എന്റെ പ്രണയം പല തവണ ഞാൻ വീട്ടിൽ അവതരിപ്പിച്ചു… എന്നാൽ പുച്ഛത്തോടെ നിങ്ങളതിനെ എതിർത്തു…

#ഒളിച്ചോട്ടത്തിലെ_സത്യം….

‘ എടീ രമണി …
നീയറിഞ്ഞോ… ; നമ്മുടെ രമ്യ ഒളിച്ചോടി പോയെന്ന്… ‘

‘ ദൈവമേ….
ഏത്..;നമ്മുടെ രാഘവന്റെ മകളോ…. ?’

വല്ലാത്ത നിരാശ അനുഭവപ്പെട്ട പോലെ രമണിയുടെ മുഖഭാവം മാറി മറഞ്ഞു…
കൂടെ ആശങ്കയും അത്ഭുതതും കാരണം മൂക്കത്ത് വിരൽ വെച്ചു..

‘ അല്ലെയോടി…
ആ കൊച്ചിന്റെ കല്യാണമല്ലേ ഇന്ന്.. ‘

ഞെട്ടലിന്റെ ഭാവങ്ങൾ മുഖത്ത് നിന്നും വിട്ടു പോകും മുന്നേ രമണി വീണ്ടും ചോദിച്ചു…

‘ അതെല്ലെടി അത്ഭുതം…
ആ കൊച്ചെന്നാലും കാണിച്ച പണിയെ…
ഇനിയിപ്പോ രാഘവൻ ആത്മഹത്യ ചെയ്യേണ്ടി വരും.. ‘

‘ എന്നാലും അവൾക്കിതെങ്ങനെ തോന്നി…
അതും ഇന്ന്…
ഇനി അങ്ങനെ വല്ലതും ഉണ്ടേൽ തന്നെ അതങ്ങു വീട്ടിൽ പറഞ്ഞാൽ പോരായിരുന്നോ..’

‘ അത് തന്നെയാണെന്നെ ഞാനും പറയുന്നത്…
ഈ സാഹചര്യത്തിൽ ഇനി എന്ത് ചെയ്യാൻ ആണ്…
പാവം രാഘവൻ….
വിളിച്ചു കൂട്ടിയ നാട്ടുകാരോട് ഇനിയെന്ത് സമാധാനം പറയും… ‘

അമ്മിണിയും ദുഃഖങ്ങൾ പങ്കു വെച്ചു…..
സംഭവം നടന്ന വീട്ടിൽ പോയി ദുഃഖത്തിൽ പങ്കു ചേർന്നില്ലെങ്കിലും അവർ വാർത്തകൾ പരസ്പരം കൈമാറികൊണ്ടായിരുന്നു വിഷമങ്ങൾ പങ്കു വെച്ചത്..
അസൂയാലുക്കൾ പരദൂഷണമെന്നും ചിലപ്പോൾ പറയും…

‘ ഞാൻ വല്ലതും ആവണമായിരുന്നു…
വെട്ടൊന്നു തുണ്ടം രണ്ടാക്കിയേനെ…
ഇത്രയും നാൾ പോറ്റി വളർത്തിയ മാതാപിതാക്കളോട് ഇത് ചെയ്യാൻ തോന്നിയല്ലേ ആ കൊച്ചിന്… ‘

‘ ശെരിയാന്നെ…
നന്ദിയില്ലാത്തവൾ…
വീട്ടുകാരെ പറയിപ്പിക്കാനായി ജന്മമെടുത്തവൾ…
ഇവളോക്കോ മരിച്ചു പോയി ദൈവം തമ്പുരാനെ കാണണ്ടേ..
അവിടെ വെച്ചു എന്തു പറയുവോ ആവോ… ‘

‘ ആന്നെ…
ഞാനും അതാ ചിന്തിക്കുന്നെ…
എന്നാലും ആ കൊച്ചിന് ഇതെന്ത് പറ്റിയെന്നാവോ…
നല്ല കുട്ടിയായിരുന്നു…
ഇന്ന് വരെ ആരെകൊണ്ടും ഒന്നും പറയിപ്പിച്ചിട്ടില്ല…
എന്നിട്ടിപ്പൊ അവസാന നിമിഷം.. ‘

‘ ഹാ…
ഓരോരുത്തരുടെ മനസ്സ് അങ്ങനെയായിരിക്കും…
നീ പറഞ്ഞ പോലെ നല്ല കുട്ടിയായിരുന്നല്ലോ…
ഇതിപ്പോ എന്ത് പറ്റിയോ ആവോ….’

തെറ്റിലേക്ക് വഴുതി വീണ ആ കുട്ടിയോട് സഹതാപവും അവർക്കുണ്ടായിരുന്നു..
കുട്ടിയോട് ദേഷ്യം പ്രകടിപ്പിക്കുന്നതിനിടയിൽ സഹതാപവും അവർ പങ്കു വെച്ചു…
അതിന്റെ ഒരു വശമായിട്ടാവാം പാവം കുട്ടിയായിരുന്നു എന്ന വാക്കുകൾ ഇടക്കിടക്ക് മൊഴിഞ്ഞു കൊണ്ടിരുന്നത്…

‘ നമുക്കവിടം വരെയൊന്ന് പോകേണ്ടെടി…’

‘ ഹ..
എല്ലാമൊന്ന് ആറി തണുക്കട്ടെ…
എന്നിട്ടൊന്ന് പോയി അവരെയൊന്നു ആശ്വസിപ്പിക്കണം…’

ആശ്വാസ വാക്കുകൾ നിരത്തി സങ്കടത്തിൽ പങ്കു ചേരുക മാത്രമായിരുന്നില്ല ലക്ഷ്യം..
വാർത്തകളുടെ കൂടുതൽ വിവരം അറിയുക…
ഏവരിലും ഉള്ള പോലെ അവരുടെ മനസ്സിലും അതിനുള്ള ആഗ്രഹമുണ്ടായിരുന്നു…
മറ്റുള്ളവർക്ക് വന്നു ചേർന്ന ദുരന്ദത്തെ കുറിച്ചറിയാനുള്ള ആശങ്ക…

‘ ഞാനെന്തായാലും അടുക്കളയിൽ പോയി നോക്കട്ടെ…
മീൻ കരിഞ്ഞോ ആവോ…?
മനസ്സിലങ്ങനെ ഓരോരോ കാര്യങ്ങൾ വന്ന് കൂടിയപ്പോൾ ഒന്നു പങ്കു വെക്കാൻ ഇറങ്ങിയതാ… ‘

‘ ഹാ…
ഞാനും പോകട്ടെ…
എനിക്കുമുണ്ട് കുറച്ചു പണികൾ..
എല്ലാം ഒന്ന് തീർക്കണം…
നീയെന്തായാലും പോകുവാണെൽ പറയെട്ടോ…’

ആ സംഭാഷണങ്ങൾക്ക് അന്ത്യം കുറിച്ചിരിക്കുന്നു…
നാട്ടിലെ പ്രധാന വാർത്തകൾ പങ്കുവെച്ചവർ പരസ്പരം വിട്ടു പിരിഞ്ഞു…
കൂടുതൽ വിവരങ്ങൾ പിന്നീട് സംസാരിക്കാം എന്ന മട്ടിൽ…

ഇതേ സമയം രാഘവന്റെ വീട്ടിൽ പ്രശ്നങ്ങൾ ഗുരുതരമായി കഴിഞ്ഞിരുന്നു…
എല്ലാവരുടെ ഇടയിലും ചർച്ചാ വിഷയം..
അവിടെ ഇനിയൊരു കല്യാണം നടക്കില്ല എന്നറിഞ്ഞിട്ടും ജനങ്ങൾ തിങ്ങി നിറഞ്ഞു..
കൂടുതൽ വിവരങ്ങൾ അറിയാനുള്ള ആശങ്ക മാത്രമായിരുന്നില്ല ആ ജനത്തിന്റെ ലക്ഷ്യം പിന്നീടവിടെ നടക്കുന്ന കലാപരിപാടികൾക്ക് സാക്ഷ്യം വഹിക്കുക ..
അതായിരുന്നു കൂടുതൽ പേരുടെയും മനസ്സിൽ…

ആഗ്രഹങ്ങളും മനസ്സിലിരിപ്പും തെറ്റിയില്ല…
വാഹനങ്ങളുടെ പുക ആ അന്തരീക്ഷത്തെ മലിനമാക്കി…
വാഹനം കൊണ്ടു പോലും ദേഷ്യം പ്രകടമാക്കി…
വണ്ടി നിർത്തും മുന്നേ അതിൽ നിന്നും ചിലർ ചാടിയിറങ്ങി..
പലതും മനസ്സിൽ നെയ്തു കൂട്ടി കൊണ്ട് തന്നെ.

‘ എടാ…
ചെറ്റ രാഘവാ..
ഇറങ്ങി വാടാ…’

വാഹനങ്ങളിൽ നിന്നുമിറങ്ങിയ കൂട്ടം തെറിവിളികളുടെ ഉത്സവം തന്നെ നടത്തുന്നുണ്ടായിരുന്നു…
അവർക്ക് പറ്റിയ നഷ്ട്ടങ്ങളും മാനഹാനിയും ആ വാക്കുകളിലൂടെ തന്നെ പ്രകടമാവും വിധമായിരുന്നു…
പരിധി വിടുന്ന വാക്കുകൾ കേട്ട് നിൽക്കാനുള്ള ശുദ്ധ മനസ്സും ക്ഷമയും അവിടെ കൂടിയ നാട്ടുകാരായ ചെരുപ്പക്കാർക്കും തീരെയില്ല…
എന്നാൽ സാഹചര്യം അവർ മനസ്സിലാക്കുന്നു..
ചെക്കന്റെ വീട്ടുകാർക്കുണ്ടായ അനുഭവം തങ്ങൾക്ക് ഉണ്ടായാലും ഇത് തന്നെയാവും സ്ഥിതി…
ആ ബോധമാവാം കൂടി നിന്ന ചെറുപ്പക്കാർക്ക് കേട്ടു നിൽക്കാനുള്ള ക്ഷമ കിട്ടാൻ കാരണമായത്…

‘ ഇറങ്ങി വാടാ….
തന്തക്ക് പിറക്കാത്തവനെ… ‘

‘ ഹേയ്…
നിങ്ങളൊന്നു ശാന്തരാകു…’

പ്രശ്നങ്ങൾ വാക്കുകളാൽ വശളാകുമ്പോൾ പരിഹാരം കാണണം എന്ന ലക്ഷ്യവുമായി കൂട്ടത്തിലെ കാരണവരിൽ ഒരാൾ മുന്നോട്ട് വന്നു…

‘ എന്തൊന്നാ ചേട്ടാ നിങ്ങളീ പറയുന്നേ…
നിങ്ങളുടെ മകനാണ് ഇത് സംഭവിച്ചതെങ്കിൽ നിങ്ങൾ മൗനം പാലിക്കുമോ…? ‘

‘ ഇല്ല…
ഞാനൊരിക്കലും മൗനം പാലിക്കില്ല…
പക്ഷെ അന്ന് എന്നെ ഉപദേശിക്കാനും ഇതു പോലെ ആളുണ്ടാവും.. ‘

കൂട്ടത്തിൽ നിന്നും ആ വൃദ്ധന്റെ വാക്കുകൾക്ക് മറുപടി നൽകിയത് ഒരു ചെറുപ്പക്കാരൻ ആയിരുന്നു…
എങ്കിലും വാക്കുകൾ മാന്യത നിറഞ്ഞത് തന്നെ…
മറ്റുള്ളവരെ പോലെ ബോധമില്ലാത്ത സംസാരം അവനിൽ നിന്നുമുണ്ടായിട്ടില്ല…
അവന്റെ വാക്കുകൾക്ക് വൃദ്ധൻ വ്യക്തമായ മറുപടി കൊടുത്തില്ലേലും ശാന്തതയിലേക്ക് കൂട്ടി കൊണ്ടു വരാനുള്ള വഴികൾ തെളിച്ചെടുക്കുന്നുണ്ടായിരുന്നു…

‘ എന്നു വെച്ചു ഞങ്ങൾ മിണ്ടാതെ നിൽക്കണോ…
അവൾ ഒളിച്ചോടിയപ്പോൾ പോയത് ഞങ്ങളുടെ മാനം കൂടിയാണ്…
ഒരുപാട് കഷ്ടപ്പെട്ട് തന്നെയാ വിവാഹ ചിലവുകൾ ഒക്കെ ചെയ്തുകൂട്ടിയെ..
അത് മാത്രമോ…
മാനം പോയില്ലേ…
ഇനി അവനെ കാണുന്നവരെല്ലാം ഈ വാർത്തയല്ലേ ആദ്യം ഓർക്കുക…
കളിയാക്കി ചിരിക്കൽ..
എല്ലാം ഒന്നുമറിയാത്ത പാവം ഞങ്ങളുടെ കല്യാണ ചെക്കൻ സഹിക്കണം.. ‘

‘ അല്ല…
ഞാനൊരു കാര്യം ചോദിക്കട്ടെ…
നിങ്ങൾ ഇവിടെ കിടന്നു ഇത്ര ബഹളം വെച്ചത് കൊണ്ട് എന്ത് ഉപകാരം…
പോയ മാനം തിരികെ ലഭിക്കുമോ..?’

അർത്ഥഭത്തായ വാക്കുകൾ വൃദ്ധൻ ഉരുവിടുമ്പോൾ അവിടം ശാന്തത നിറഞ്ഞിരുന്നു…
അത്രയും നേരം മുറ്റത്തു നിന്നും തെറിവിളിച്ച കൂട്ടം വാക്കുകൾ താൽക്കാലികമായി നിർത്തി വെച്ചിരുന്നു…
ഏവരുടെയും ശ്രദ്ധ അവരുടെ സംഭാഷത്തിനു നേരെയായി മാറിയിരിക്കുന്നു…
അദ്ദേഹം വീണ്ടും തുടർന്നു..

‘ ഇല്ല….
നിങ്ങൾക്കൊരിക്കലും മാനം തിരികെ ലഭിക്കില്ല..
പിന്നെ സാമ്പത്തിക നഷ്ടം…
ഒരു ആണ് കെട്ടുന്നതിലേറെ ചിലവുകൾ പെണ്ണിന്റെ വീട്ടുകാർക്ക് അവളെ കെട്ടിച്ചയക്കുന്നതിൽ ഉണ്ട്…
പക്ഷെ നിങ്ങൾ ഇത് നിങ്ങൾക്ക് നഷ്ട്ടമായി മാറിയത് കല്യാണം നടക്കാതെ വന്നപ്പോൾ തന്നെയാണ്..
ഞാൻ അംഗീകരിക്കുന്നു…
എന്നാൽ ഒരിക്കലും നിങ്ങളിങ്ങനെ വാ തോരാതെ തെറി വിളിച്ചത് കൊണ്ട് ആ നഷ്ട്ടവും നികത്താൻ സാധിക്കില്ല…
കാര്യബോധമുള്ള കാരണവന്മാർ പോയി അദ്ദേഹത്തോട് സംസാരിക്കു…
എന്താന്ന് വെച്ചാൽ തീരുമാനം എടുക്കു…

പിന്നെ പെണ്ണ് ഒളിച്ചോടിയതിന് ഒരിക്കലും പെണ്ണിന്റെ അച്ഛനെ കുറ്റപ്പെടുത്തുവാൻ സാധിക്കില്ല…
നിങ്ങളെ പോലെ തന്നെ ആയാളും നിരപരാധിയാണ്…
സമ്പത്ത് കൊണ്ടും മാനം കൊണ്ടും നഷ്ടം അയാൾക്ക് നിങ്ങളെക്കാൾ കൂടുതൽ തന്നെ…
ഇതൊരു അപ്രതീക്ഷിത സംഭവം അല്ലെ….
അതെല്ലാമൊന്നു മനസ്സിലാക്കി സംസാരിക്കു…

പിന്നെ ഈ കല്യാണം നടക്കാതെ പോയതിനു ദൈവത്തെ നിങ്ങൾ സ്തുതിച്ചു കൊള്ളു…
ഒരു പക്ഷെ കല്യാണം കഴിഞ്ഞതിന് ശേഷമാണ് ഇതെങ്കിൽ…?’

അദ്ദേഹത്തിന്റെ വാക്കുകൾ ഉൾക്കൊള്ളാൻ സാധിക്കുന്നത് തന്നെയായിരുന്നു…
മറുപടികളായി കൂടുതൽ ചോദ്യങ്ങളൊന്നും ഉയർന്നതുമില്ല…
ഓരോരുത്തരിലും നല്ല ചിന്തകൾക്ക് ജനം നൽകാൻ ആ വാക്കുകൾ ധാരാളമായിരുന്നു..
ഏവരും മൗനം മാത്രം…
കുറഞ്ഞ അടക്കം പറച്ചിലുകൾക്ക് ശേഷം വന്നിറങ്ങിയ വാഹനത്തിലേക്ക് തന്നെ…

ആളുകൾ ഓരോന്നായി പോയി തുടങ്ങി..
കാര്യങ്ങളെ ഒത്തു തീർപ്പാക്കിയ വൃദ്ധനും അവിടം വിട്ടു..
കല്യാണ പന്തലുകളാൽ അലങ്കാരമായ ആ വീട് മരണ വീടിനെക്കാൾ ശോകം നിറഞ്ഞതായിരുന്നു…

ആരുടെ സാനിധ്യവുന്നില്ലതെ അപ്പോഴും അച്ചനെന്ന പദവിയുമായി രാഘവൻ അടച്ചിട്ട ആ മുറിയിൽ തന്നെ…
ആരുടെയും സമാധാന വാക്കുകളോ കുറ്റപ്പെടുത്തലുകളോ ആ വാതിലിനപ്പുറം ചെന്നത്തിയില്ല…
സ്വസ്ഥതയായിരിക്കും ആവശ്യം…

വളരെ മൃദുലമായ ആ മെത്തയിൽ ചിന്തകളിൽ മുഴുകി അദ്ദേഹം കിടക്കുമ്പോൾ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ വെള്ള കടലാസ് മെല്ലെ താഴെ വീണു…

വായിച്ചു മടുത്ത ആ കടലാസിലേക്ക് അയാൾ വീണ്ടും നോക്കി…
അവളുടെ റൂമിൽ നിന്നും കിട്ടിയതാണ്…
കാണാനില്ല എന്ന വാർത്ത പരന്നപ്പോൾ തന്നെ റൂം പരിശോധിച്ചതിനാൽ കാരണങ്ങൾ വ്യക്തമായി എഴുതിയ ആ കടലാസ് കഷ്ണം അയാൾക്ക് തന്നെ കിട്ടിബോധിച്ചു..
ആരുടെ മുന്നിലും തുറക്കാതെ വായിച്ചു തീർന്ന പാടെ ആ റൂമിനെ അയാൾ ആശ്രയിച്ചു…
സ്വസ്ഥതക്ക് വേണ്ടി…
മനസമാധാനത്തിന് വേണ്ടി…

തന്നോട് തന്നെ പുച്ഛം നിറക്കുന്നതായിരുന്നു അവളുടെ വാക്കുകൾ..
ഒരു തവണ കൂടി രാഘവൻ ആ കത്തിലേക്ക് കണ്ണോടിച്ചു…

” പ്രിയപ്പെട്ട അച്ഛാ..

ഞാൻ പോവുകയാണ് ..
എന്നെ അന്വേഷിക്കരുത്….
നല്ലൊരു ജീവിതം സ്വപ്നം കണ്ടാണ് ഞാനിറങ്ങുന്നത്…
എന്റെ ആഗ്രഹങ്ങൾക്ക് നിങ്ങൾ എതിര് നിന്നു…
എന്റെ പ്രണയം പല തവണ ഞാൻ വീട്ടിൽ അവതരിപ്പിച്ചു…
എന്നാൽ പുച്ഛത്തോടെ നിങ്ങളതിനെ എതിർത്തു…
പ്രണയ വിവാഹം തെറ്റെന്ന കണ്ണോടെ നിങ്ങളതിനെ നോക്കി കണ്ടു…

പിന്നെ അവനും വന്നു നിങ്ങളോട് എന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞില്ലേ…
കല്യാണം കഴിപ്പിച്ചു തരാൻ യാജിച്ചില്ലേ…
നിങ്ങളവനെ ആട്ടിയിറക്കി..
ആരുടെ ചെവിയിലും വാർത്തയെത്താതെ നല്ലവളായി എന്നെ ചിത്രീകരിച്ചു…

ഇത്രയും നാൾ ഒളിച്ചോടുമോ എന്ന ഭയം നിങ്ങളെ അലട്ടിയത് കൊണ്ടാണോ ; ഒരു വീട്ടു തടങ്കൽ പോലെ സ്വാതന്ത്രം നൽകാതെ എന്നെ ആ നാലു ചുവരുകൾക്കുള്ളിൽ അടച്ചിട്ടത്…
എന്തായാലും ഇന്നതിന് അറുതി വീണു…
കല്യാണമായതിനാൽ കുറഞ്ഞ സ്വാതന്ത്രം നിങ്ങളെനിക്ക് നൽകി…

എന്നാൽ ഞാനത് മുതലെടുക്കുകയാണ്…
കാരണം ഇന്നെനിക്കു രക്ഷപ്പെട്ടില്ലേൽ ഞാൻ ആഗ്രഹിച്ച ജീവിതം എനിക്കില്ലാതെയാവും..
ഒരു പക്ഷെ കല്യാണ ദിവസം ഒളിച്ചോടുന്നതിനാൽ നാട്ടുകാരുടെ ഇടയിൽ ഞാനൊരു കുറ്റവാളിയാകും..
പക്ഷെ എനിക്ക് കിട്ടുന്നത് സ്വപ്‍ന സാക്ഷാത്കാരമാണ്…

അനുഗ്രഹിച്ചില്ലേലും അച്ഛൻ ശപിക്കരുത്..
തെറ്റുകൾ മനസ്സിലാക്കി ഒരു നാൾ ഞങ്ങളെ തേടി വരുമെന്ന പ്രതീക്ഷയോടെ… ”

വീണ്ടും വായിക്കുമ്പോൾ ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…