പ്രദീപിന്റെ കല്യാണത്തിന്റെ തലേ ദിവസം വൈകുന്നേരമാണ് ആ വീട്ടിലേക്ക് ആ വിവരം അറിയുന്നത്.

മംഗല്യയോഗം ദൈവനിയോഗം
_______________________________________
പ്രദീപിന്റെ കല്യാണത്തിന്റെ തലേ ദിവസം വൈകുന്നേരമാണ് ആ വീട്ടിലേക്ക് ആ വിവരം അറിയുന്നത്.

വിവരമറിഞ്ഞ കല്യാണവീട് മരണവീട് പോലെ ദുഖമയമായി.

കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വച്ചു പറഞ്ഞു.

‘ഇതു വല്ലാത്ത ചതിയായിപ്പോയി എങ്ങനെ കല്യാണച്ചെക്കനോട് കാര്യം പറയും ‘

സദ്യയുടെ പണിയെല്ലാം നിർത്തിവച്ചു.

ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് എത്തും പിടിയും കിട്ടാതെ അവർ നിന്നു.
രണ്ടായിരം പേർക്ക് വേണ്ട സദ്യക്കുള്ള എല്ലാ വിഭവങ്ങളും തയ്യാറായിക്കുവാനുള്ള പരിപാടികൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടക്കാണ് ഞെട്ടിക്കുന്ന വിവരമറിഞ്ഞത്.

കല്യാണപ്പെണ്ണ് വേറൊരുത്തന്റെ കൂടെ ഒളിച്ചോടിയിരിക്കുന്നു.

വിവരമറിഞ്ഞ് പ്രദീപിന്റെ അമ്മ നെഞ്ചത്തടിച്ചു നിലവിളിച്ചു .

നിശ്ചയം കഴിഞ്ഞ് ഇത്ര ദിവസം ഉണ്ടായിട്ടും അവൾ ഈ കൊടും ചതി ചെയ്യുന്നതിനു മുമ്പ് ഒരു വാക്കു പറയാമായിരുന്നു.
കല്യണ തലേന്ന് രാത്രി വരെ അവൾ എന്തിന് കാത്തു നിന്നു. ഇതായിരുന്നു എല്ലാവരുടെയും സംശയവും സംസാരവും.

പ്രദീപിന്റെ അച്ഛൻ പറഞ്ഞു.

”സദ്യക്കുള്ള ഒരുക്കങ്ങൾ നടക്കട്ടെ. നിർത്തിവെക്കണ്ട. അനാഥാലയത്തിലെ ‘അന്തേവാസികൾക്ക് കൊടുക്കാം.”

പ്രദീപിന്റെ ഏട്ടൻ സകല നിയന്ത്രണവും വിട്ടു.

“എന്റെ കുടുംബത്തിന്റെ മാനം കളഞ്ഞ ആ നാറികളെ ഞാൻ കൊല്ലും”

അയാൾ
കല്യാണപെണ്ണിന്റെ വീട്ടിലേക്ക് വണ്ടിയെടുത്തു പുറപ്പെട്ടു.

അവനെ തടുക്കാൻ പ്രദീപും പ്രദീപിന്റെ അച്ഛനും അമ്മാവന്മാരും കൂടെ യാത്രയായി.

പ്രദീപിന്റെ ഏട്ടൻറെ കാർ പെൺ വീട്ടിലെ കല്യാണ പന്തലിലേക്ക് ചെന്ന് നിന്നു.

വണ്ടിയിൽ നിന്ന് ഹാൻഡ് ബ്രേക്ക് പോലും ഇടാതെ പാഞ്ഞിറങ്ങി.

“ഇറങ്ങി വാടാ… അകത്തു പോയി ഒളിച്ചിരിക്കാതെ.. ”

അയാൾ അലറി

പെണ്ണിന്റെ അച്ഛൻ ഗോപാലൻ വേഗം പുറത്തേക്ക് വന്നു.
ആളുകളെല്ലാം പ്രദീപിന്റെ ഏട്ടന്റെ ശബ്ദം കേട്ട് അങ്ങോട്ടെത്തി.

“ഞങ്ങൾക്ക് നഷ്ടപരിഹാരം തരാതെ നിന്നെ ഞങ്ങൾ വിടില്ല”

പ്രദീപിന്റെ ഏട്ടൻ ഗോപാലന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു വലിച്ചു.

ഇത് കണ്ടു കൊണ്ടാണ് പ്രദീപും അച്ഛനും അമ്മാവന്മാരും അവിടേക്ക് എത്തിയത്.

പ്രദീപിന്റെ അച്ഛൻ രാഘവൻ പറഞ്ഞു

“വിടടാ… അയാളെ.. അയാൾ എന്ത് തെറ്റ് ചെയ്തു നമ്മളോട് ?”

ഇതുകേട്ട് ഗോപാലൻ പറഞ്ഞു

“നഷ്ടപരിഹാരം നൽകാൻ ഞങ്ങൾ ഒരുക്കമാണ്… നിങ്ങൾ ഒന്നു പതുക്കെ സംസാരിക്കു ദയവ് ചെയ്ത്..
മകൾ പോയതറിഞ്ഞ് എന്റെ ഭാര്യ ലക്ഷ്മി തളർന്ന് വീണ് കിടപ്പാണ് “.

ഗോപലൻ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് എടുത്തുകൊണ്ടുവന്ന് പ്രദീപിന്റെ കയ്യിൽ കൊടുത്തു.

” എന്റെ മകൾ.. ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് അറിഞ്ഞിരുന്നില്ല…
അവൾക്ക് വേണ്ടി ഉണ്ടാക്കി വച്ച സ്വർണ്ണവും കൂടി കൊണ്ട് പോകണം എന്ന് വിചാരിച്ചാവും അവൾ പോകാൻ ഇന്നത്തെ ദിവസം തന്നെ തിരഞ്ഞെടുത്തത്. അതോർക്കുമ്പോളാണ് സങ്കടം”

“കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പാദ്യവും എടുത്തുകൊണ്ടു പോകുമ്പോ അവള് ഓർത്തില്ല…ഇത്രയും കാലം പോറ്റിവളർത്തിയ ഞങ്ങളെ. എത്രപെട്ടെന്നാണ് അവൾ എല്ലാം മറന്നത്..?
ഇന്നലെ കണ്ട ഒരുവനുവേണ്ടി ഞങ്ങളുടെ വിധി അല്ലാതെന്തുപറയാൻ..?”

ആ അച്ഛൻ പൊട്ടിപ്പൊട്ടിക്കരഞ്ഞു.

കണ്ടു നിൽക്കുന്നവരെല്ലാം കണ്ണീർ തുടച്ചു.

പ്രദീപ് പറഞ്ഞു.

“വേണ്ട ഏട്ടാ അദ്ദേഹത്തിന് അത് തിരിച്ചു കൊടുക്കൂ.
ഇതൊന്നും വേണ്ട..
ഈ നഷ്ടപരിഹാരമൊന്നും നമ്മുടെ പ്രശ്നത്തിന് പരിഹാരമല്ല.. കല്യാണത്തിന് ശേഷമാണ് ഇത് സംഭവിച്ചത് എങ്കിൽ ഇതിലും പരിതാപകരമാവില്ലേ.. അവസ്ഥ..?”

പ്രദീപ് ഏട്ടന്റെ കയ്യിൽ നിന്ന് ചെക്ക് വാങ്ങി ആ അച്ഛന്റെ കയ്യിൽ കൊടുത്തു.

“ഇത് വെച്ചോളൂ… ഞങ്ങൾക്കിത് വേണ്ട.
വീണുകിടക്കുന്നവരുടെ നെഞ്ചിൽ ചവിട്ടാൻ ഞങ്ങൾക്കാവില്ല..
എന്തു നഷ്ടപരിഹാരം തന്നാലും അവളെനിക്ക് ഏൽപ്പിച്ച മുറിവിനു പകരമാവുകയുമില്ല…
ദിവസവും ഒരു പാട് സമയം ഫോണിൽ സംസാരിച്ചിരുന്നതാണ് ഞാനും അവളും.
അതൊന്നും പറഞ്ഞിട്ടിനി കാര്യമില്ല…
എല്ലാം ഈശ്വരനിശ്ചയം ആയിരിക്കും എന്ന് നമുക്ക് സമാധാനിക്കാം.”

പ്രദീപ് മറ്റുള്ളവരെ കൂട്ടി
തിരിച്ചിറങ്ങി.

“ഞാൻ ഇപ്പോൾ വരാം പരിപാടികളൊന്നും മാറ്റേണ്ട നാളെ അതേ മുഹൂർത്തത്തിൽ താലി കെട്ട് നടക്കണം”

പ്രദീപ് പറഞ്ഞു.

അങ്ങനെ അവനും അവന്റെ കൂട്ടുകാരനും പുറപ്പെട്ടു. അനാഥാലയത്തിലേക്ക്.
അവിടെ നിന്നു ഒരു പെൺകുട്ടിയെ കണ്ട് ആ കുട്ടിയുടെ ബന്ധുക്കളോട് സമ്മതം ചോദിച്ചു.

അവരുടെ സമ്മതപ്രകാരം
പിറ്റേ ദിവസം പ്രദീപിന്റെ വിവാഹം അച്ഛനും അമ്മയും നഷ്ടപ്പെട്ട അനാഥയായ ഒരു പെൺകുട്ടിയുമായി വളരെ ഗംഭീരമായി അഗതിമന്ദിരത്തിലെ നിവാസികളുടെ കൂടി സാന്നിധ്യത്തിൽ നടന്നു.

അന്ന് രാത്രി പ്രദീപിന്റെ കരവലയത്തിനുള്ളിൽ അവന്റെ നെഞ്ചിൽ തലചേർത്തുവച്ച് ആ പെൺകുട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു.

” ശരിക്കും സ്വപ്നമാണെന്ന് മാത്രമാണ് ഞാൻ വിശ്വസിക്കുന്നത്… എന്നെപ്പോലെ ഒരു അനാഥപ്പെണ്ണിന് സ്വപ്നത്തിലല്ലാതെ.. ജീവിതത്തിൽ ഇങ്ങനൊരു സൗഭാഗ്യം പ്രതീക്ഷിക്കാൻ പോലും അർഹതയില്ലല്ലോ ..”

“ഇന്നു മുതൽ നീ അനാഥയല്ല.. അനാഥപ്പെണ്ണെന്ന വാക്കിനി പറയരുത്..
നിനക്കു ഞാനുണ്ട്… എന്റെ അച്ഛനും അമ്മയും ഏട്ടനും ഏട്ടത്തിയമ്മയും മക്കളുമെല്ലാം നിന്റെ കൂടിയാണ്.”

മനസ്സ് നിറഞ്ഞ സന്തോഷത്തോടെ അവൾ പ്രദീപിന്റെ നെഞ്ചിൽ മുഖമമർത്തി.

പ്രദീപ് തന്റെ ഭാര്യയെ ഒന്നു കൂടി ചേർത്തു പിടിച്ചു. അവന്റെ ഹൃദയത്തിൽ അതുവരെ അറിയാത്ത ഒരു ആനന്ദം നിറഞ്ഞു തുളുമ്പുകയായിരുന്നു..
_________________
അലി അക്ബർ. തൂത