കുന്നത്. ഇവിടെ ഇഷ്ട്ടം പോലെ പണിക്കാർ ഉണ്ടല്ലോ..

ഞാൻ കല്യാണം കഴിച്ചിരിക്കുന്നത് ആലപ്പുഴയിൽ നിന്നല്ലെടാ. എന്റെ വൈഫിനു അവനെ അറിയാം.എനിക്ക് അങ്ങനാ അവനെ പരിജയം. അവന്റെ വർക്ക്‌ ഒക്കെ ഞാൻ കണ്ടിട്ടുണ്ട്. സൂപ്പർ ആ. അതാ അവനെ തന്നെ വിളിച്ചത്…

എന്നിട്ട് അവൻ എപ്പോ വരും..

അവൻ ദേ ജംഗ്ഷനിൽ എത്തിയിട്ടുണ്ട്. അവൻ നേരെ ഇങ്ങോട്ട് വന്നോളും. ഞാൻ അപ്പോഴേക്കും ഒന്ന് കറങ്ങിയിട്ട് വരാം..

എന്നാ രവിയേട്ടൻ പോയിട്ട് വാ..

അര മണിക്കൂർ കഴിഞ്ഞില്ലാ. കടയിൽ വന്നു ഒരാൾ ചോദിച്ചു…

രവിയേട്ടന്റെ കട അല്ലേ…

കട ക്ലീൻ ചെയ്തു കൊണ്ടിരുന്ന ജിബിൻ തല തിരിച്ചു നോക്കി.. കാണാൻ ഒക്കെ ഭംഗി ഉള്ള ഒരു ചെറുപ്പക്കാരൻ ആയിരുന്നു അത്…

അതെ രവിയേട്ടന്റെ കട ആ.. എന്താ..

ഞാൻ അജിത്.അജു എന്ന് വിളിക്കും..

ആര് വിളിക്കും…..

അല്ല.. ഫ്രണ്ട്‌സ് അജു എന്ന് വിളിക്കുന്ന കാര്യമാ പറഞ്ഞത്…

അതിനിപ്പോൾ ഞാൻ എന്താ വേണ്ടത്.നീ എന്ത് സാധനമാ മേടിക്കാൻ വന്നതെന്ന് പറഞ്ഞാൽ അതിന്റെ പേര് മാത്രം പറഞ്ഞാൽ മതി. അല്ലാതെ വീട്ടു വിശേഷം മൊത്തം പറയണ്ട..

അയ്യോ ഞാൻ അതിനൊന്നും വന്നതല്ല. രവിയേട്ടൻ ഒരു ജോലിയുടെ കാര്യം പറഞ്ഞിരുന്നു. അതിനായിട്ട് വന്നതാ…

ഓഹോ.. അപ്പൊ രവിയേട്ടൻ പറഞ്ഞ ആള് നീ ആയിരുന്നല്ലേ…

ഹാ.. അതെ.. അല്ല രവിയേട്ടൻ എന്തേയ്..

അങ്ങേരു ഇപ്പൊ വരാമെന്നു പറഞ്ഞു പോയതാ. ഇനി എപ്പോ വരുമെന്ന് പറയാൻ ദൈവം തമ്പുരാന് പോലും പറ്റില്ല… നീ എന്തായാലും ഇവിടെ ഇരിക്ക്..

അജു അവിടെ ഇട്ടിരുന്ന കസ്സേരയിൽ ഇരുന്നു. സമയം കുറച്ചു കഴിഞ്ഞു. പെട്ടന്നാണ് ജിബിൻ ചീപ്പ് ഒക്കെ എടുത്തു മുടി ചീകുന്നത് അജു കണ്ടത്..

അല്ല മച്ചാൻ എവിടെ പോകുവാ…

ഇപ്പൊ എന്റെ ഒരു lover വരും ഇത് വഴി. ഇന്നലെ ഞാൻ അവൾക്കു ഇഷ്ടമാണെന്നു പറഞ്ഞു ഒരു കത്ത് കൊടുത്തിരുന്നു. അതിന്റെ മറുപടി അവൾ ഇന്ന് തരാമെന്നാ പറഞ്ഞത്…

എന്താ അവളുടെ പേര്..

ചിഞ്ചു… ഞാൻ അവളെ പോന്നുസേ എന്ന് വിളിക്കും..

അപ്പോഴേക്കും ചിഞ്ചു നടന്നു വരുന്നത് ജിബിൻ കണ്ടു. കടയുടെ മുന്നിൽ വന്നു നിന്നിട്ട് അവൾ ബാഗ് തുറന്നു ഒരു ലെറ്റർ ജിബിന് കൊടുത്തു. എന്നിട്ട് ഒരു കള്ള ചിരിയോടെ നടന്നു പോയി…

ആഹാ.. അടിച്ചു മോനെ.. ദേ ടാ.. അവൾ എനിക്ക് ലെറ്റർ തന്നു…

കൊള്ളാട്ടോ.. ചെലവുണ്ട് മച്ചാനെ… ആ ലെറ്റർ തുറന്നു വായിച്ചു നോക്ക്..

അത് ശരിയാണല്ലോ… ഇന്നാ നീ തന്നെ വായിക്കൂ. മറ്റുള്ളവർ വായിച്ചു നമ്മൾ കേൾക്കുമ്പോഴേ അതിനൊരു ഫീൽ കിട്ടു..

ജിബിൻ കത്ത് അജുവിന്‌ കൊടുത്തു.അജു അത് തുറന്നു ഉറക്കെ വായിച്ചു…

“എടാ അലവലാതി.. നിനക്ക് നാണം ഇല്ലെടാ.. നാട്ടിലെ പ്രധാന കോഴി നീ ആണെന്ന് ഞാൻ അറിഞ്ഞു. ഇനി മേലാൽ ഈ ഉടായിപ്പ് പ്രണയം ആയിട്ട് എന്റെ പുറകെ വന്നാൽ നിന്റെ മുട്ടിനു താഴെ രണ്ടു കാലും ഉണ്ടാവില്ല. കേട്ടോടാ കോഴി ജിബിനേ… ”

അത് വായിച്ചു കേട്ടതോടെ ജിബിന്റെ മുഖം ആകെ ചമ്മിയത് പോലെ ആയി…

എടാ മോനെ… അങ്ങനെ ഒന്നും ഇല്ലെടാ.. അവൾക്കു പ്രാന്താടാ…

അതിനു മറുപടി പറയാതെ അജു പൊട്ടി ചിരിച്ചു…

നീ ആ കത്ത് ഇങ്ങ് തന്നേക്കു. ഞാൻ സൂക്ഷിച്ചു വെച്ചോളാം…

അയ്യടാ.. ഇത് രവി ചേട്ടനെ കൂടി കാണിച്ചിട്ട് തരാം മച്ചാനെ…

ടാ അജു അതിങ്ങു താടാ എന്ന് പറഞ്ഞു ജിബിൻ അജുവിന്റെ അടുത്തേക്ക് ചെന്നു. പെട്ടെന്ന് അജു ഇരുന്നിടത്തു നിന്നു എഴുന്നേറ്റു പുറത്തേക്കു ഓടി..

അപ്പോഴാണ് കടയിലേക്ക് കയറി വരികയായിരുന്ന ഒരാളുമായി അജു കൂട്ടി ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ അവരുടെ കയ്യിൽ നിന്നും ഫോൺ താഴെ വീണ് മൂന്നാലു പീസ് ആയിട്ട് പൊട്ടി…

ഞെട്ടലോടെ അജു തല ഉയർത്തി നോക്കിയപ്പോൾ ഒരു പെൺകുട്ടി ആയിരുന്നു അത്. അധികം താമസിച്ചില്ല.. ഒരു കൈ വന്നു അജുവിന്റെ കരണ കുറ്റിയിൽ പതിഞ്ഞു….