അദ്ദേഹത്തിന്റെ പാർട്നെർസ് ഫ്ലാറ്റിൽ വരാൻ തുടങ്ങി അവരുടെ പെരുമാറ്റം ഒന്നും അത്ര ശുഭം ആയിരുന്നില്ല. ഞാൻ അത് സൂചിപ്പിക്കുകയും ചെയ്തു.

ഡിവോഴ്സ്

സ്വാതന്ദ്രം അർദ്ധ രാത്രിയിൽ എന്ന് കേട്ടിട്ടുണ്ടോ. സിനിമയുടെ പേരല്ല, എന്റെ ഇപ്പോഴത്തെ അവസ്ഥയുടെ പേര് പറഞ്ഞതാ.സന്ദർഭം രാത്രി അല്ലെന്നു മാത്രം. ഞാൻ നീന. എന്റെ രണ്ടാമത്തെ സിനിമ അടുത്ത ആഴ്ച റിലീസ് ആവുകയാണ്. ആദ്യത്തേത് ഹിറ്റ് ആയിരുന്നു. പക്ഷെ അതിനേക്കാൾ ചൂടുള്ള വാർത്ത മറ്റൊന്നാണ്. ഞാൻ ഡിവോഴ്സ് ആവുകയാണ്.

ഇനി ഞാൻ ആരാണെന്നു പറയാം. നീന. ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച സുന്ദരിക്കുട്ടി.എനിക്കൊരു ഭീകര പ്രണയം ഉണ്ടായിരുന്നു. പണ്ട് കോളേജിൽ പഠിക്കുമ്പോ. അന്ന് ഞാൻ കോളേജിന്റെ കണ്ണിലുണ്ണി ആണ്. എല്ലാവരുടെയും ഒരു കണ്ണ് എന്റെ മേലെ പതിഞ്ഞിരുന്നു. എന്റെ കാമുകൻ കോളേജിലെ ക്രിക്കറ്റ് ചാമ്പ്യൻ. ഡാൻസ് കഴിഞ്ഞാൽ ക്രിക്കറ്റ് ജീവനായിരുന്നു എനിക്ക്. അവനാണേൽ ക്രിക്കറ്റ് കഴിഞ്ഞാൽ ഡാൻസും. അങ്ങനെ ഞങ്ങൾ പരസ്പരം ജീവനായി.

കോളേജ് ഒക്കെ കഴിഞ്ഞു രണ്ടാളും ജീവിതത്തിലേക്ക് കടന്നു. അവനു പെട്ടെന്ന് ജോലി കിട്ടി. ഞാൻ ഡാൻസും പാട്ടുമൊക്കെയായി വീട്ടിൽ തന്നെ കൂടി. അങ്ങനെ അവൻ ഒരു ദിവസം വീട്ടിൽ പെണ്ണ് ചോദിയ്ക്കാൻ വന്നു. വന്ന അന്ന് തന്നെ ഇത് നടക്കൂലാന്ന് വീട്ടുകാർ അവന്റെ മുഖത്തു നോക്കി പറഞ്ഞു. നിറം ആയിരുന്നു അമ്മയുടെ പ്രശ്നം. അവൻ നന്നേ കറുത്തിട്ടാണ്. ജാതി ആയിരുന്നു അച്ഛന്റെ പ്രശനം. ജാതിയും നിറവും തമ്മിൽ തല്ലി ആ ആലോചന മുടങ്ങി. നിരാഹാരവും അതഹത്യ ഭീഷണിയും ഒന്നും വിലപ്പോകില്ല എന്ന് അറിയാവുന്നതു കൊണ്ട് ഒന്നിനും നിന്നില്ല.

അങ്ങനെ ദിവസേന എനിക്ക് ആലോചന വരാൻ തുടങ്ങി. വന്നു വന്നു സുന്ദരനും സുമുഖനും ആയ ഒരാൾ വന്നു. വിനീത്. പേരുപോലെ തന്നെ ആളും വിനീതമായിരുന്നു. ബിസിനസ് ആണ്. നല്ല ക്യാഷ് ഫാമിലി ആണ്.

കല്യാണം നടന്നു. ആഡംബരം ആയിത്തന്നെ നടന്നു. കല്യാണം കഴിഞ്ഞ ശേഷം ഞങ്ങൾ ഒരു ഫ്ലാറ്റിലേക്ക് താമസം മാറി. എന്റെ ഓർമ്മ ശരിയാണെങ്കിൽ കൃത്യം 7 ദിവസമാണ് ഭാര്യ ഭർത്താക്കന്മാരായി ഞങ്ങൾ ജീവിച്ചത്. പിന്നെ അദ്ദേഹം തിരക്കിലായി. തിരക്കോട് തിരക്ക്.ഫുൾ ടൈം ഫ്രീ ആയതിനാൽ ഞാൻ ഡാൻസ് നന്നായി പ്രാക്ടീസ് ചെയ്തു.

എന്റെ ഭർത്താവിന്റെ തിരക്കുകൾ കൂടിക്കൂടി വന്നു. വൻകിട ബിസിനെസ്സിൽ കൈ വച്ചു. എല്ലാം വിജയകരമായി മുന്നോട്ടു പോയി. പക്ഷെ പിന്നീട് പലകാര്യങ്ങൾക്കും വേണ്ടി അദ്ദേഹത്തിന്റെ പാർട്നെർസ് ഫ്ലാറ്റിൽ വരാൻ തുടങ്ങി അവരുടെ പെരുമാറ്റം ഒന്നും അത്ര ശുഭം ആയിരുന്നില്ല. ഞാൻ അത് സൂചിപ്പിക്കുകയും ചെയ്തു. പക്ഷെ ഫലമുണ്ടായില്ല. ഈ പ്രവണത തുടർന്നു. അത് ചിലപ്പോഴൊക്കെ ശാരീരികമായി തുടങ്ങി.

ഒരു തവണ ഫ്ലാറ്റിൽ വന്ന ഒരാൾ എന്നെ ബലമായി കയറി പിടിച്ചു.എന്റെ ഡ്രസ്സ് വലിച്ചു കീറി. എന്റെ കയ്യിൽ കിട്ടിയത് ഒരു സ്റ്റീൽ കപ്പ് ആയിരുന്നു. അത് വച്ച് ഞാൻ അയാളുടെ തലയ്ക്കു അടിച്ചു. അയാൾ നിലത്തു വീണു. തലപൊട്ടി ചോര ഒലിച്ചു കിടക്കുന്ന അയാളെ ഞാൻ വീണ്ടും തല്ലാൻ ഓങ്ങി. അപ്പോൾ അയാൾ പറഞ്ഞു. ഞാൻ നിന്നെ തൊട്ടതു നിന്റെ ഭർത്താവിന്റെ സമ്മതത്തോടു കൂടിയാണെന്ന്. അത് കേട്ട ഞാൻ അതും കൂടി ചേർത്ത് കൊടുത്തു. അയാളുടെ മൂക്കിന്റെ പാലം അടിച്ചു പൊട്ടിച്ചു.

ഞാൻ കാര്യങ്ങൾ അമ്മയെ വിളിച്ചു പറഞ്ഞു. വിനീതിനോട് സംസാരിക്കാനുള്ള ധൈര്യം അവർക്കു ആർക്കും ഉണ്ടായില്ല. അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ എന്നെ ഉപദേശിച്ചു. കാര്യങ്ങൾ ഒന്നും ഞാൻ വിനീതിന്റെ അടുത്ത് പറഞ്ഞില്ല.വിനീത് ആണെങ്കിൽ ഒന്നും അറിഞ്ഞതായി ഭാവിച്ചുമില്ല. എനിക്ക് ഇത്തരം ദുരനുഭവങ്ങൾ പിന്നീടും പലപ്പോഴും ഉണ്ടായി. അയാൾ, അതായതു എന്റെ ഭർത്താവു എന്നെ വിൽക്കുകയായിരുന്നു. ആരോടും ഒരു പരാതിയും പറയാതെ ഞാൻ ജീവിച്ചു. പറ്റാവുന്ന രീതിയിൽ പ്രതികരിച്ചു. പലപ്പോഴും പലരും എന്റെ പാതി നഗ്നത ആസ്വദിച്ചു. അതിൽ ചിലരുടെ നിലവിളി ഞാനും ആസ്വദിച്ചിരുന്നു. കയ്യിൽ കിട്ടുന്നത് കൊണ്ട് ഞാൻ പെരുമാറി.

എന്റെ പിന്നിൽ വരുന്ന നിഴലിനെ പോലും ഞാൻ ഭയന്ന് തുടങ്ങി. അത് പലപ്പോഴും വിനീത് ആയിരുന്നു. അങ്ങനെ ഇരിക്കെ എനിക്ക് ആദ്യമായി കുറച്ചു വിസിറ്റേഴ്സ് വന്നു. ഒരു ഡാൻസ് പ്രോഗ്രാം ആയിരുന്നു. എനിക്ക് ചോദിയ്ക്കാൻ ഒറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. ഫുൾ ക്യാഷ് അഡ്വാൻസ് തരാൻ പറ്റുമോന്നു. അവർ സമ്മതിച്ചു. ആ കിട്ടിയ ക്യാഷ് കൊണ്ട് ഞാൻ ഒരു വീട്ടിലേക്കു താമസം മാറി. ഡിവോഴ്‌സിന് കേസ് കൊടുത്തു.

എനിക്ക് പിന്നീടും ധാരാളം പ്രോഗ്രാംസ് കിട്ടി. അവസാനം സിനിമയിലും. ഒരാളെയും ആശ്രയിക്കാതെ ജീവിക്കാൻ ഞാൻ ശീലിച്ചു. വിനീതിന് ഡിവോഴ്സ് സൈൻ ചെയേണ്ടി വന്നു. തമ്മിൽ പിരിഞ്ഞു ജീവിച്ച ആറുമാസം കൊണ്ട് ഞാൻ എനിക്ക് സ്വന്തം ആയി ഒരു നിലനിൽപ് ഉണ്ടാക്കിയിരുന്നു. എന്റെ ജീവിതത്തിലൂടെ,അല്ലെങ്കിൽ ഞാൻ പരിചയപ്പെട്ട സ്ത്രീകളിലൂടെ ഞാൻ മനസ്സിലാക്കിയ ഒരു കാര്യം ഉണ്ട്.

ഒറ്റയ്ക്കു ജീവിക്കാൻ ധൈര്യവും വരുമാനവും ഉണ്ടായിരുന്നെങ്കിൽ എന്നെപ്പോലെ തന്നെ ചിന്ദിക്കുമായിരുന്ന ഒരുപാട് പേര് നമ്മുടെ ചുറ്റും ഉണ്ട്. അതില്ലാത്തതുകൊണ്ട് ജീവിതം കുരുതി കൊടുക്കുന്ന കുറെ ഭാര്യമാർ, കുറെ അമ്മമാർ, കുറെ സഹോദരിമാർ.

“എന്റെ മോന് അച്ഛനെ മാത്രമേ നഷ്ടപെട്ടിട്ടുള്ളൂ അമ്മയെ കൂടി നഷ്ട്ടപ്പെടുത്താൻ ഞാൻ തയ്യാറല്ല “

“എന്റെ മോന് അച്ഛനെ മാത്രമേ നഷ്ടപെട്ടിട്ടുള്ളൂ
അമ്മയെ കൂടി നഷ്ട്ടപ്പെടുത്താൻ ഞാൻ തയ്യാറല്ല ”

ഇത്തവണ അച്ഛൻ ആലോചനയുമായി വന്നപ്പോൾ ശബ്ദം ഇത്തിരി കനപ്പിച്ചായിരുന്നു മറുപടി പറഞ്ഞത്.

ജീവിതം ജീവിച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ ദൈവമെനിക്ക് വിധവപട്ടം ചാർത്തി തന്നപ്പോൾ ഞാനൊരിക്കലും ദൈവത്തെയോ വിധിയെയോ പഴിച്ചിട്ടില്ല.ഒരായുഷ്കാലം മുഴുവൻ ഓർക്കാൻ ഏട്ടൻ പകർന്ന സ്നേഹത്തിനു പുറമെ നന്ദു മോനെ കൂടി സമ്മാനിച്ചു കൊണ്ട് എന്നെ വിട്ടു പോകുമ്പോൾ എനിക്ക് വയസ്സ് ഇരുപത്തിരണ്ടായിരുന്നു..

ഞാനിന്നുമോർക്കുന്നു ..

ഇനി ജീവിതത്തിലേക്ക് തിരിച്ചു വരവില്ലെന്ന് പറഞ്ഞ് ഏട്ടനു കാൻസറെന്ന് ഡോക്ടർ വിധിയെഴുതിയ ആ ദിവസവും… വേദനയും ഒറ്റപ്പെടലും അധികനാൾ അനുഭവിക്കാതെ കണ്ണിമ ചിമ്മാതെ കൂട്ടിരുന്ന കൂടെപ്പിറപ്പുകളെയും ആത്മബന്ധങ്ങളെയും ഓർമ്മകളെയും വഴിയിൽ ഉപേക്ഷിച്ചു മരണത്തിനു കീഴടങ്ങിയ ആ കറുത്ത പകലിനെയും ..

നെറ്റിയിലെ സിന്ദൂരചുവപ്പ് മായ്ക്കപെട്ട ദിവസം !

നന്ദുവിനു അച്ഛനും അമ്മയും ഞാനായ ദിവസം !

തങ്ങൾ ജീവിച്ചിരിക്കെ മകന് ബലിചോറ് കൊടുക്കാൻ വിധിക്കപ്പെട്ടവരെന്ന് അച്ഛനും അമ്മയ്ക്കും പേര് ചാർത്തി കൊടുത്ത ദിവസo…
ആകെ ശൂന്യതയായിരുന്നു എനിക്ക്..

ഉള്ളിലെ ഭയത്തിന്റെ നിറം എന്റെ കണ്ണിൽ കണ്ടത് കൊണ്ടായിരിക്കണം
“എനിക്ക് ശേഷം
നിനക്ക് പേടിയില്ലേ പെണ്ണെ…
എന്ന ചോദ്യം പലപ്പോഴായി ഏട്ടൻ എന്നോട് ചോദിച്ചിരുന്നത്..

അന്ന് ചിരിച്ചു തളളിയ ചോദ്യത്തിന് ഉത്തരം ഞാനിപ്പോൾ അറിയുന്നുണ്ട്.

ചുറ്റും മത്സരിച്ചു സ്നേഹിക്കാൻ ആളുണ്ടായിട്ടും ഒറ്റപ്പെടലിന്റെ തീവ്രത കുറഞ്ഞതായി തോന്നിയില്ല.

. ഏട്ടനില്ലാത്ത ലോകം എത്രത്തോളം ചെറുതാണെന്ന് എനിക്ക് മുമ്പിൽ ദൃശ്യമായപ്പോൾ ജീവച്ചവമായി കിടന്നാലും താലി കെട്ടിയ പുരുഷന്റെ വില അത് നിഷേധിക്കപ്പെട്ടപ്പോഴാണ് മനസ്സിലായി തുടങ്ങിയത്.

താങ്ങും തണലുമായി മാറിയ ഉറ്റവരും സുഹൃത്ബന്ധങ്ങളും ഞാനൊരിക്കലും ഒറ്റക്കല്ല എന്നെന്നെ ബോധ്യപെടുത്താൻ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു..

സത്യം ഉൾക്കൊണ്ട്‌ യാഥാർഥ്യത്തോടു പൊരുത്തപ്പെടാൻ മനസ്സ് പാകപ്പെട്ടത് പിന്നീട് നന്ദുവിനെ ഓർത്തായിരുന്നു..എന്നാൽ അവന്റെ മേൽ എനിക്കുള്ള വേവലാതി പോലെ തന്നെ ഒട്ടും കുറയാതെ തന്നെയുണ്ടായിരുന്നു അമ്മയ്ക്കും അച്ഛനും എന്റെ ഭാവിയെ ഓർത്തുളള ആധിയും..

എല്ലാത്തിനും ഒരു മാർഗമെന്നോണം അവർ മുന്നോട്ടു വെച്ച വഴിയായിരുന്നു എല്ലാം മറന്നൊരു പുനർവിവാഹം എന്നുള്ളത്.പക്ഷെ അതിനും ഞാൻ തടസ്സം നിന്നത് ഒരു മുത്തച്ഛനോ വല്യച്ചനോ അല്ലെങ്കിൽ വല്യമ്മക്കോ മുത്തശ്ശിക്കോ ജന്മം നൽകിയ അച്ഛനും അമ്മയ്ക്കും പകരക്കാരാകാൻ കഴിയില്ലെന്ന സത്യം എനിക്കറിയാവുന്നത് കൊണ്ടായിരുന്നു..

അതേ സമയം പെണ്മക്കളില്ലാത്ത ഏട്ടന്റെ വീട്ടിൽ ഒരു മകളായും അനിയൻമാർക്ക് ഏട്ടത്തി അമ്മയായും ജീവിച്ചപ്പോൾ ഞാനും നന്ദുവും അവർക്കൊരു ബുദ്ധിമുട്ടായി തോന്നി തുടങ്ങിയത് അനിയന്മാരും കുടുംബമായി കഴിഞ്ഞപ്പോഴായിരുന്നു.

എല്ലാം മനസ്സിലാക്കി നന്ദുവിനു അവകാശപെട്ടതെന്ന് പറഞ്ഞ് അച്ഛൻ പതിച്ചു തന്ന ഭൂമിയിൽ വീട് വെച്ച് ഏട്ടനുറങ്ങുന്ന മണ്ണിൽ നിന്നും അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞിറമ്പോൾ കുറെ നല്ല ഓർമ്മകളും ചുമരിൽ ഹാരമണിച്ചിരുന്ന ഏട്ടന്റെ ചിത്രവും മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്.

ഞാനും അവനും മാത്രമുള്ള ഒരു ലോകമായി പിന്നീട് മാറിയപ്പോൾ ചെറുപ്രായത്തിൽ എനിക്ക് വന്ന വിധിയെ ഓർത്തു സഹതപിച്ചു ചിലർ.. മറ്റു ചിലരാകട്ടെ കാമ വെറിയുള്ള കഴുകൻ കണ്ണുകളുമായിട്ടായിരുന്നു എന്നെ സമീപിച്ചത്.

അർദ്ധരാത്രി മുറ്റത്ത്‌ കേൾക്കുന്ന ചൂളം വിളികൾക്കും നിർത്താതെയുള്ള വണ്ടി ശബ്ദങ്ങൾക്കും പുറത്തിറങ്ങിയാലുള്ള അർത്ഥം വെച്ചുള്ള നോട്ടത്തിനും സംസാരങ്ങൾക്കും ഒത്ത നടുവിൽ ഭീതിയോടെ ജീവിച്ചപ്പോൾ ഒരു പെണ്ണായി പിറന്നതിൽ ഞാൻ എന്നെ തന്നെ പഴിച്ചെങ്കിലും ആ ഒറ്റപെടലായിരുന്നു എനിക്ക് കൂടുതൽ ശക്തി തന്നത്.. എന്നെ കരുത്തയാക്കിയത് .

ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തം കാലിൽ നിൽക്കണമെന്ന തീരുമാനം പിന്നീട് അടുത്ത വീട്ടിലെ എച്ചിൽ പാത്രം കഴുകാനും വിഴുപ്പ് അലക്കാനും പോകുന്നതിൽ വരെ എത്തിനിൽക്കുംമ്പോഴായിരുന്നു അയൽവാസിയുടെ സഹായത്തോടെ തൊട്ടടുത്തുളള സ്കൂളിലെ കഞ്ഞി പുരയിലേക്ക് വെച്ച് വിളമ്പാൻ ഒരു ജോലി തരപ്പെട്ടത്..

വേലക്കാരിയെന്നും തൂപ്പ്കാരിയെന്നും വെപ്പ്കാരിയെന്നും എനിക്ക് ഓമനപേരുകൾ വീണപ്പോൾ അതിലൊന്നും ഒരു അപമാനവും തോന്നിയില്ലെന്ന് മാത്രമല്ല . .
എതിർത്തവരുടെയും അവഗണിച്ചവരുടെയും ഒറ്റപ്പെടുത്തി പരിഹസിച്ചവരുടെയും മുമ്പിൽ
എനിക്ക് ജീവിക്കണമായിരുന്നു.. തോൽപ്പിച്ച ജീവിതത്തിനു മുമ്പിൽ മുട്ടു മടക്കാതെ തന്നെ…
നന്ദു സുരക്ഷിതമായൊരിടെത്തെത്തും വരെ ഞാൻ രണാങ്കണത്തിലാണെന്ന് തിരിച്ചറിഞ്ഞു പോരാടാനുറച്ച മനസ്സുമായി ഞാൻ മുന്നോട്ടു തന്നെ..

എനിക്ക് തോൽക്കണ്ട..
അതിനു ഞാൻ ഒരുക്കവുമല്ല.

…….ശുഭം…..

# nafy

പ്രണയ വിവാഹം ആയിരുന്നു ഞങ്ങളുടേത്, പലരുടെയും എതിർപ്പുകളെ വകഞ്ഞുമാറ്റി ശിവേട്ടൻ എന്റെ കഴുത്തിൽ താലി കെട്ടിയപ്പോൾ ഈ

#സിന്ദൂരം

ഒരിക്കലേ കണ്ടോളു അത് ശിവേട്ടൻ ആണെന്ന് ഉറപ്പായതോടെ ഞാൻ നോട്ടം മാറ്റി. എനിക്ക് വിലക്കപ്പെട്ടകനിയാണത്. അല്ല ഒരിക്കൽ എന്നെ വിലക്കിയ കനി. പക്ഷെ ശിവേട്ടൻ എന്തിനാ ഈ ആശുപത്രിയിൽ.. മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉരുണ്ടുകൂടി.

ഓർമ്മകൾ ആറുവർഷം പിറകോട്ട് പാഞ്ഞു.
പ്രണയ വിവാഹം ആയിരുന്നു ഞങ്ങളുടേത്, പലരുടെയും എതിർപ്പുകളെ വകഞ്ഞുമാറ്റി ശിവേട്ടൻ എന്റെ കഴുത്തിൽ താലി കെട്ടിയപ്പോൾ ഈ ലോകം തന്നെ കീഴടിക്കിയ സന്തോഷമായിരുന്നു എനിക്ക്.
പക്ഷെ ആ സന്തോഷത്തിന് ആയുസ്സ് വളരെ കുറവായിരുന്നു.

ഞങ്ങടെ ബന്ധം ഏറ്റവുംകൂടുതൽ എതിർത്തത് ശിവേട്ടന്റെ അമ്മയാണെന്ന് ആ വീട്ടിലെ കുറച്ചു ദിവസ്സങ്ങൾ കൊണ്ടുതന്നെ എനിക്ക് മനസ്സിലായി. എല്ലാത്തിനും കുറ്റം കണ്ടെത്താനും കുറ്റപ്പെടുത്താനും അമ്മയായിരുന്നു മുന്നിൽ. അതിനിടക്ക് ശിവേട്ടന്റെ ജോലി നഷ്ടപെട്ടു ക്രമേണയാ ആ കുറ്റവും എനിക്ക് തന്നെയായി.

ആ അസത് കയറിവന്നതിൽ പിന്നെയാണ് എന്റെ മോന് ഗതിയില്ലാതായത് എന്ന ‘അമ്മ പലരോടും പലയാവർത്തി പറയുന്നത് ഞാൻ നിറഞ്ഞ കണ്ണാലെ നോക്കി നിന്നിട്ടുണ്ട്. ഹൃദയം തകർന്നുപോയ നിമിഷങ്ങൾ. പിന്നീട് അവിടുന്നിങ്ങോട്ട് എന്റെ കണ്ണിലെ നനവ് വറ്റിയിട്ടില്ലായിരുന്നു. പതിയെ ശിവേട്ടനും എന്നെ വെറുത്തുതുടങ്ങി. ആവശ്യമില്ലാത്ത പലകാര്യങ്ങൾക്കും എന്നെ കുറ്റപ്പെടുത്തി. കിടപ്പറയിൽ പോലും എന്നെ മാറ്റിനിർത്തി.

പിന്നീടെല്ലാം പെട്ടന്നായിരുന്നു.
ഡിവോഴ്സ് പേപ്പറിൽ ഒപ്പുവെക്കാൻ നേരം ഇങ്ങനെയൊരു മച്ചിയെ എന്റെ മകന്റെ തലയിൽ വെക്കാൻ നോക്കിയ നിങ്ങളൊരിക്കലും ഗുണംപിടിക്കില്ലെന്ന് ശിവേട്ടന്റെ ‘അമ്മ എന്റെ അച്ഛനോട് പറയുമ്പോൾ ഒരു ഞെട്ടലോടെ അച്ഛനൊപ്പം എന്റെ കണ്ണും നിറഞ്ഞിരുന്നു. കാഴ്ചമങ്ങിയ എന്റെ കണ്ണുകൾ ശിവേട്ടനെ ചുറ്റിലും തിരഞ്ഞു. പക്ഷെ എന്നെയൊന്ന് നോക്കാൻ പോലും കൂട്ടാക്കാതെ പുറത്തെ ശ്യൂന്യതയിലേക്ക് നോക്കിനിൽക്കുകയായിരുന്നു ശിവേട്ടനപ്പോൾ.

ചില ഓര്മകളിങ്ങനെയാണ് ഓർക്കുന്തോറും മനസ്സ് നീറികൊണ്ടിരിക്കും, കണ്ണ് നിറഞ്ഞു തൂകും. .
പെട്ടെന്നാണ് എന്റെയും ശിവേട്ടന്റെയും കണ്ണുകൾ കോർത്തത്, എനിക്കൊരു മിന്നലേറ്റപോലെ ശരീരമൊന്ന് വെട്ടിവിറച്ചു. ശിവേട്ടന്റെ മുഖത്തും ഒരു ഞെട്ടലനുഭവപ്പെട്ടിരുന്നു. ശിവേട്ടൻ അടുത്തേക്ക് വരും തോറും എന്റെ വിറകൂടി. ശിവേട്ടനിൽനിന്നും മുഖം തിരിച്ചുഞാൻ പുറത്തേക്ക് നോക്കി.

ശിവാനി..
പതിഞ്ഞ സ്വരത്തിലുള്ള ശിവേട്ടന്റെ വിളികേട്ടപ്പോൾ മനസ്സൊന്ന് ഉലഞ്ഞു, വീണ്ടും ഓർമകളിലേക്ക് ഊളിയിട്ട് കണ്ണ് നിറഞ്ഞു. ശിവേട്ടൻ കാണാതെ കണ്ണ് തുടച്ചു. ഞാൻ തിരിഞ്ഞു നോക്കി.
ശിവാനി.. നീ.. ഇവിടെ…
എന്റെ പേരൊന്നും മറന്നിട്ടില്ല അല്ലെ ശിവേട്ടൻ. ചോദ്യത്തിൽ പരിഹാസം കലർന്നിരുന്നെങ്കിലും എന്റെ ശബ്ദം ഇടറിയിരുന്നു.
ഇല്ല.. നീ പോയതുമുതൽ പിന്നീടുള്ളതൊന്നും മറന്നിട്ടില്ല. ശിവേട്ടന്റെ സ്വരത്തിനുംഇടർച്ചയുണ്ടായിരുന്നു.

അൽപനേരം മൗനമായിരുന്നു പിന്നീട്. എന്ത് പറയണമെന്നറിയാതെ
ഞാൻ വാക്കുകൾക്കു വേണ്ടി അലഞ്ഞു.. ശിവേട്ടനാണ് പിന്നെയും തുടക്കമിട്ടത്.

സുഖമാണോ..
ചോദിയ്ക്കാൻ അർഹത ഇല്ലെന്നറിയാം. അത്രയും വേദനിപ്പിച്ചതല്ലേ ഞാൻ.. എങ്കിലും. എന്റെ ഒരു മനസ്സമാധാനത്തിന് വേണ്ടി അറിഞ്ഞിരിക്കാൻ ചോദിക്കാ.. സുഖാണോ ശിവാ നിനക്ക്.

ഉം..സുഖം. ശിവേട്ടനോ..

സുഖമോ നീ പോയതിൽ പിന്നെ അങ്ങനെ ഒരു വാക്ക് എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. അതെന്താണെന്ന് അറിഞ്ഞിട്ടില്ല..
ചിലപ്പോൾ നിന്റെ ശാപം കൊണ്ടാവും..
നിനക്ക് പകരം ‘അമ്മ കണ്ടെത്തിയ പെണ്ണും അധികനാൾ കൂടെയുണ്ടായില്ല.
പലതിലും പൊരുത്തക്കേടായിരുന്നു അവൾക്ക്.
അതിനിടക്ക് അമ്മയെന്ന് കാൽതെറ്റി വീണു. കിടപ്പിലായ അമ്മയെ നോക്കാൻ എനിക്കാവില്ലെന്നും പറഞ്ഞു വീടുവിട്ട അവളെ പിന്നെ കണ്ടത് കുടുംബകോടതിയിൽ വെച്ചാണ്. അങ്ങനെ രണ്ടാമതും ഞാൻ ഡിവോഴ്സ് പേപ്പറിൽ ഒപ്പിടേണ്ടി വന്നു.

ഇപ്പൊ അമ്മയുമായി ആശുപത്രികൾ കയറി ഇറങ്ങുകയാ. ദാ ഇപ്പൊ ഇവിടെയും.. പരസഹായമില്ലാതെ ഇപ്പൊ ഒന്നിനും അമ്മക്ക് കഴിയില്ല.. നിന്നെ കണ്ണീരു കുടിപ്പിച്ചതിന് ചിലപ്പോൾ ദൈവം നൽകിയതാവും.

അമ്മ ഇടക്ക് നിന്നെ കുറിച്ച് പറയാറുണ്ട്. അപ്പോഴൊക്കെ കുറ്റബോധംകൊണ്ട് അമ്മയുടെ കണ്ണുനിറയും. എന്റെയും.
നീയുണ്ടായിരുന്നെങ്കിൽ എന്ന് അമ്മയും ഞാനും ഇപ്പോൾ ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്.. പക്ഷെ ഒരിക്കൽ കയറിവന്ന മഹാലക്ഷ്മിയെ ഞാൻ നോക്കി നിൽക്കെ തട്ടിത്തെറിപ്പിച്ചതല്ലേ അമ്മ.

ശിവാനി…
നിന്നോട് അപേക്ഷിക്കുകയാണ് ഞാൻ ഒരിക്കലൂടെ ഒരവസരം നൽകുമോ നീ എനിക്ക്.
എന്റെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തോളം ഞാൻ..

ഞാനൊന്ന് ചിരിച്ചു.
പെട്ടെന്നാണ് പിന്നിൽ നിന്നും ഹരിയേട്ടൻ വിളിക്കുന്നത്..
ശിവാനി. നീ ഇവിടെ ഇരിക്കുവായിരുന്നോ. ഞാൻ ഇനി തിരയാൻ ഒരു സ്ഥലവും ബാക്കിയില്ല. ദേ ഇവൻ ഒരേ കരച്ചിൽ വിശന്നിട്ടാവും. അത് മാറ്റാൻ നിനക്കല്ലേ കഴിയൂ..

ഹരിയേട്ടനെ കണ്ട ശിവേട്ടൻ ഒന്ന് ഞെട്ടി. എന്നെയും ഹരിയേട്ടനെയും മാറി മാറി നോക്കുന്നുണ്ട് ഒപ്പം ഹരിയേട്ടന്റെ കയ്യിലെ കുട്ടിയേയും..

ക്ഷമിക്കണം ശിവേട്ട. ദേ കണ്ടോ ഇപ്പൊ ഇവരാണെന്റെ ലോകം. ഈ ലോകത്തിൽ നിന്നും ഏത് സ്വർഗത്തിലേക്ക് ആര് ക്ഷണിച്ചാലും ഞാനില്ല. ഈ സിന്ദൂരച്ചോപ്പിൽ തന്നെ ജീവിച്ചുമരിക്കാനാ എനിക്കിഷ്ട്ടം.

അപ്പൊ ശെരി ഞങ്ങൾ ഇറങ്ങട്ടെ..

പിന്നെ ശിവേട്ടൻ എന്നെ തെറ്റിദ്ധരിച്ചതാട്ടോ.. ശിവേട്ടനെ എന്നല്ല ഇല്ലാത്ത കാരണമുണ്ടാക്കി എന്നെ പറഞ്ഞയച്ച ശിവേട്ടന്റെ അമ്മയെപോലും ഞാൻ ശപിച്ചിട്ടില്ല..

അമ്മയോട് പറയണം ഇത്രയും നാൾ ഉള്ളതുപോലെ ഇനിയങ്ങോട്ടും ഈ മച്ചിയായവാളുടെ പ്രാർത്ഥനയുണ്ടാകും എന്ന്.

ഇത്രയും പറഞ്ഞു ഹരിയേട്ടന്റെ കയ്യിൽ മുറുകെ പിടിച്ചു ഞാൻ എന്റെ സ്വർഗത്തിലേക്ക്നടന്നു..

ശുഭം

പ്രേമിച്ചു കെട്ടാണെങ്കിൽ ഒരു കട്ടതേപ്പ് കിട്ടി പണ്ടാരടങ്ങി നിൽക്കണ ഒരുത്തനെ തന്നെയാവണം എന്നെനിക്ക് നിര്ബന്ധം ഉണ്ടായിരുന്നു..

#ഭാഗ്യനിധി

പ്രേമിച്ചു കെട്ടാണെങ്കിൽ ഒരു കട്ടതേപ്പ് കിട്ടി പണ്ടാരടങ്ങി നിൽക്കണ ഒരുത്തനെ തന്നെയാവണം എന്നെനിക്ക് നിര്ബന്ധം ഉണ്ടായിരുന്നു..

ഇടക്കിടക്ക് പൂർവ്വകാല കാമുകിടെ പേരും പറഞ്ഞദ്ദേഹത്തെ കളിയാക്കണം വാഗ്വാദങ്ങളിൽ തോൽക്കുമെന്നുറപ്പാവുമ്പോൾ പിണക്കത്തിലും പരിഭവത്തിലും അവളെ വലിച്ചഴച്ച് ഒരു വിജയിയേപ്പോലെ കളം നിറഞ്ഞാടണം

അവസാനം എന്റെ പിടിവാശിക്കു നേരെ മൗനം പാലിക്കുന്ന അദ്ദേഹത്തിനു മുൻപിൽ ഏതൊരു പെണ്ണിനേയും പോലെ മനപ്പൂർവ്വം തോൽക്കണം

ആ മുറിഞ്ഞ ഹൃദയത്തിന്റെ മുറികൂടിയായെനിക്ക് മാറണം പ്രാണനേക്കാളേറെയെനിക്കദ്ദേഹത്തെ പ്രണയിക്കണം ജീവിതത്തിലൊരു പെണ്ണിനും തന്റെ ഭർത്താവിനെ ഇത്രയധികം സ്നേഹിക്കാൻ സാധിക്കില്ല എന്ന വിധത്തിൽ അദ്ദേഹത്തെ പ്രണയം കൊണ്ട് മൂടണം, സ്വന്തം ഭാര്യയെ ഓർത്തദ്ദേഹം ഉള്ളിലഭിമാനം കൊള്ളണം പഴയ കാമുകിക്കു മുൻപിൽ വിറങ്ങലോലെ പകച്ചു നിൽക്കുമ്പോൾ ആ തോളോടു ചേർന്നെനിക്ക് ഒട്ടിനിൽക്കണം ഒപ്പം അവൾക്കസൂയ തോന്നുന്ന വിധത്തിലദ്ദേഹത്തോടൊന്നു കൊഞ്ചിക്കുഴയണം

ഇപ്പൊ നിങ്ങള് കരുതുന്നുണ്ടാവും എനിക്കും നല്ലസ്സല് തേപ്പ് കിട്ടീട്ടുണ്ട്‌ന്ന്‌….

പക്ഷെ അങ്ങനെയല്ല ട്ടോ

ആത്മാര്തമായി സ്നേഹിച്ച പെണ്ണ് തേച്ചൊട്ടിച്ചു സ്റ്റിക്കറാക്കി പോകുമ്പോഴുള്ള അവസ്ഥ നന്നായി ഞാനും മനസിലാക്കിയിട്ടുണ്ട്… ഒരുപക്ഷേ ആ അവസ്ഥ എന്നേക്കാൾ നന്നായി മറ്റാർക്കും അറിയില്ലായിരിക്കും….

എനിക്കെന്റെ ഏട്ടൻ ജീവനായിരുന്നു… ഏട്ടനും അങ്ങനെ തന്നെ….

എന്റെ കുഞ്ഞു കുസൃതികൾക്ക് കൂട്ടുനിൽക്കുന്ന എന്റെ പരിഭവങ്ങൾക്ക് വില കല്പ്പിക്കുന്ന ഏട്ടൻ….

ചെറുപ്പത്തിലെന്നോ ഞങ്ങളെ വിട്ടുപോയ അച്ഛന്റെ മുഖമായിരുന്നു എനിക്കേട്ടട്ടനെ നോക്കുമ്പോൾ തോന്നിയിരുന്നത്…..

പഠനത്തിനിടയിലും പണിക്ക് പോയി ആ കാശ് അമ്മയുടെ കയ്യിൽ കൊടുത്ത് അമ്മയുടെ കഷ്ടപ്പാടിന് ഇളവ് വരുത്തുന്ന, കിട്ടിയ പൈസയിൽ നിന്നെന്നും കടല മിട്ടായി വാങ്ങി ഇന്നാ കുഞ്ഞോളെന്ന്‌ പറഞ്ഞു വായില് വെച്ചു തരുന്ന എന്റെയേട്ടൻ….

പഠിക്കാൻ മിടുക്കനായിരുന്നു ഏട്ടൻ… കുഞ്ഞോളു പഠിച്ചോട്ടെ അമ്മേ ഞാനൊരുപാട് പഠിച്ചിട്ടെന്തിനാ എന്ന് ചോദിച്ച് പഠനം പാതിവഴിയിലുപേക്ഷിച്ച് കടൽ കടന്നത് എന്റെയും അമ്മയുടെയും പുഞ്ചിരി കാണാനായിരുന്നു…

അന്നൊക്കെയും ഏട്ടനെ ആരാധനയോടെ നോക്കിയിരുന്ന അഞ്ജനേച്ചിയെ എനിക്കും ഇഷ്ടമായിരുന്നു ഒരുപാട്….

എന്റെ ഏട്ടന്റെ കൈ പിടിച്ചു കയറി വരുന്ന ഏട്ടത്തിയമ്മയായി തന്നെയാണ് അവളെ കണ്ടിരുന്നതും….

ഒഴിഞ്ഞു മാറാൻ പലതവണ ശ്രമിച്ച ഏട്ടനെ ഒരുപക്ഷേ അവളിലേക്ക് കൂടുതൽ അടുപ്പിച്ചതും ഞാനായിരുന്നു….

അവളെനിക്ക് ചേച്ചിയും ഞാനവൾക്ക് അനിയത്തിയും ആയിരുന്നു… ഞങ്ങൾ നടന്നു പോകുമ്പോൾ നാത്തൂനും നാത്തൂനും പോകുന്നത് കണ്ടോ എന്ന് നാട്ടുകാര് അസൂയയോടെ പറഞ്ഞിരുന്നു….

എനിക്കായി മാത്രം ഏട്ടൻ വാങ്ങിയിരുന്ന കടല മിട്ടായി രണ്ടായി പകുക്കാൻ തുടങ്ങിയപ്പോൾ മുതൽ എനിക്ക് മനസിലായി ഏട്ടനവളെ ഒരുപാട് സ്നേഹിച്ചു തുടങ്ങി എന്ന്…

പകുതി മിട്ടായി കുറഞ്ഞുവെങ്കിലും അതിലിരട്ടി മധുരമായിരുന്നു അവരുടെ സ്നേഹം കാണുമ്പോൾ…..

ജീവൻ പറിച്ചു കൊടുത്ത് ചങ്കിൽ കൊണ്ട് നടന്നവൾക്ക് പഴയ അടുപ്പമില്ലെന്ന് പറഞ്ഞേന്റെ മുന്നിലേട്ടൻ ആദ്യമായി പൊട്ടി കരഞ്ഞപ്പോൾ അതൊക്കെയും ഏട്ടന്റെ തോന്നലാവുമെന്ന് പറഞ്ഞാശ്വസിപ്പിക്കുമ്പോഴും മനസ്സിൽ പ്രാർത്ഥിച്ചിരുന്നു കരയിപ്പിക്കല്ലേ ദൈവമേയെന്റെ ഏട്ടനെയെന്ന്…..

ഇത്ര നാളും തോന്നാത്ത സ്നേഹം വീട്ടുകാരോട് തോന്നിത്തുടങ്ങിയെന്നവൾ പറഞ്ഞപ്പോഴും ഏട്ടനോടെന്നെ മറക്കാൻ പറയണമെന്ന് പറഞ്ഞവൾ കള്ളക്കണ്ണീരൊഴുക്കിയപ്പോഴും ഞാൻ കണ്ട സ്വപ്നങ്ങളും ഏട്ടന്റെ ജീവിതവും തകരുന്നത് കണ്ട്‌ കരയാൻ മാത്രമേ എനിക്കായുള്ളു….

ഹൃദയം തകർത്തവളെ വാക്കു കൊണ്ടു പോലും നോവിക്കാത്ത എന്റെയേട്ടൻ സാഹജര്യത്തിന്റെ സമ്മർദ്ദത്തിലും തന്നെ പെറ്റു പോറ്റി വളർത്തിയ അച്ഛനമ്മമാരുടെ സന്തോഷത്തിനു വേണ്ടി തന്നെ ഉപേക്ഷിച്ചവളായിരിക്കുമവളെന്നും മനസ്സിൽ പറഞ്ഞുറപ്പിക്കുകയായിരുന്നു ഒരിക്കൽപ്പോലും എട്ടനവളെ പഴിചാരിയിട്ടില്ലിന്നോളം

എനിക്കറിയാം ആ മനസ്സ്, ഇരട്ടച്ചങ്കൻ പ്രണയത്തെ നഷ്ട്ടപ്പെടുത്തിക്കളഞ്ഞ അഞ്ജനേച്ചിയോടെനിക്ക് പുച്ഛമായിരുന്നെനിക്ക് സ്നേഹിക്കാൻ മാത്രമറിയുന്നയെന്റെ ഏട്ടനെ ഈ ലോകത്ത് മറ്റെന്തിനേക്കാളധികം ഞാൻ സ്നേഹിച്ചിരുന്നു

ഗൾഫ്‌കാരന്റെ പണക്കൊഴുപ്പിനു മുന്നിലാണവൾക്ക് പെട്ടെന്ന് വീട്ടുകാരോടുള്ള സ്നേഹം കൂടിയത് എന്നറിഞ്ഞപ്പോൾ മുതൽ എനിക്കും വാശിയായിരുന്നു….അവളുടെ കഴുത്തിൽ താലി വീഴുന്നതിന് ഒരു ദിനം മുൻപെങ്കിലും എന്റേട്ടന്റെ കൈപിടിച്ചോരുത്തിയെന്റമ്മയ്ക്ക് മരുമകളായി വരണമെന്നത്….

അഞ്ജനേച്ചിയേ ചങ്കിൽ കൊണ്ട് നടന്ന എന്റേട്ടന് ആ സ്ഥാനത്തു മറ്റൊരുത്തിയേ ആലോചിക്കുകയെന്നത് മരണത്തിനു തുല്യമായിരുന്നെങ്കിലും ഈ അനിയത്തിയുടെ വാശിക്കും കടുംപിടുത്തത്തിനും മുന്നിൽ അർധസമ്മതം മൂളുകയായിരുന്നു എന്റെയേട്ടൻ….

പണവും സൗന്ദര്യവും നോക്കാതെ സ്വഭാവം മാത്രം നോക്കി അമ്മ കണ്ടു പിടിച്ച ഗൗരിയേച്ചിയേന്റെ വീട്ടിൽ നിലവിളക്കേന്തി കയറി വന്നപ്പോൾ അതിനു സാക്ഷിയായ് അഞ്ജനയും ആ പന്തലിൽ ഉണ്ടായിരുന്നു എന്നത് ഏട്ടന്റെ കണ്ണിലെ നിറഞ്ഞ കണ്ണുനീർ കണങ്ങൾ പറയാതെ തന്നെയെന്നോട് പറഞ്ഞു….

കുട്ടിക്കുറുമ്പു വിട്ടുമാറാത്ത ഗൗരിയേച്ചി എന്നുമെനിക്ക് ഒരത്ഭുതമായിരുന്നു….

ഒരേ സമയം അവളെനിക്ക് കളി പറയുന്ന കൂട്ടുകാരിയായും ഉപദേശിക്കുന്ന വല്യേച്ചിയായും കുസൃതി കാട്ടുന്ന അനിയത്തിയായും ചില നേരങ്ങളിൽ വാത്സല്യത്തോടെ എന്നെ തഴുകുന്ന അമ്മയായും മാറിയിരുന്നു…..

എന്റെയും അമ്മയുടെയും നടുവിൽ അമ്പലത്തിൽ പ്രദക്ഷിണം വെക്കുന്ന ഗൗരിയേച്ചിയേ കണ്ട്‌ അഞ്ജന പലപ്പോഴും ഒഴിഞ്ഞു മാറുന്നതും ഏട്ടന്റെ പുറകിലൊട്ടിയിരുന്നു ഗൗരിയേച്ചി പോകുമ്പോൾ നിരാശയോടവൾ തല കുനിക്കുന്നതും കണ്ടെന്റെ മനം നിറഞ്ഞിരുന്നു….

ജീവനെപ്പോലെ സ്നേഹിച്ചവൾ ഉപേക്ഷിച്ചു പോയതിനാലാവും ഒന്നും പ്രതീക്ഷിക്കാതെ എല്ലാവരെയും സ്നേഹിച്ചു വീടിന്റെ വിളക്കായി മാറിയവളെ ഏട്ടനും ഒരുപാട് സ്നേഹിച്ചു തുടങ്ങിയത്….

പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട് ആ സ്നേഹം കണ്ട്‌.. കൂടെ ഒരുപാട് സന്തോഷവും…

” അച്ചുവേട്ടാ ഇപ്പൊ ഏട്ടന് മനസ്സിലായോ ഒരുത്തി തേച്ചൊട്ടിച്ചു പോയ നിങ്ങളെ തന്നെ മതിയെന്നും ഞാൻ വാശി പിടിച്ചത് എന്തിനായിരുന്നെന്ന് ”

” അമ്മൂ നിനക്കറിയാമായിരുന്നല്ലെ എല്ലാം ” ?

” അറിയായിരുന്നു അച്ചുവേട്ടാ , നിങ്ങടെ കഥയിലെ വില്ലത്തി എന്റെ കൂട്ടുകാരിയായതുകൊണ്ടു തന്നെ എനിക്കറിയാമായിരുന്നു എല്ലാം ”

ഞാനത് പറയുമ്പോഴും അച്ചുവേണ്ടന്റെ മുഖമൊന്നു വാടിയിരുന്നു എന്നോടൊന്നും തുറന്നു പറയാതിരുന്നതിന്റെ കുറ്റബോധം ആ മുഖത്തു നിന്നുമെനിക്ക് വായിച്ചെടുക്കാമായിരുന്നു

മെല്ലെ ഞാനാ നേഞ്ചോരം ചേർന്നുപറ്റിക്കിടന്നാ ഹൃദയതാളം അളന്നു കൊണ്ടിരിന്നു

പടപടാ മിഡിക്കുന്ന ആ നെഞ്ചിൽ കൈവെച്ച് ഞാൻ പറഞ്ഞു

” അച്ചുവേട്ടാ ഈ ഹൃദയം നിറച്ച് സ്നേഹം കൊണ്ട് കുത്തിനിറക്കണമെനിക്ക്, അതു കണ്ട് അസൂയപ്പെടണമവൾ എന്റെ ഗൗരിയേച്ചിനെ കാണുമ്പോൾ അഞ്ജനേച്ചി അസൂയ പൂണ്ട് നിൽക്കുന്ന പോലെ”

#ആവണി_കൃഷ്ണ

കാമുകിയിൽനിന്ന് ഏട്ടത്തിയമ്മ യിലേക്കുള്ള പരിണാമം എന്റെ മനസ്സിന്റെ കിനാവിലെ രാജകുമാരിയോട് എനിക്കിന്ന് എന്റെ പ്രണയം പറയണം..

കാമുകിയിൽനിന്ന് ഏട്ടത്തിയമ്മ യിലേക്കുള്ള പരിണാമം
_____________________________
എന്റെ മനസ്സിന്റെ കിനാവിലെ രാജകുമാരിയോട് എനിക്കിന്ന് എന്റെ പ്രണയം പറയണം..

ഐ ലൗ യൂ… ന്ന്

എന്റെ സ്വപ്ങ്ങളിൽ എന്നും പതിയെ വന്ന് പുഞ്ചിരിതൂകി മായാറുണ്ടവൾ…

അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചയൂണു കഴിഞ്ഞ് പാത്രം കഴുകി വരുന്ന അവളുടെ മുമ്പിൽ ചെന്ന് ഞാൻ നിന്നു.
എന്റെ ഹൃദയം പടപടാ മിടിച്ചു.

“എന്താ അക്കൂ നിന്ന് വിയർക്കുന്നെ ”

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.

“റജീനാ.. വൺ ഫോർ ത്രീ”

ഞാൻ ധൈര്യസമേധം അവളുടെ മുഖത്തു നോക്കി പറഞ്ഞു. പക്ഷേ….

റജീന കേട്ട ഭാവം നടിക്കാതെ ക്ലാസിലേക്ക് നടന്നു.

ഞാൻ അവളുടെ പിറകേ ചെന്നു.

“റജീ… ഐ ലവ് യൂ ഡീ… ”

ഞാൻ പതിയെയാണ് പറഞ്ഞതെങ്കിലും. എന്റെ ശബ്ദം ക്ലാസ് മുറി മുഴുവൻ അലയടിച്ചു.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ കണ്ണുകൾ മുഴുവൻ എന്റെ മുഖത്തേക്ക് നീണ്ടു… ചിലർ ചോറുരുളക്ക് വേണ്ടി തുറന്ന വായ അടക്കാൻ പോലും മറന്നിരുന്നു.
അതിൽ എന്റെ ചങ്ക് കൂട്ടുകാരും പെടും..

റജീന ഓടിച്ചെന്ന് ബെഞ്ചിലിരുന്ന് ഡസ്ക്കിൽ മുഖമമർത്തി കരയാൻ തുടങ്ങി.

ഞാനോ….ഞാനാകെ പേടിച്ചു വിറക്കാനും വിയർക്കാനുമൊക്കെ തുടങ്ങി..

ഉച്ചക്ക് ശേഷം ക്ലാസിൽ കറാനുള്ള ധൈര്യമില്ലാതെ ഞാൻ എന്റെ ബാഗുമെടുത്ത് ഗ്രൗണ്ടിലേക്ക് ഓടി.

ഗ്രൗണ്ടിന്റെ അറ്റത്തെ പൂവാകച്ചോട്ടിൽ ഞാനിരുന്നു.പ്രണയം പൂവിട്ട മനസ്സുമായി…
എന്റെ ചങ്കിടിപ്പ് കൂടിക്കൊണ്ടിരുന്നു.

ഇന്റർവെൽ സമയത്ത്
എന്റെ ചങ്കു കൂട്ടുകാർ എന്നെ തിരഞ്ഞ് ഗ്രൗണ്ടിലെത്തി.

” ഡാ അക്കു നീ ക്ലാസിൽ പോര്. അവൾ കംപ്ലയിന്റൊന്നും ചെയ്തിട്ടില്ല.. ഇനി എന്തിനും ഞങ്ങളില്ലേ കൂടെ ”

എന്റെ ശ്വാസം നേരെ വീണു. ഞാൻ അവരുടെ കൂടെ ക്ലാസിലേക്ക് പോയി.
ക്ലാസ്സിലെത്തിയപ്പോൾ എന്റെ ഹൃദയം വീണ്ടും പെരുമ്പറ കൊട്ടാൻ തുടങ്ങി.

എല്ലാ കുട്ടികളും എന്നെയും റജീനയെയും മാറിമാറി നോക്കിക്കൊണ്ടിരുന്നു. ഞാനും ഇടംകണ്ണിട്ട് അവളെയൊന്നു നോക്കി.

അവൾ പുസ്തകത്തിലേക്ക് തലയും കുമ്പിട്ടിരിപ്പാണ്.
അവളുടെ മുഖഭാവം ഒന്നു കാണാനെനിക്ക് വല്ലാത്ത കൊതി തോന്നി.

ആ മനസ്സിലെവിടെയെങ്കിലും ഒരു കോണിൽ ഞാനുണ്ടാവുമോ എന്നറിയാൻ എനിക്ക് വല്ലാത്ത ജിജ്ഞാസയായിരുന്നു.

അന്ന് സ്കൂൾ വിട്ടു പോവുമ്പോൾ അവൾ രണ്ട് കൂട്ടുകാരികളെയും കൂട്ടി എന്റെ പിറകെ വന്നു.

“ഡാ എനിക്ക് നിന്നെ ഇഷ്ടമല്ലടാ…ക്ലാസിൽ എല്ലാവരുടെയും മുന്നിൽ വച്ച് നീ എന്നെ മാനം കെടുത്തിയതിന് മറുപടി തരാൻ നാളെ എന്റെ ഉപ്പയെ കൂട്ടി വരാം ഞാൻ.”

അവളുടെ പറച്ചിൽ കേട്ട് പേടിച്ചെങ്കിലും ഞാനും വിട്ടുകൊടുത്തില്ല.ഞാൻ പറഞ്ഞു.

“റജീ…ഉപ്പാനെ മാത്രം കൂട്ടി വരണ്ട ഒരു ഉസ്താദിനെയും കൂട്ടി വാ ന്നിട്ട് നമ്മടെ നിക്കാഹ് അങ്ങട്ട് നടത്താം. ”

“പോടാ… മരമാക്രി.. കണ്ടാലും മതി നിന്നെ കെട്ടാൻ എനിക്ക് പിരാന്തല്ലേ…?”

അവൾ ചിരിയും കോട്ടി ഗോഷ്ടി കാണിച്ച് ഓടിപ്പോയി.

“ഡാ അക്കു എന്തു പറ്റി.. ഏതു ലോകത്താണ് നീ..? ഒന്ന് മാറി നിക്ക്… ഇത്താനെ അകത്തേക്ക് കയറ്റട്ടെ ”

ഉമ്മയുടെ ശബ്ദം എന്നെ ചിന്തയിൽ നിന്നുണർത്തി.

ഞാൻ കണ്ണു ഒന്നുകൂടി ചിമ്മിത്തുറന്ന് മണവാട്ടിയെ നോക്കി…
അതെ ഇതവൾ തന്നെ

“റജീന ”

പടച്ചോനെ ഇതെന്ത് പരീക്ഷണം…?
ഞാൻ വീണ്ടും ഓർമ്മകളിലേക്ക്..

പത്താം ക്ലാസ് സെന്റോഫിന്റെ അന്ന് പരസ്പരം സമ്മാനങ്ങൾ കൈമാറുന്ന കൂട്ടത്തിൽ ഞാൻ റജീനയുടെ അടുത്തെത്തി.

“റജീ… ഒന്നു നിന്നെ ”

അവൾ നിന്നു.

ഞാൻ പതിയെ അവൾക്കരികിൽ ചെന്നു എന്റെ കയ്യിലുള്ള ചില്ലിന്റെ ഒരു ഡോൾ അവളുടെ കയ്യിൽ വച്ച് കൊടുത്തു.

റജീന അത് നിലത്തെറിയാൻ കൈ ഉയർത്തവേ… ഞാൻ വിളിച്ചു.

“റജി… വേണ്ട എറിഞ്ഞുടക്കരുത്….എന്റെ കൺമുൻപിൽ വച്ച്… വേണ്ട..
നീ പോണ വഴിക്ക് എന്ത് ചെയ്താലും വേണ്ടില്ല…. ”

എന്തോ.. അപ്പോൾ അവൾ ഉയർത്തിയ കൈ പതിയെ താഴ്ത്തി ഡോൾ ബാഗിൽ വച്ചു.

പിന്നെ അഞ്ച് വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണവളെ കാണുന്നത്.
പത്താം ക്ലാസ് കഴിഞ്ഞ് അവൾ അവളുടെ ഉമ്മയുടെ വീട്ടിലായിരുന്നു എന്ന് മാത്രമറിയാമായിരുന്നു.

വീട്ടിലെ പ്രാരാബ്ധങ്ങൾ.. പെങ്ങൻമാരുടെ വിവാഹം ഒക്കെ കാരണം പ്രവാസത്തിലേക്ക് പതിനെട്ടാം വയസ്സിൽ കാലു കുത്തിയതാണ്.
ഇക്കാന്റെ കല്യാണത്തിന് തലേന്നാണ് എത്തിയത്.

മണവാട്ടിയെ കാണുന്നത്
കല്യാണത്തിന് പന്തലിൽ വച്ചാണ്.. എന്റെ ഇക്കാന്റെ പെണ്ണായി വന്നു അവൾ. ഒരിക്കൽ ഹൃദയത്തിലെ രാജകുമാരിയായി വാണിരുന്ന എന്റെ റജീന.

എന്റെ സ്വപ്നങ്ങളിൽ അവൾ വരാറുണ്ടായിരുന്നു.. പക്ഷേ ഇങ്ങനെയൊരു വരവ് പ്രതീക്ഷകൾക്കപ്പുറത്തായിരുന്നു.

ഈ പ്രതിസന്ധിയിൽ നിന്ന് എങ്ങനെ കരകയറണമെന്ന് ചിന്തിച്ച് ശ്വാസം മുട്ടി ഞാൻ നിന്നു.

പരസ്പരമുള്ള കൂടിക്കാഴ്ച മനപ്പൂർവ്വം ഒഴിവാക്കി. പകൽ മുഴുവൻ പുറത്ത് പോയി രാത്രി മാത്രം വീട്ടിലെത്തി.

അങ്ങനെ മൂന്ന് നാല് ദിവസങ്ങൾക്ക് ശേഷം റജീനയുടെ വീട്ടിൽ സൽക്കാരത്തിനായി ഞാൻ പോകാൻ നിർബന്ധിതനായി. ഒഴിഞ്ഞ് മാറിയിട്ടും ഇക്ക സമ്മതിച്ചില്ല.

അവരുടെ വീട്ടിലെത്തി സൽക്കാരം കഴിഞ്ഞ് തിരിച്ചുപോരാൻ സമയത്ത് എന്റെ കണ്ണുകൾ അറിയാതെ അവിടെയുള്ള ചില്ലലമാരക്കുനേരെ നീണ്ടു.കണ്ണുകൾ ആ ചില്ലു ഡോളിൽ ഉടക്കി നിന്നു.
പതിയെ ഞാൻ അതിനടുത്ത് ചെന്ന് ചില്ലു ഡോൾ കയ്യിലെടുത്തു.

“അതെടുക്കല്ലേ… അതിലാരും തൊടുന്നതു പോലും ഇത്താക്ക് ഇഷ്ടല്ലാട്ടോ ”

ഞാൻ തിരിഞ്ഞു നോക്കി റജിയുടെ ചെറിയ അനിയത്തിയാണ്.

ഞാൻ പതിയെ അത് തിരികെ വെക്കും നേരം അനിയത്തി പറഞ്ഞു.

“ഇത്താക്ക് ഏറ്റോം ഇഷ്ടള്ള ഒരു ഫ്രന്റ് കൊടുത്തതാ”

എന്റെ ഹൃദയം ഒന്ന് പിടഞ്ഞു.

“ഓ ആയ്ക്കോട്ടെ ഇനി ഞാൻ തൊട്ടൂന്നൊന്നും മോൾ ഇത്താനോട് പറയല്ലേ ട്ടോ ”

എന്റെ കാലുകൾ തളരുന്ന പോലെ തോന്നി.
ഞാൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും. തൊട്ടു മുന്നിൽ റജീന..!

“അക്കു… എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.”

റജീന ഡോൾ അലമാരയിൽ നിന്നെടുത്ത് അവളുടെ ഷാൾ കൊണ്ട് മറച്ച് പിടിച്ച് പുറത്തേക്കിറങ്ങി.

ഒരടി മുന്നോട്ട് വെക്കാൻ കഴിയാതെ ഞാൻ നിന്നു.

“വരൂ.. ”

അവൾ വീണ്ടും വിളിച്ചു.

ഞാനവളുടെ പിറകേ നടന്നു.

വീടിന്റെ പിറകുവശത്തെ തൊടിയോട് ചേർന്ന് ഒരു കൊച്ചുതോട് ഒഴുകുന്നുണ്ട്.
അവിടെ എത്തി അവൾ നിന്നു. എന്നെ തിരിഞ്ഞു നോക്കി .

അവൾ മറച്ചു പിടിച്ച ഡോൾ പതുക്കെ പുറത്തെടുത്തു.

ഞാൻ ഒന്ന് കണ്ണു ചിമ്മി തുറന്നപ്പോഴേക്കും അവൾ ഡോൾ തോട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു.

കല്ലുകളിൽ തട്ടി ചില്ലു ഡോൾ പൊട്ടിത്തകരുന്ന ശബ്ദം എന്റെ കാതിൽ പതിച്ചു.

” ഇത്ര നാളും ഞാനിതു സുക്ഷിച്ചു വച്ചു… എന്തുകൊണ്ടോ കളയാൻ കഴിഞ്ഞില്ല. എന്തോ ഒരിഷ്ടം ആ നിമിഷം മുതൽ നിന്നോടെനിക്ക് തോന്നിത്തുടങ്ങിയിരുന്നു. എന്നെങ്കിലും കാണുമെന്നും പറയുമെന്നും ആശിച്ചിരുന്നു. പക്ഷേ വിധി ഇതാണ്.. ഈ ഡോൾ ഇപ്പോൾ ഞാൻ എറിഞ്ഞുടച്ച പോലെ എല്ലാ മോഹങ്ങളും എറിഞ്ഞുടക്കണം… അക്കു … ഇന്ന് നിന്റെ ഇക്കാന്റെ ഭാര്യയാണ് ഞാൻ.. നിന്റെ ഇത്ത.. നീ എന്റെ അനിയൻ ”

ഇത്രയും പറഞ്ഞവൾ നിർത്തി. അവളുടെ വാക്കുകൾ ഉറച്ചതയിരുന്നു. മുഖത്തൊട്ടും നിരാശയുണ്ടായിരുന്നില്ല. ഒരു ജ്യേഷ്ടന്റെ ഭാര്യ എന്ന സ്ഥാനത്തേക്ക് അവൾ ഉയർന്നിരുന്നു.ഞാൻ ശരിക്കും അത്ഭുതപ്പെട്ടു.

അവൾ നടന്നകലുന്നതും നോക്കി ഞാൻ നിന്നു.

ഞാൻ ദൈവത്തിനു സ്തുതി പറഞ്ഞു. ഈ ഒരു പ്രതിസന്ധിയിൽ നിന്നും എങ്ങനെ കരകയറുമെന്ന് ആലോചിച്ച് വിഷമിച്ച് നടക്കാൻ തുടങ്ങിയിട്ട് മൂന്നുനാല് ദിവസമായി. എത്ര പെട്ടെന്ന് റജി അത് കൈകാര്യം ചെയ്തു. ഇതാണ് പെണ്ണ്.ഇനി മുതൽ റജിക്ക് എന്റെ മനസ്സിൽ “ഇത്ത” എന്ന ഒറ്റ സ്ഥാനം..

ഞാനും പതുക്കെ നടന്നു. എല്ലാം മറക്കാൻ ശ്രമിച്ചു കൊണ്ട്…മനസ്സിനെ ശാന്തമാക്കിക്കൊണ്ട്….

എന്നാലും അറിയാതെ.. എന്റെ കണ്ണുകൾ നിറയുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
———————-
അലി അക്ബർ തൂത

“വേണുവേട്ടാ ….എന്തിനാണ് ഇടക്കിടെ എന്നോട് ഇതുചോദിക്കുന്നത് .എന്നെ മനഃപൂർവം വേദനിപ്പിക്കുന്നത് “

“ആമി …നീയാരെയേലും പ്രണയിച്ചിട്ടുണ്ടോ ?”

എന്റെ ഭർത്താവിന്റെ ആ ചോദ്യം കേട്ടു ഞാൻ നിശബ്ദമായി .ഞാൻ കെട്ടിപ്പിടിച്ച എന്റെ കൈകളെ പതിയെ അദ്ദേഹത്തിൽനിന്നിം അയച്ചു .എന്നിട്ടും അദ്ദേഹത്തിന്റെ കൈകൾ എന്നെ മുറുകെപ്പിടിച്ചിരിന്നു .

“നീയെന്താ …മിണ്ടാത്തത് ?”

“വേണുവേട്ടാ ….എന്തിനാണ് ഇടക്കിടെ എന്നോട് ഇതുചോദിക്കുന്നത് .എന്നെ മനഃപൂർവം വേദനിപ്പിക്കുന്നത് ”

മൗനമായി നിറമിഴികളോടുകൂടി ഞാൻ തിരിഞ്ഞു കിടന്നു .എന്നിൽ അദ്ദേഹത്തിന് വിശ്വാസമില്ലയോ ?എന്നുള്ള ചോദ്യം എന്നെ അസ്വസ്ഥമാക്കി .നേരം പുലരും വരെ ഞാൻ ഉറങ്ങാതെകിടന്നു .
നേരംപുലരും മുൻപേ ഞാൻ എഴുനേറ്റ് അടുക്കളയുടെ വാതിൽവന്നിരുന്നു .ഒരു കപ്പ് ചൂടുള്ള കാപ്പി എനിക്കുനേരെ നീട്ടി വേണുവേട്ടൻ അടുത്തിരുന്നു .എന്റെ മുഖത്തേക്കുനോക്കി ചോദിച്ചു .

“ആമി …പലപ്പോഴും നീ എന്നോട് കൂടുതൽ അടുക്കുമ്പോൾ ഞാൻ ആ ചോദ്യം ചോദിക്കുമ്പോൾ നിനക്കും ചോദിക്കാം ഞാനും ആരെയേലും പ്രണയിച്ചിരുന്നോയെന്ന് .എന്നിട്ടും ഒരുവട്ടംപോലും നിയത് ചോദിച്ചില്ല .കാരണം ,നീയെന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് .നീ കാരണം ഞാനൊരിക്കലും സങ്കടപെടല്ലേ എന്ന് മാത്രമേ നിന്നിലുള്ളുവെന്ന് എനിക്കറിയാം ”

ഒരു പൊട്ടിക്കരച്ചിലോടെ ഞാൻ അദ്ദേഹത്തെ കെട്ടിപിടിച്ചു .

“ആമി ….ജീവിതത്തിൽ എല്ലാവരിലുമുണ്ട് അവർക്ക് ഏറ്റവും പ്രിയപ്പെട്ട പ്രണയം നഷ്ടമായ അവസ്ഥ .ഒരിക്കലും അത് താലികെട്ടിയവൻ ചോദിച്ചാലും പറയരുതേ …അതവന്റെ നെഞ്ചിലെ കനലാകും ”

എന്നെ ചേർത്തുപിടിച്ചു ആ കൈകളിൽ മുറുക്കെപ്പിടിച്ചു ഞാൻ മാപ്പ് ചോദിച്ചു .

ആമി

“വിജീഷ് ഇനി എന്നെ അന്വേഷിക്കരുത് ഞാൻ പോകുകയാണ് എനിക്കിഷ്ടപ്പെട്ടയാളുടെ കൂടെ.. സോറി…”

###പ്ലാൻ-ബി ഒളിച്ചോട്ടം##

“വിജീഷ് ഇനി എന്നെ അന്വേഷിക്കരുത് ഞാൻ പോകുകയാണ് എനിക്കിഷ്ടപ്പെട്ടയാളുടെ കൂടെ.. സോറി…”

നിതയുടെ ആ കുറിപ്പ് വായിച്ചു കഴിഞ്ഞതും അവന്റെ കണ്ണിൽ നിന്നും കണ്ണീർത്തുളളികൾ അടർന്നു വീഴാൻ തുടങ്ങി….

അവരുടെ കല്ല്യാണം ഇന്നലെ കഴിഞ്ഞതേയു ളളൂ..

“എന്താ മോനേ..നീ ഇവിടെ ഇരിക്കുന്നത് നിതയെവിടെ? ”

അമ്മയുടെ ആ ചോദ്യം കേട്ട് അവൻ കയ്യിലുണ്ടായിരുന്ന കുറിപ്പ് അവർക്ക് കൈമാറി..

അവരത് വായിച്ചിട്ട് അവനെയൊന്നു നോക്കി.. തലകുമ്പിട്ടിരിക്കുകയായിരുന്നു അവൻ…

തന്റെ വിഷമത്തിനേക്കാൾ മകന്റെ വിഷമത്തി നാണവിടെ പ്രാധാന്ന്യമെന്ന് മനസ്സിലാക്കിയത് കൊണ്ടാവാം അവർ പതിയെ അവനനടുത്ത് വന്നിരുന്നത്.. അവന്റെ തലമുടിയിൽ തഴുകി ക്കൊണ്ട് അവർ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..

“പോട്ടെ മോനേ..അവൾക്ക് എന്റെ മോനെ വിധിച്ചിട്ടില്ല..എല്ലാം ഞങ്ങളുടെ തെറ്റാ..മോൻ ഞങ്ങളോട് ക്ഷമിക്കണം”

അവൻ പതിയെ തലയുയർത്തി അവരെ നോക്കി…

“എന്തിനായിരുന്നു അമ്മേ ഇത്.. നിങ്ങൾക്കൊ ക്കെ വേണ്ടി എന്റെ ഇഷ്ടം പോലും മാറ്റിവച്ചല്ലേ ഞാനീ കല്ല്യാണത്തിനു സമ്മതിച്ചത്…എന്റെ ജീവിതം നശിച്ചില്ലേ..”

അവൻ വിങ്ങി വിങ്ങി കരയാൻ തുടങ്ങി..

അവർക്ക് പാശ്ചാതാപം തോന്നി..കാരണം അവൻ മറ്റൊരു പെൺകുട്ടിയുമായി ഗാഢമായ പ്രണയത്തിലായിരുന്നു..സാമ്പത്തികമായി തങ്ങളുടെയൊപ്പം നിൽക്കാത്തതു കാരണമാണ് അവർ ആ ബന്ധത്തെ എതിർത്തത്…

മാതാപിതാക്കൾ തൂങ്ങിമരിക്കുമെന്നു പറഞ്ഞതിനാലാണ് അവൻ ആ ബന്ധത്തിൽ നിന്നും പിന്മാറിയതും മറ്റൊരു കല്ല്യാണത്തിന് സമ്മതിച്ചതും..

“ശ്ശെ ആകെ നാണക്കേടായിപ്പോയി…അവന്റെ മുഖത്ത് നോക്കാൻ പറ്റുന്നില്ല ഇപ്പോ”

അവർ ഭർത്താവിനോടായി പറഞ്ഞു..

” ഹും..നിനക്കല്ലേ ധൃതി ആയിരുന്നത്.. അനുഭവിച്ചോ..ഇതിനും ഭേദം അവന്റെ ഇഷ്ടം അങ്ങട് നടത്തിക്കൊടുത്താ മതിയായിരുന്നു..”

“നിങ്ങളൊന്ന് അങ്ങോട്ട് ചെല്ല് മനുഷ്യാ.. അവനാകെ വിഷമത്തിലാ..പോയി ഒന്ന് ആശ്വസിപ്പിക്ക്”

“എന്തു പറഞ്ഞാ അവനെ ആശ്വസിപ്പിക്കേണ്ടത്.. അവനിഷ്ട്ടപ്പെട്ട പെണ്ണിനെ കെട്ടിച്ച് കൊടുക്കാ മെന്ന് പറഞ്ഞിട്ടോ?”

ആ ഒരു ആശയം ഈ സമയത്ത് ഫലവത്താ കുമെന്നത് അവർക്ക് ഉണർവ്വ് നൽകി…

“എന്നാ പിന്നെ അങ്ങനെത്തന്നെ നടക്കട്ടേ അല്ലേ..ഇനി അതേ ഉളളൂ ഒരു പോം വഴി”..

ആദ്യം അവൻ സമ്മതിച്ചില്ലെങ്കിലും പിന്നീട് അവരുടെ തൽപ്പര്യത്തിന് അവൻ സമ്മതം മൂളുകയായിരുന്നു..

അങ്ങനെ അവരിരുവരും ആഗ്രഹിച്ചപോലെ ത്തന്നെ അവരുടെ വിവാഹം കഴിഞ്ഞു..

അന്ന് രാത്രി വിജീഷിന് ഒരു ഫോൺ കോൾ വന്നു..

“ഹലോ വിജീഷ്..ഇത് ഞാനാ നിത…വിഷ് യൂ എ ഹാപ്പി മാരീഡ് ലൈഫ് ഡാ.. കല്ല്യാണമൊക്കെ അടിപൊളിയായി നടന്നില്ലേ?”

ഒരു നിമിഷം അവരുടെ പെണ്ണുകാണൽ ചടങ്ങിലേക്ക് അവന്റെ ചിന്ത വഴിമാറി.. ഫ്ലാഷ് ബാക്ക്..

“അവർക്കെന്തെങ്കിലും സംസാരിക്കണമെങ്കിൽ സംസാരിച്ചോട്ടെ” അങ്കിളിന്റെ ആ ചോദ്യം കേട്ടതും അവൻ അവളുടെ അരികിലേക്ക് ചെന്നു….

“വിരോധമില്ലെങ്കിൽ നമുക്കാ ഗാർഡനിലേക്ക് പോകാം” നിതയാണ് അത് പറഞ്ഞത്..

“ഓ യെസ്…അവൻ പറഞ്ഞു…

അവർ ഗാർഡന്റെ ഏറ്റവും അറ്റത്തെത്തി..ആ സംസാരം വേറെയാരും കേൾക്കരുതെന്ന് അവൾ ആഗ്രഹിച്ചിരുന്നു..

പക്ഷെ ഇരു വീട്ടുകാർക്കും അതത്ര പിടിച്ചിട്ടില്ലാ യിരുന്നു..

“നോക്കൂ മിസ്റ്റർ..എനിക്ക് ഈ കല്ല്യാണത്തിന് താൽപ്പരൃമില്ല..ഞാൻ മറ്റൊരാളുമായി പ്രണയത്തിലാണ്..വീട്ടുകാരുടെ നിർബന്ധപ്രകാര മാണ് ഈ പെണ്ണുകാണൽ..അവർ ഞങ്ങളുടെ ബന്ധത്തിനെതിരാണ്..അഥവാ ഈ കല്ല്യാണം ഉറപ്പിക്കുകയാണെങ്കിൽ തലേദിവസം അല്ലെങ്കിൽ പിറ്റെ ദിവസമായാലും ഞങ്ങൾ ഒളിച്ചോടിയിരിക്കും…

അവൻ അന്തം വിട്ട് അവളെത്തന്നെ നോക്കി..

“പിന്നെ തന്നോട് ഇത് പറഞ്ഞതെന്താന്നു വച്ചാ തന്നെ കണ്ടപ്പോ ഒരു പാവമാണെന്ന് തോന്നി.. നിങ്ങൾക്കും ഉണ്ടാവില്ലെ സ്വപ്നങ്ങൾ”

അപ്പോഴായിരുന്നു അവന്റെ ശ്വാസം നേരെ വീണത്..”വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല്” എന്നപോലെ തോന്നി അവന്.. പെട്ടെന്ന് തെളിഞ്ഞ ഒരു ബുദ്ധിയിൽ അവൻ ഒരു ആശയം മുന്നോട്ട് വച്ചു..

“ശരിക്കും പറഞ്ഞാ എനിക്കും ഈ വിവാഹത്തി ൽ താൽപ്പര്യമില്ലായിരുന്നു..ഞാനും ഒരു പ്രണയ ത്തിൽ അകപ്പെട്ടിരിക്കുകയാണ്.. വീട്ടുകാരുടെ ഭീഷണിയാണ് എന്നെ ഇവിടെ എത്തിച്ചത്.. അതെന്തായാലും നന്നായി ഞാനൊരു കാര്യം പറയട്ടെ?”

പറഞ്ഞോളൂ എന്ന ഭാവത്തിൽ അവളവനെ ആകാംക്ഷയോടെ നോക്കി

“താനെന്തായാലും ഒളിച്ചോടാൻ തീരുമാനിച്ചു.. എനിക്കാണെങ്കിൽ അതിനു കഴിയുകയുമില്ല.. എന്നാൽ നമ്മുടെ വിവാഹം കഴിഞ്ഞതിനുശേഷം താനൊളിച്ചോടുകയാണെങ്കിൽ എന്റെ പ്രേമവും പൂവണിയും തന്റെ പ്രേമവും പൂവണിയും…”

അവൾ അതിശയത്തോടെ അവന്റെ മുഖത്ത് നോക്കി..

“അതെങ്ങനെ?” അവൾ ചോദിച്ചു

“കല്ല്യാണത്തിന് ശേഷം തനിക്ക് ഒളിച്ചോടാനും താമസിക്കാനുമുളള സൗകര്യം ഞാൻ തന്നെ ഒരുക്കിത്തരാം..താൻ പോയതിനുശേഷം ദു:ഖിച്ചിരിക്കുന്ന എനിക്ക് സ്വാഭാവികമായും എന്റെ പ്രണയിനിയെ കെട്ടിക്കോളാനുളള ഓഫർ വീട്ടുകാർ തരും.അഥവാ തന്നില്ലെങ്കിൽ വിഷമത്തി ന്റെ കാഠിന്യം കൂട്ടി അവരെക്കൊണ്ട് ഞാൻ അതിന് സമ്മതിപ്പിക്കും..പിന്നീട് തന്റെ വീട്ടിൽ വന്ന് എനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും നിങ്ങളെ രണ്ടുപേരേയും തിരിച്ചുവിളിക്കാൻ ഞാൻ ആവശ്യപ്പെടുകയും ചെയ്യും..എന്തു പറയുന്നു?”

അവൾ അവന്റെ കൈ പിടിച്ചു കുലുക്കിക്കൊണ്ടു പറഞ്ഞു..

“ഹോ..അപാരം…പ്ലാൻ ബി അല്ലേ? തന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു..ഡൺ”

അകലെ നിന്നും അവർതമ്മിൽ കൈ കൊടുക്കു ന്നത് കണ്ട് ഇതൊന്നുമറിയാതെ വീട്ടുകാർ വളരെ സന്തോഷത്തോടെ കല്ല്യാണം ഉറപ്പിക്കുകയായിരു ന്നു…

അങ്ങനെ ആദൃമായിട്ട് ഭാര്യ ഒളിച്ചോടിയതിൽ സന്തോഷിക്കുന്ന ഭർത്താവായി അവൻ മാറുകയായിരുന്നു…

“തങ്ക്സ് നിത..ഗുഡ്നൈറ്റ്” അവൻ ഫോൺ കട്ട് ചെയതു.. അവന്റെ മുഖത്ത് പുഞ്ചിരി വിടർന്നു..

ചിലകാര്യങ്ങൾ കുറുക്കുവഴിയിലൂടെയേ നടക്കൂ..

രചന
പ്രവീൺ ചന്ദ്രൻ

മുറിയിൽ നിന്നും പുറത്തേക്കു നടക്കുന്നനേരവും മനസ്സു അച്ഛന്റെ അടുത്തുതന്നെയാണ് എന്ന് മനസ്സിലായി

സുധിയേട്ടൻ ഇറങ്ങി വരൻ പറഞ്ഞത് രാത്രി പതിനൊന്നുമണിക്കാണ് ,സമയം ഏതാണ്ട് പത്തരയായി ,എന്നും കഴിക്കാറുള്ള ഗുളികയും കഴിച്ചു പതിവായി തനിക്കു തരാറുള്ള മുത്തവും തന്നു അച്ഛൻ കിടക്കാനായി മുറിയിലേക്കുപോയി ,ഇപ്പോഴും മുറിയിൽ നിന്നും അച്ഛന്റെ മുക്കലും മൂളലും കേൾക്കാം ,സമാധാനത്തോടെയുള്ള ഒരു മയക്കം അച്ഛന് ദൈവം അനുഗ്രഹിച്ചിട്ടു വർഷങ്ങളായി

ചുമയുടെ ശബ്ദം കൂടിയപ്പോൾ അച്ഛൻ കിടക്കുന്ന മുറിയിലേക്ക് പതിയെ നടന്നു ,പുതപ്പുകൊണ്ട് വായപൊത്തിപ്പിടിച്ചു ശബ്ദം പുറത്തുവരാതിരിക്കാൻ പാടുപെടുന്ന അച്ഛനെക്കണ്ടപ്പോൾ മനസ്സൊന്നു പിടച്ചു

എന്താ എന്റെ അച്ഛന് പറ്റിയത് ,ഡോക്ടറുടെ അടുത്തുപോകണോ ?

വേണ്ടമോളേ ,ഇതൊക്കെ അച്ഛന് ശീലമായി ,എന്റെ മോള് പോയി ഉറങ്ങിക്കോ ,അച്ഛന്റെ ശബ്ദം കൊണ്ട് മോൾക്ക് ഉറങ്ങാൻ കഴിയുന്നില്ല അല്ലെ ? ഇനി ഉണ്ടാകില്ലെട്ടോ ,,,മോൾക്ക് രാവിലെ എഴുന്നേറ്റു ജോലിയൊക്കെ കഴിഞ്ഞു പഠിക്കാൻ പോകേണ്ടതല്ലേ

അതൊന്നും സാരമില്ല ,അച്ഛനുകുടിക്കാൻ ചൂടുവെള്ളം വേണോ ?

വേണ്ടമോളേ ,മോളിനിയും ഇവിടെ നിന്നും ഉറക്കം കളയേണ്ട പോയി ഉറങ്ങിക്കോളു

മുറിയിൽ നിന്നും പുറത്തേക്കു നടക്കുന്നനേരവും മനസ്സു അച്ഛന്റെ അടുത്തുതന്നെയാണ് എന്ന് മനസ്സിലായി

സ്ഥിരമായി പോകുന്ന ബസ്സിലെ ഡ്രൈവറാണ് സുധിയേട്ടൻ ,വേണ്ട വേണ്ട എന്ന് ആയിരം വട്ടം വിചാരിച്ചിട്ടും ഒടുവിൽ താൻ അയാളുടെ സ്നേഹത്തിന്റെ തടവറയിൽ ആയി ,ഏതൊരു പെണ്ണിനേയും പോലെ അയാളുമൊന്നിച്ചുള്ള ഒരുപാടു സ്വപ്നങ്ങൾ താനും കണ്ടുതുടങ്ങി ,ഒടുവിലാണ് അറിഞ്ഞത് അയാള് ആ ബസ്സിന്റെ ഡ്രൈവർ മാത്രമായിരുന്നില്ല അതുപോലുള്ള അനേകം ബസ്സുകളും ലോറികളും ഉള്ള കുന്നത്തു തറവാട്ടിലെ മഹേന്ദ്രന്റെ ഒരേ ഒരു മകനാണ് എന്ന് ,ഒരുപട് ബിസിനസ്സുകൾ ഉണ്ടെങ്കിലും അച്ചനോട് എതിർത്താണ് ആള് ബസ്സോടിക്കാൻ വരുന്നത് ,,ഒരു ദിവസം താൻ തന്റെ സംശയം അദ്ദേഹത്തോട് നേരിട്ട് ചോദിച്ചു

എന്താ സുധിയേട്ടാ ,ബസ്സോടിക്കാൻ സുധിയേട്ടൻ തന്നെ വേണമെന്നില്ലലോ അത് മറ്റാരെയെങ്കിലും ഏൽപ്പിച്ചു അച്ഛനെ സഹായിച്ചൂടെ? ,അച്ഛന് വയസ്സായി വരുകയല്ലേ

നീ പറഞ്ഞത് ശരിയാണ് അച്ഛന്റെ നാലാപത്തഞ്ചാമത്തെ വയസ്സിലാണ് ഞാനുണ്ടായത് ,എന്നെ നിലത്തും നിലയിലും നിര്ത്താതെ ലാളിച്ചാണ് അച്ഛനും അമ്മയും വളർത്തിയത് ,,

ഇതൊക്കെ മനസ്സിലാക്കിയിട്ടാണോ ,സുധിയേട്ടൻ അവരോടിങ്ങനെ കാട്ടണേ ?

അപ്പൊ എനിക്ക് നിന്നെ കാണണ്ടേ അശ്വതി ? ഒരു ദിവസം ബസ്സിന്റെ കളക്ഷൻ മേടിക്കാൻ വന്നപ്പോഴാണ് ആദ്യമായി നിന്നെ ഞാൻ കണ്ടത് ,അന്ന് മനസ്സിൽ തറച്ചതാ നിന്റെ ഈ മുഖം , അതിനുശേഷം നിന്നെക്കാണാൻ വേണ്ടിമാത്രം പലതവണ ഞാൻ ഈ ബസ്സിൽ വന്നു അന്നൊന്നും നീ എന്നെ മൈന്റുപോലും ചെയ്തില്ല ,അങ്ങനെയാണ് അച്ചനെ എതിർത്തുകൊണ്ട് നീ സ്ഥിരമായി വരുന്ന ഈ ബസ്സിന്റെ ഡ്രൈവർ ആകാൻ ഇറങ്ങിയത് ,എന്നിട്ടും മാസങ്ങൾ എടുത്തു നീ ഒന്നെന്റെ മുഖത്തുപോലും നോക്കാൻ

എനിക്കൊക്കെ മനസ്സിലാകുന്നുണ്ടായിരുന്നു സുധിയേട്ടാ , അപ്പോഴൊക്കെ വീട്ടിലുള്ള അച്ചന്റെ മുഖം ആലോചിക്കുമ്പോൾ മനസ്സിനൊരു ശക്തികൂടും ,പക്ഷെ എങ്കിലും ഞാനും ഒരുപെണ്ണല്ലേ ,ചിലപ്പോഴൊക്കെ തനിച്ചുള്ള നിമിഷങ്ങളിൽ ഞാൻ പോലും ക്ഷണിക്കതെ നിങ്ങളെന്റെ മനസ്സിൽ അതിഥി ആയിവരും ,അതിന്റെ ചലനങ്ങൾ എന്റെ പിടിവിട്ടുപോയ നിമിഷങ്ങളിൽ ആണ് ഞാനും നിങ്ങളെ ശ്രദ്ധിച്ചുതുടങ്ങിയത് നിങ്ങളുടെ സ്നേഹം അറിഞ്ഞു തുടങ്ങിയത്

സമയം പതിനൊന്നാകാറായി ഈ തൊടിക്കപ്പുറം ഉള്ള റോഡിൽ കാറുമായി ഉണ്ടാകുമെന്നാണ് സുധിയേട്ടൻ പറഞ്ഞത്

തന്റെ വിവാഹകാര്യത്തിനു വീട്ടിൽ അച്ഛനും അമ്മയും കുടുംബക്കാരും ഒരുപാടു നിർബന്ധം പിടിക്കുന്നുണ്ട്
,കൊണ്ടുവരുന്ന വിവാഹാലോചനകൾ ഒക്കെ വലിയ വലിയ തറവാട്ടിൽ നിന്നുള്ള കുട്ടികൾ ,ഇതിനിടയിൽ തന്റെ കാര്യം പറഞ്ഞാൽ ആരും സമ്മതിക്കില്ല അശ്വതി, അതുകൊണ്ടു നമുക്ക് ഇവിടെ നിന്നും ദൂരെയുള്ള ഏതെങ്കിലും സ്ഥലത്തുപോയി രജിസ്റ്റർ മാരേജ് ചെയ്തു ഈ പ്രശ്നങ്ങൾ ഒക്കെ അടങ്ങിയിട്ടു തിരിച്ചുവരാം എന്നുപറഞ്ഞപ്പോൾ തനിക്കു എതിർക്കാൻ തോന്നിയില്ല ,കാരണം അല്ലെങ്കിൽ തനിക്കു സുധീയേട്ടനെ നഷ്ട്ടപ്പെടുമോ എന്ന് താനും ഭയന്നു

വൈബ്രേറ്റിംഗ് മോഡിൽ വെച്ച മൊബൈൽ നിർത്താതെ അടിച്ചു തുടങ്ങി ,സുധിയേട്ടൻ റോഡിൽ എത്തി എന്ന് ഉറപ്പായി ,പതിയെ മുറിയിലേക്ക് നടന്നു നേരത്തെ തയ്യാറക്കിവെച്ച ബാഗും എടുത്തു പടികൾ ഓരോന്നായി ഇറങ്ങി ,

തന്റെ ശരീരത്തിനൊപ്പം മനസ്സുകൂടെ വന്നില്ല എന്ന് മനസ്സിലായ നിമിഷം അച്ചനെ ഒന്നുകൂടി കാണാൻ മനസ്സു മന്ത്രിച്ചു ,,,
പടികൾ തിരിച്ചു കയറി അച്ഛന്റെ മുറി ലക്ഷ്യമാക്കി ഓടി

പൂമുഖത്തുകണ്ട ആ രൂപം അവളിൽ ഞെട്ടലുണ്ടാക്കി

എന്റെ മോള് പോകുമ്പോൾ അച്ഛനെ ഒന്ന് കാണണം എന്ന് തോന്നിയല്ലോ അതുമതി ഈ അച്ഛന്

അച്ഛാ ,ഞാൻ ,

എന്റെ മോള് ഒന്നും പറയേണ്ട ,അച്ഛന് എല്ലാം മനസ്സിലാകുന്നുണ്ടായിരുന്നു ,അച്ഛനൊന്നും ചോദിച്ചില്ലെന്നേ ഉള്ളു

ഞാൻ പോയാൽ അച്ഛന്റെ കാര്യങ്ങളൊക്കെ ആരാണ് ചെയ്തു തരുക ?

അതൊക്കെ നടക്കും ,,, അതൊന്നും ആലോചിച്ചു എന്റെ മോള് വിഷമിക്കേണ്ട,, നിന്റെ ‘അമ്മ മരിച്ചു നിന്റടുത്തേക്കു ഞാൻ ഓടി വരുന്നതുവരെ ആ മരുഭൂമിയിൽ എന്റെ എല്ലാ കാര്യങ്ങളും ഞാൻ ഒറ്റക്കല്ലേ ചെയ്തുകൊണ്ടിരുന്നത് ,ഇപ്പോഴെന്താ അത്ര പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിയില്ല അത്രയല്ലേ ഉള്ളു

അച്ഛനെന്നെ ശപിക്കരുത് ,വെറുക്കരുത് ,വാക്കുകൊടുത്ത ഒരാളെ പാതിവഴിക്കുപേക്ഷിക്കാൻ മനസ്സു സമ്മതിക്കുന്നില്ല ,

അതിനുപറ്റുമ്മോ മോളേ എനിക്ക് ,നിന്റെ നന്മയും സന്തോഷവുമല്ലാതെ വേറെ എന്തെങ്കിലും ഉണ്ടോ ഈ അച്ഛന് ,നിങ്ങള് തിരിച്ചുവരുമ്പോൾ അച്ഛനുണ്ടാകുമോ എന്നറിയില്ല ,കുറച്ചുനാളായി ചുമക്കുമ്പോൾ രക്തം വരുന്നുണ്ട് ,,ഇനി എത്രകാലം ഞാനുണ്ടാകും എന്നറിയില്ല ,,ഈ വീടും സ്ഥലും ഒക്കെ മോളുടെപേരിൽ അച്ഛൻ മുൻപേ എഴുതി വെച്ചിട്ടുണ്ട് ,മോളുടെ കയ്യിലുള്ള ബാഗിൽ മോളറിയാതെ അച്ഛൻ കുറച്ചു രൂപ വെച്ചിട്ടുണ്ട് ,എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ അയ്യാളെ ബുദ്ധിമുട്ടിക്കേണ്ട മോളുടെ ആവശ്യങ്ങൾക്ക് അത് ഉപയോഗിക്കാം

എന്തിനാ അച്ഛാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് ,എന്റെ ദേവി ഈ അച്ഛനെ തനിച്ചാക്കിയാണല്ലോ സ്വന്തം സുഖം നോക്കി തനിക്കു പോകുവാൻ തോന്നിയത് ,,താൻ എന്ത് പാപിയാണ് ,,എന്നോട് പൊറുക്കൂ അച്ഛാ ഞാൻ അച്ഛനെ തനിച്ചാക്കി എവിടെയും പോകുന്നില്ല ,അതുമുഖാന്തരം ഉള്ള ഒരു ജീവിതവും എനിക്കുവേണ്ട ,എനിക്ക് എന്റെ അച്ഛൻ മതി , അച്ചന്റെ നെഞ്ചിലേക്ക് തന്റെ കണ്ണുനീരുപെയ്തിറങ്ങുമ്പോഴും നിർത്താതെ മൊബൈലിന്റെ വൈബ്രേറ്റിംഗ് ശബ്ദം തുടർന്നുകൊണ്ടേ ഇരുന്നു ,,,

ഒരു മാസത്തിനു ശേഷം

എന്താ എന്റെ കുട്ടി പഠിക്കാൻ പോകാത്തത് ,ദിവസം ഒരുപാടിയില്ലേ ഇവിടെ ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്കുന്നു

പഠിപ്പു ഞാൻ നിർത്തുകയാണച്ഛാ ,അച്ഛന് എന്തെങ്കിലും ആവശ്യം വന്നാൽ ഇവിടെ ആരാ ഞാൻ കൂടി പോയാൽ ,കൂടാതെ സുധിയേട്ടനെ അറിയാതെ എങ്കിലും കണ്ടാൽ വീണ്ടും ഒരു ……

എന്റെ മോളുടെ മനസ്സിൽ നിന്നും ആ ഒരു തീ അതിന്റെ ജ്വാല കെട്ടടങ്ങില്ല എന്ന് അച്ഛന് നല്ലവണ്ണം അറിയാം ,കാരണം എന്റെ മോള് നന്മയുള്ളൊള ,ഒക്കെ നന്നായി വന്നുഭവിക്കാൻ സർവ്വേശ്വരനോട് പ്രാര്ഥിക്കു അല്ലാതെ ഇപ്പോൾ എന്താ ചെയ്യുക

ഇങ്ങോട്ട് ആരോ വരുന്നുണ്ടല്ലോ മോളെ ,ആരാ അത് ?

അറിയില്ലച്ഛാ ഞാൻ മുൻപ് കണ്ടിട്ടില്ല ,,അച്ഛൻ സംസാരിക്കൂ ഞാൻ അകത്തോട്ടു പോകുകയാണ്

വരുവരു കയറി ഇരിക്കൂ ,മുഷിച്ചല് തോന്നരുതു ആളെ എനിക്കത്ര പിടികിട്ടിയില്ല

മുൻപേ കാണാൻ വഴിയില്ല ഇവിടുന്നു പത്തു മുപ്പതു കിലോമീറ്റർ അകലെ യാണ് നമ്മുടെ സ്ഥലം ,എന്റെ പേര് മഹേന്ദ്രൻ ,കുന്നത്തുവീട്ടിൽ മഹേന്ദ്രൻ എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിൽ എല്ലാവരും അറിയും

ഇപ്പോ അറിയാം മോള് പറഞ്ഞു കേട്ടിട്ടുണ്ട്

എവിടെ അശ്വതി ?

അകത്തുണ്ട് വിളിക്കാം

മോളേ അശ്വതീ ,,,,,,,,,,,

പതിയെപ്പതിയെ നടന്നു ഉമ്മറത്തേക്ക് വന്ന അശ്വതിയെ മഹീന്ദ്രൻ അടിമുടി ഒന്നുനോക്കി ,,

കുറച്ചു ദിവസമായിട്ടു ഭക്ഷണക്കാര്യം ഒക്കെ ഒരു വകയാ ,വല്ലാതെ കോലം കെട്ടുപോയി എന്റെ കുട്ടി

എനിക്കുമനസ്സിലാകും ഇതിലും കഷ്ട്ടമാണ് വീട്ടിലുള്ളവന്റെ കാര്യം ,എല്ലാത്തിനോടും ഒരു തരം വാശി ഇപ്പൊ അതുകുറെ കൂടികൂടിവന്നു ,അശ്വതി അച്ചനെ ഇട്ടു ഞാൻ എവിടേക്കും വരുന്നില്ല എന്നുപറഞ്ഞപ്പോൾ മുതൽ അവന്റെ മാറ്റങ്ങൾ ഞാൻ കണ്ടുതുടങ്ങിയതാ,, ഇനിയും എന്റെ കുട്ടിയുടെ ഇഷ്ടങ്ങൾക്കു ഞാൻ പുറംതിരിഞ്ഞുനിന്നാൽ അവൻ എന്നെ പൂർണ്ണമായി വെറുത്തു തുടങ്ങും അത് എനിക്ക് സഹിക്കാൻ കഴിയില്ല ,അവനുവേണ്ടിയാ ഞാനും സരസ്വതിയും ജീവിക്കുന്നത് അവന്റെ വായിലേക്ക് ഒരു വറ്റിറങ്ങാതെ അവള് ഒരു നേരവും ഒന്നും കഴിച്ചിട്ടില്ല,, ഇപ്പൊ അവളും ക്ഷീണിച്ചു വയ്യാതായി കിടക്കുവാ , ഇന്ന് പറ്റുമെങ്കിൽ ഇന്ന് അവളേയും കൂട്ടിയേ നിങ്ങൾ വീട്ടിൽ വരാവു എന്നാണ് അവൾ എന്നോട് പറഞ്ഞത് ,വരുമോ മോളേ നീ ഈ അച്ഛന്റെ കൂടെ നമ്മുടെ വീട്ടിലേക്കു ?

ഉമ്മറത്തുള്ള തൂണിലേക്കു ചാരി നിന്നുള്ള കരച്ചിലിന്റെ ശബ്ദം കൂടി വന്നു ,,,അത് മനസ്സിലാക്കി മഹേന്ദ്രൻ അവളുടെ അടുത്തേക്ക് നടന്നു

എന്റെ മോൻ ഭാഗ്യവാനാ ,അല്ലെങ്കിൽ ഇത്രയും നന്മയുള്ള പെണ്ണിനെ അവനുകിട്ടില്ല ,വയ്യാതെ കിടക്കുന്ന അച്ഛനെ ഉപേക്ഷിച്ചു എന്റെമോന്റെ കൂടെ ഇറങ്ങിവരാത്ത മോളോട് എനിക്ക് അന്നേ ബഹുമാനം തോന്നിയതാ ,ഇപ്പൊ എനിക്കും ശരിക്കും ഇഷ്ടായി ,മോള് പേടിക്കേണ്ട അച്ഛനെയും നമുക്ക് കൂടെ കൂട്ടാം നമ്മുടെ അടുത്തുള്ള സിറ്റിയിൽഇവിടെ ഉള്ളതിനേക്കാളും നല്ല ചികത്സ കിട്ടും എന്നെക്കൊണ്ട് കഴിയുന്ന്നതൊക്കെ ഞാൻ ചെയ്യും ,എന്റെ മോന്റെ സന്തോഷമാണ് എനിക്കുവലുതു ,നീ സന്തോഷിക്കാതെ അവനെന്തു സന്തോഷം

നിങ്ങള് പറയുന്നതൊക്കെ കേട്ട് എനിക്ക് വലിയ സന്തോഷമായി ,എനിക്കൊരു ആഗ്രഹം കൂടി ഉണ്ട് അവളുടെ അമ്മയുടെ തറവാട്ടുവക ഒരു ക്ഷേത്രം ഉണ്ട് അവിടുന്ന് ഒരു മാലയിട്ടു വേണം എന്റെ കുട്ടി വിവാഹ ജീവിതത്തിലേക്ക് കടക്കാൻ അതിനു നാളും തീയതിയും സമയവും ഒന്നും നോക്കണ്ട ,നിങ്ങള് നാളെയാണ് പറയുന്നതെങ്കിൽ നാളെ

ആയിക്കോട്ടെ അങ്ങനെ എങ്കിൽ അങ്ങനെ ,,,അതിനു മുൻപ് മോളേ നിനക്കവനോട് ഒന്ന് സംസാരിച്ചൂടെ ?

തല ഉയർത്തി മഹേന്ദ്രനെ നോക്കിയ അശ്വതിയോടു അയാൾ പറഞ്ഞു ,,,അവൻ കാറിലുണ്ട്

പൂമുഖത്തുനിന്നും പടികൾ ഇറങ്ങി എത്ര വേഗതയിൽ ആണ് താൻ ഓടിയത് എന്നോർമ്മയില്ല ,,

കാറിനടുത്തു എത്തിയതും നിറഞ്ഞ രണ്ടുകണ്ണുകളാണ് വരവേറ്റത് ,

, ഒന്നും പറയാതെ അവനെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു പൊട്ടിക്കരഞ്ഞപ്പോൾ ,അവന്റെ കണ്ണുനീർ തന്റെ ദേഹത്തിൽ വീണു അലിഞ്ഞു ചേർന്നു

Latheesh Kaitheri

,

നിന്റെ കല്യാണം കൺ നിറയെ കണ്ടിട്ട് ഞാൻ പോകും… എന്നെങ്കിലും എന്റെ സ്നേഹ ത്തിന്റെ വില എന്തെന്ന് നീയറിയും…

സ്വന്തം കാമുകന്റെ വിളിക്കാത്ത കല്യാണം കൂടാൻ പോയതാണ് ഞാൻ…

നിന്നെ മറക്കണം നിന്റെ കല്യാണത്തിലൂടെ..

കൂടി നിന്ന അവന്റെ ചില കൂട്ടുക്കാർ പരിഹാസത്തോടും പുച്ഛത്തോടും എന്നെ നോക്കി…
ഞാൻ വാങ്ങിയ സമ്മാനപ്പൊതി അവനു നേരെ നീട്ടിയപ്പോൾ പാതി മനസോടെ അവനത് ഏറ്റു വാങ്ങി.

നിന്റെ കല്യാണം കൺ നിറയെ കണ്ടിട്ട് ഞാൻ പോകും… എന്നെങ്കിലും എന്റെ സ്നേഹ ത്തിന്റെ വില എന്തെന്ന് നീയറിയും…
ഉള്ളിന്റെയുള്ളിൽ ശപഥം ചെയ്യുകയായിരുന്നു ഞാൻ…

പുറമെയെത്ര ചിരിച്ച് കാട്ടിയാ
ലും തേപ്പ് കിട്ടിയവളുടെ വേദന…..

പുത്തൻ പ്രതീക്ഷകളുമായി ജീവിതം മുന്നോട്ടു പോകാൻ തീരുമാനിച്ചു.

പാതിയിൽ ഉപേക്ഷിച്ച പഠനം വീണ്ടും ആരംഭിച്ചു.
മറന്നു തുടങ്ങിയ കളിച്ചിരികളുമായി വീണ്ടും പുതു യാത്ര ആരംഭിച്ചു…
ഇത്തിരി ബുദ്ധിമുട്ടിയെങ്കിലുo എട്ടൊൻപത് വർഷം കൊണ്ടു തന്നെ എത്തിപ്പിടിക്കാൻ പറ്റാവുന്നതൊക്കെ നേടിയിരുന്നു ഞാൻ…

ഒരിക്കലും മറക്കാനാവില്ലെന്നു കരുതിയതൊക്കെ ഞാൻ മറന്നു തുടങ്ങിയിരുന്നു…
അതിനുള്ള തെളിവായിരുന്നു ഞാനും കിരണേട്ടനും മോളും ഒത്തൊരുമിച്ചുള്ള ജീവിതം..

ഒരിക്കൽ തിരക്കിട്ട ഒരു ട്രെയിൻ യാത്രക്കിടെ ഞാനെന്റെ പഴയകാമുകനെ കാണാനിടയായി..

അന്നത്തെ കണ്ടുമുട്ടലിൽ അവനാകെ അസ്വസ്ഥനായിരുന്നു..

നാലു വർഷത്തോളം പ്രണയിച്ചിട്ടും ഒരു വാക്കു പോലും സംസാരിച്ചിട്ടില്ല ഞങ്ങൾ… അവന്റെ വിവരങ്ങൾ എനിക്ക് കൈമാറിയത് അവന്റെ ചില സുഹൃത്തുക്കളായിരുന്നു. അവരായിരുന്നു എനിക്കെല്ലാ സപ്പോട്ടും തന്നത്..
മൊബൈലൊന്നും അധികം ഇറങ്ങിയിട്ടില്ലാത്ത കാലം..
അമ്പലപ്പറമ്പിലും ചന്തയിലുമൊക്കെയായി കണ്ണും കണ്ണും നോക്കിയിരുന്ന കാലം.. കരിവളകളും കൺമഷിയും ചാന്തും തേടി ഓരോ ചന്തയിൽ നിന്നിറങ്ങുമ്പോഴും തിരിഞ്ഞുള്ള എന്റെ നോട്ടം..
നേരിട്ടൊന്നു സംസാരിക്കാൻ പോലും ഭയപ്പെട്ട കാലഘട്ടം.

ഒരു കാരണവുമില്ലാതെ പെട്ടെന്നൊരു ദിവസം അവൻ എന്നിൽ നിന്നും അകലം പാലിക്കാൻ തുടങ്ങി..
ചിരിച്ച മുഖവുമായി എന്നും നോക്കിയിരുന്ന വൻ പിന്നീട് മുഖം തിരിക്കാൻ തുടങ്ങി..
അവന്റെ സുഹൃത്ത് വഴിയാണ് കല്യാണവും മറ്റും ഞാനറിഞ്ഞത്..
ഒരു വാക്കു പോലും പറയാതെഎന്നെ ഉപേക്ഷിക്കാനുള്ള കാരണമെന്തെന്ന് അറിയില്ലായിരുന്നു.

പക്ഷേ അവനോടു സംസാരിക്കാനുള്ള അവസരം അന്നാദ്യമായി കിട്ടിയതും ആ ട്രെയിൻ യാത്രയിലായിരുന്നു..

തുടക്കം ഞാൻ തന്നെയായിരുന്നു..
എവിടെക്കാ?

അച്ഛൻ അഡ്മിറ്റാണ് മംഗലാപുരത്ത്…
ഒരുപാടു നേരം അച്ഛന്റെ അസുഖത്തെക്കുറിച്ച് സംസാരിച്ചു.
കുറച്ചു നേരത്തെ നിശബ്ദതയെ കീറി മുറിച്ച് ഞാൻ വീണ്ടും ചോദിച്ചു
സുഖാണോ ?
കുട്ടികളൊക്കെ…..
മൂത്തത് രണ്ടാം ക്ലാസിൽ
ചെറുതിന് രണ്ടര വയസ്……

നിനക്കോ….
സുഖം…
ഇപ്പോ എവിടെക്കാ ..
ഞാനൊരു സ്കൂളിൽ ജോലി ചെയ്യുന്നു…

കല്യാണം കഴിഞ്ഞില്ലാല്ലേ?

എന്തെ?

കഴിഞ്ഞു…… കുട്ടിയുമായി…. സുഖായിരിക്കുന്നു..

കള്ളം..

നീ കള്ളം പറഞ്ഞതിന്റെ വലിയ തെളിവാ നിന്റെ നെറ്റിയിൽ ഞാൻ കാണുന്നത്…

ഓ……..

രാവിലത്തെ തിരക്കിട്ട യാത്രയിൽ ഞാൻ നെറ്റിയിൽ തൊടാൻ മറന്ന സിന്ദൂരം.

എന്നെ മറക്കാൻ കഴിയില്ല നിനക്ക് .
ഞാൻ നിന്നെ സ്നേഹിച്ചിതലും ഇരട്ടി നീയെന്നെ സ്നേഹിച്ചിരുന്നുവെന്നറിയാം..
നമുക്ക് ആ പഴയ കാലം മതിയായിരുന്നല്ലേ..
എല്ലാം വീണ്ടും തൊടങ്ങാം..

ഒരു നിമിഷത്തേക്ക് എന്റെ തൊണ്ട വരണ്ടു.

പെട്ടെന്ന് തന്നെ പൂർവ്വാധികം ശക്തിയോടെ
കോളറയുള്ള ചുരിദാറിനടിയിൽ എന്റെ നെഞ്ചിൽ ചേർന്നു കിടന്ന ചെറിയ താലിമാല ഞാൻ വലിച്ചെടുന്നു.
നിങ്ങളെ മറന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് മൂന്നു വർഷമായി എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി.
ഈ താലിയുടെ പവിത്രത നഷ്ടപ്പെടുത്തിയുള്ള ഒരു ജീവിതവും എനിക്ക് വേണ്ട.
ബാഗിനുള്ളിൽ ഞാനെന്നും കരുതി വെയ്ക്കാറുള്ള സിന്ധൂരച്ചെപ്പിൽ നിന്നും ഒരു നുള്ള് ഞാനെന്റെ നെറുകയിൽ തൊട്ടു.

നിങ്ങളോടുള്ള വാശിയായിരുന്നു എന്റെ ജീവിതത്തിലേക്കുള്ള ഓരോ വിജയവും.

നമ്മളെ സ്നേഹിക്കാത്തവരെ നമ്മളും ഉപേക്ഷിക്കുമ്പോഴാണ് ജീവിതം മധുരമായി തോന്നുക.
അതും പറഞ്ഞ് തൊട്ടടുത്ത എനിക്കിറങ്ങേണ്ട റെയിൽവേ സ്റ്റേഷനിൽ ഞാനിറങ്ങി..
എന്നോ മനസിൽ ഞാനറിയാതെ കടന്നു കൂടിയ കളയെ പറിച്ചു കളഞ്ഞതിന്റെ ഇരട്ടി സന്തോഷമാണ് അന്നെനിക്ക് തോന്നിയത്.

Shalini Vijayan..

നിങ്ങള്ക്ക് എന്നോട് താല്പര്യം കുറഞ്ഞ പോലെ കാണുന്നു , എനിക്ക് മടുപ്പും വേദനയും തോന്നിതുടങ്ങി, ഞാൻ പോകുന്നു

ഭർത്താവിനു തന്നോടുള്ളതാൽപര്യത്തിൽ കുറവുണ്ടോ എന്ന്സംശയിച്ച അവൾ അയാള്ഓഫീസ് വിട്ടു വരുന്നതിനു മുൻപ്ഒരു കുറുപ്പെഴുതി കട്ടിലിൽ ഇട്ടു, എന്നിട്ട് കട്ടിലിനു താഴെഒളിച്ചുകിടന്നു.കുറിപ്പ് ഇപ്രകാരാമായിരുന്നു, “ഞാൻപോവുകയാണ് , നിങ്ങള്ക്ക് എന്നോട്താല്പര്യം കുറഞ്ഞ പോലെകാണുന്നു , എനിക്ക് മടുപ്പുംവേദനയും തോന്നിതുടങ്ങി , ഞാൻപോകുന്നു , ഇനി എന്നെ തിരക്കിവരരുത് ,”

ജോലി കഴിഞ്ഞെത്തിയ ഭർത്താവ്ഈ കുറിപ്പ് കണ്ടു വായിച്ചു അതിൽവേറെ എന്തോ എഴുതിഅവിടെ തന്നെ ഇട്ടു ,എന്നിട്ട് ഫോണ് എടുത്തു ആരോടോഉച്ചത്തിൽ ഇങ്ങിനെസംസാരിച്ചു തുടങ്ങി ”” നമ്മൾ വിചാരിച്ച പോലെമാരണം ഒഴിഞ്ഞു കിട്ടി , അവൾപോയി, അവളും ഞാനുംഒരിക്കലും ചേരില്ല എന്ന് ഞാൻപലപ്പോഴും കരുതിയിരുന്നു , ഇനിനമ്മൾക്ക് ആഘോഷിക്കാം ,ഞാനിതാ എത്തി ”.അതും പറഞ്ഞു അയാൾ വേഗംപുറത്തേക്കു പോയി …

തകർന്നു പോയ അവൾ ,കണ്ണീർ വാർത്ത്,ലോകാവസാനം നേരിൽ കണ്ടു ആകട്ടിലിൽ ഇരുന്നു , അപ്പോൾ അയാൾഎഴുതിയ കുറിപ്പ് അവളുടെകണ്ണിൽ പെട്ടു ,അതിൽ ഇപ്രകാരം ആയിരുന്നുഎഴുതിയിരുന്നത് ” പൊട്ടിപെണ്ണേ നിന്റെ കാല്കട്ടിലിനു വെളിയിൽകാണുന്നുണ്ട്, ഞാൻ കടയിൽ പോയിപാല് വാങ്ങിച്ചു ഉടനെ വരാം .നീ ചായക്ക് വെള്ളംവെയ്ക്ക്.